സ്വയം തൊഴില്‍ പരിശീലന പദ്ധതി; ലക്ഷങ്ങള്‍ പാഴാകുന്നു
Dec 15, 2011, 15:40 IST
കാഞ്ഞങ്ങാട്: ദാരിദ്ര്യരേഖക്ക് താഴെയുള്ള പെണ്‍കുട്ടികളെ സ്വയം തൊഴിലിന് പ്രാപ്തരാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ചിലവഴിക്കുന്ന ലക്ഷങ്ങള്‍ ഫലം കാണാതെ പോകുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളുടെ പുനരുദ്ധാരണത്തിന് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്ന ലക്ഷങ്ങളാണ് പാഴായിപോകുന്നത്. കൗമാരക്കാരികളുടെ ശാക്തീകരണത്തിന് വേണ്ടി നല്‍കുന്ന പരിശീലന പദ്ധതികള്‍ ജില്ലയില്‍ മിക്കയിടത്തും പ്രഹസനമാകുന്നതായി പരാതി ഉയര്‍ന്നു. രാജീവ്ഗാന്ധി എംപവര്‍ ഫോര്‍ അഡോള്‍ സെന്റ് ഗേള്‍സ് പദ്ധതിപ്രകാരം, സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ മുറിഞ്ഞ ദാരിദ്ര്യരേഖക്ക് താഴെയുള്ള പെണ്‍കുട്ടികളെ സ്വയം തൊഴിലിന് പ്രാപ്തരാക്കാന്‍ വേണ്ടി ചിലവഴിക്കുന്ന ലക്ഷങ്ങളാണ് ഫലം കാണാതെ പോകുന്നത്. 'സബ്‌ല' എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി കാസര്‍കോട് ജില്ലയില്‍ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സംയോജന ശിശു വികസന കേന്ദ്രമാണ് നടപ്പില്‍വരുത്തുന്നത്. ഇത്തരത്തിലുള്ള 12 ഐസിഡിഎസുകളുടെ കീഴിലാണ് പരിശീലനം നടക്കുന്നത്.
ഓരോ കേന്ദ്രത്തിന്റെ കീഴിലും 20 പെണ്‍കുട്ടികള്‍ക്ക് വീതം പരിശീലനം നല്‍കാനുള്ള ചുമതല ഏറ്റെടുത്തത് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന 'സ്റ്റഡ്' എന്ന പരിശീലന സ്ഥാപനമാണ്. ഓരോ ഐസിഡിഎസിന്റേയും കീഴിലുള്ള നൂറില്‍പരം അംഗന്‍വാടികള്‍ വഴിയാണ് പെണ്‍കുട്ടികളെ കണ്ടെത്തുന്നത്. കൗമാരക്കാരായ 20 പെണ്‍കുട്ടികളാണ് ഒരു പരിശീലന കേന്ദ്രത്തില്‍ എത്തുക. ഇവര്‍ക്ക് ഓരോ പെണ്‍കുട്ടിക്കും 1500 രൂപ വീതം മാസം 30,000 രൂപയാണ് ഓരോ സെന്ററും ചിലവഴിക്കുന്നത്. 12 ഐസിഡിഎസുകള്‍ വഴി മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ ഈ ഇനത്തില്‍ ചിലഴവിക്കുന്നുണ്ട്.
പെണ്‍കുട്ടികളെ സ്വയം പ്രാപ്തരാക്കാനും ജോലി സാധ്യത ഉറപ്പുവരുത്താനും ബ്യൂട്ടിഷന്‍,കമ്പ്യൂട്ടര്‍ ഡി ടി പി തുടങ്ങിയ വ്യത്യസ്ഥ കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്. കഴിഞ്ഞ 12 മുതലാണ് കാഞ്ഞങ്ങാട്ടെ സെന്ററില്‍ ക്ലാസുകള്‍ ആരംഭിച്ചത്. രാവിലെ മുതല്‍ വൈകിട്ട് വരെ നല്‍കേണ്ട പാഠ്യ പദ്ധതിയാണ് രൂപ കല്‍പ്പന ചെയ്തിട്ടുള്ളതെങ്കിലും പരിശീലന ക്ലാസുകള്‍ മിക്കപ്പോഴും ഒന്നോ രണ്ടോ മണിക്കൂര്‍ ഒതുക്കി പ്രഹസനമാക്കുന്നതായാണ് പരാതി.
Keywords: Self employment plan, Kanhangad, kasaragod,