city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലീഗ് നിര്‍ദ്ദേശിച്ച റോഡ് വികസനങ്ങള്‍ക്ക് ലീഗ് നേതാവായ മരാമത്ത് ചെയര്‍മാന്റെ ഉടക്ക്

ലീഗ് നിര്‍ദ്ദേശിച്ച റോഡ് വികസനങ്ങള്‍ക്ക് ലീഗ് നേതാവായ മരാമത്ത് ചെയര്‍മാന്റെ ഉടക്ക്
കാഞ്ഞങ്ങാട്: മുസ്ലിംലീഗ് വാര്‍ഡ് കമ്മിറ്റികള്‍ നിര്‍ദ്ദേശിച്ച റോഡുകളുടെ വികസന പ്രവര്‍ത്തനത്തിന് ലീഗ് നേതാവും മരാമത്ത് സ്ഥിരം സമിതി ചെയര്‍മാനുമായ ടി.അബൂബക്കര്‍ ഹാജി ഉടക്കുവെച്ചത് നഗരസഭ ലീഗില്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തി.  കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തായ ടി.അബൂബക്കര്‍ ഹാജിക്ക് നഗരസഭയില്‍ പ്രതിപക്ഷ നേതാവ് ചമയുന്നതായാണ് യുഡിഎഫ് കൗണ്‍സിലര്‍മാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പരാതി. പല വികസന കാര്യങ്ങളും തകിടം മറിക്കുന്ന സമീപനം അബൂബക്കര്‍ ഹാജി സ്വീകരിച്ചതോടെ മുന്നണി നേതൃത്വത്തിന് അദ്ദേഹം തലവേദനയായി മാറുകയാണ്.

പല നഗരസഭ കൗണ്‍സില്‍ യോഗത്തിലും അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ യുഡിഎഫിന് എതിരായി തുടങ്ങി.  കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്റെയും മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കോണ്‍ഗ്രസിലെ ടി.വി.ഷൈലജയുടെയും വാര്‍ഡില്‍പെട്ട രണ്ട് റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ചക്കെടുത്തപ്പോള്‍ അതിനെ എതിര്‍ത്തവരുടെ മുമ്പില്‍ അബൂബക്കര്‍ ഹാജി ആയിരുന്നു. ഈ രണ്ട് റോഡുകളുടെയും വികസനത്തിന് സമ്മര്‍ദ്ദം ചെലുത്തി അതാത് കൗണ്‍സിലര്‍മാരെ കൊണ്ട് പദ്ധതി കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത് രണ്ട്     വാര്‍ഡിന്റെയും ലീഗ് കമ്മിറ്റികളായിരുന്നു.

സിപിഎമ്മിനോടൊപ്പം അനുകൂലമായ നിലപാട് സ്വീകരിച്ചാണ് റോഡ് വികസനത്തിനെതിരെ അബൂബക്കര്‍ ഹാജി കൗണ്‍സില്‍ യോഗത്തില്‍ പ്രതികരിച്ചത്. ടി.വി.ഷൈലജയുടെ വാര്‍ഡില്‍പെട്ട കുശാല്‍നഗര്‍ റെയില്‍വെ ഗേറ്റ്-റെയില്‍വെ സ്റ്റേഷന്‍ റോഡ് 285 മീറ്റര്‍ നീളത്തില്‍ വീതികൂട്ടി താര്‍ ചെയ്യാനും ചെയര്‍പേഴ്‌സന്റെ വാര്‍ഡിലെ വടകരമുക്ക്-ബല്ലാകടപ്പുറം റോഡ് കൊയലക്കുണ്ട് റോഡുമായി ബന്ധിപ്പിക്കാനുമുള്ള അജണ്ട കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്ക് വന്നിരുന്നു. ഇതിനെ എതിര്‍ക്കാന്‍ ലീഗിന്റെ പ്രതിനിധിയും യുഡിഎഫിന്റെ ഭാഗവുമായ അബൂബക്കര്‍ ഹാജി രംഗത്തുവരികയായിരുന്നു. സിപിഎമ്മിന്റെയും അബൂബക്കര്‍ ഹാജിയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഈ രണ്ട് വിഷയങ്ങളും അംഗീകരിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. വിഷയം മാറ്റിവെക്കേണ്ടിവന്നു. മരാമത്ത് വികസന കാര്യങ്ങള്‍ താനറിയാതെ നടക്കരുതെന്ന നിലപാടാണത്രെ അബൂബക്കര്‍ ഹാജി സ്വീകരിച്ചുവരുന്നത്.

എല്ലാ വിഷയവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ അറിയണമെന്ന വാശിയാണ് അദ്ദേഹത്തിനുള്ളതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തന്നെ ആരോപിക്കുന്നു. അരലക്ഷം രൂപക്ക് താഴെയുള്ള പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കാനേ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് അധികാരമുള്ളു. അതിന് മുകളില്‍ തുകയുള്ള എസ്റ്റിമേറ്റ് അംഗീകരിക്കേണ്ടത് നഗരസഭ കൗണ്‍സിലാണ്. ചെയര്‍പേഴ്‌സന്റെ വാര്‍ഡിലെ റോഡിലെ വികസനത്തിന് 3.38 ലക്ഷം രൂപയുടെയും ടി.വി.ഷൈലജയുടെ വാര്‍ഡിലെ റോഡ് അഭിവൃദ്ധിക്ക് 3.92 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. ടി.അബൂബക്കര്‍ ഹാജി ചെയര്‍മാനായ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിര്‍ജീവമാണ്. സമീപനത്തിലെ വൈരുദ്ധ്യം മൂലം എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദേ്യാഗസ്ഥരോ ജീവനക്കാരോ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതായിട്ട് അഞ്ചുമാസം കഴിഞ്ഞു. സിഡ്‌കോയില്‍ നിന്നുള്ള ബള്‍ബ് ഇടപാടുമായി ബന്ധപ്പെട്ട് നഗരസഭ എഞ്ചിനീയര്‍ അനിലിനെതിരെ അബൂബക്കര്‍ ഹാജി കൊമ്പുകോര്‍ത്തത് നേരത്തെ വിവാദമായതാണ്.
യുഡിഎഫിന് തലവേദന സൃഷ്ടിക്കുന്ന പല കടുത്ത നിലപാടുകളും ഇതിന് മുമ്പ് അബൂബക്കര്‍ ഹാജി സ്വീകരിച്ചിട്ടുണ്ട്.

1998 ല്‍ ചെയര്‍മാനായിരുന്ന കോണ്‍ഗ്രസിലെ വി.ഗോപിക്കും വൈസ് ചെയര്‍മാനായിരുന്ന മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുകൂടിയായിരുന്ന പി.വി.അബ്ദുറഹിമാന്‍ ഹാജിക്കുമെതിരെ സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ അതിനെ അനുകൂലിച്ച് യുഡിഎഫിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ അബൂബക്കര്‍ ഹാജി സസ്‌പെന്‍ഷനിലായിരുന്നു. അബൂബക്കര്‍ ഹാജിയുടെ ഇപ്പോഴത്തെ നിലപാടിനെതിരെ പാര്‍ട്ടി സംസ്ഥാന-ജില്ലാ നേതൃത്വത്തിന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ലീഗ് കൗണ്‍സിലര്‍മാരില്‍ പലരും. രണ്ടര വര്‍ഷകാലാവധിയിലാണ് അബൂബക്കര്‍ ഹാജിയെ പാര്‍ട്ടി നേതൃത്വം മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി നിശ്ചയിച്ചിട്ടുള്ളത്. തുടര്‍ന്ന് അസൈനാര്‍ കല്ലൂരാവിയെ ചെയര്‍മാനാക്കാനാണ് ധാരണ.

Keywords: Muslim-league, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia