കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പ്: ഐ നേതാവിനെ എ വിഭാഗം ബന്ദിയാക്കി
Jan 18, 2012, 16:17 IST
കാഞ്ഞങ്ങാട്: സംഘടനാ തിരഞ്ഞെടുപ്പിനെ ചൊല്ലി ചൊവ്വാഴ്ച കെ എസ് യുവിലെ എ- ഐ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുന്നുവെന്നാരോപിച്ച് ഐ വിഭാഗം കെ എസ് യു നേതാവിനെ എ ഗ്രൂപ്പ് കെ എസ് യു പ്രവര്‍ത്തകര്‍ ഒരു മണിക്കൂര്‍ നേരത്തോളം ബന്ദിയാക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ പുല്ലൂര്‍ ഗവ. യു പി സ്കൂളിന് സമീപത്തുള്ള ഉദുമ ഐ ടി ഐ സ്ഥാപനത്തിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ഉദുമ ഐ ടി ഐയില്‍ നിലവില്‍ കെ എസ് യുവിന് യൂണിറ്റൊന്നുമില്ല. ഈ സാഹചര്യത്തി ല്‍ കെ എസ് യുവിലെ ഐ വിഭാഗം നേതാവായ പുല്ലൂര്‍ തട്ടുമ്മലിലെ രാജേഷ് ഉദുമ ഐ ടി ഐയില്‍ യൂണിറ്റ് രൂപീകരിക്കാന്‍ ശ്രമിച്ചതാണ് എ വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഐ ഗ്രൂപ്പില്‍പ്പെട്ട കെ എസ് യു പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രാജേഷ് യൂണിറ്റ് രൂപീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്തു. കെ എസ് യു ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഐ വിഭാഗത്തിന്റെ അംഗ സംഖ്യ വര്‍ദ്ധിപ്പിച്ച് പ്രസിഡണ്ട് സ്ഥാ നം പിടിച്ചടക്കാന്‍ വേണ്ടിയാണ് രാജേഷ് ഉദുമ ഐ ടി ഐയില്‍ യൂണിറ്റ് രൂപീകരിക്കാന്‍ ശ്രമിച്ചതെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.
ഉദുമ ഐ ടി ഐയില്‍ കെ എസ് യുവിന് യൂണിറ്റുണ്ടെന്ന് ഐ ടി ഐ അധികൃതരില്‍ നിന്ന് രാജേഷ് എഴുതി വാങ്ങാന്‍ ശ്രമിച്ചതും പ്രശ്നങ്ങള്‍ക്ക് കാരണമായി. കെ എസ് യുവിന് യൂണിറ്റില്ലെന്ന് ഐ ടി ഐ അധികൃതര്‍ വ്യക്തമാക്കിയതോടെ രാജേഷിന്റെ നേതൃത്വത്തിലുള്ള ഐ വിഭാഗം ഓഫീസിനകത്തെ ഫയലുകളും കസേരകളും വലിച്ചെറിഞ്ഞതോടെ എ ഗ്രൂപ്പ് കെ എസ് യു പ്രവര്‍ത്തകരും മറ്റ് വിദ്യാര്‍ത്ഥികളും ഇത്തരമൊരു നടപടിയെ എതിര്‍ക്കുകയും തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു.
ഇതിനിടെ എ ഗ്രൂപ്പ് കെ എസ് യു പ്രവര്‍ത്തകര്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ രാജേഷിനെ ഓഫീസിനകത്ത് ഒരു മണിക്കൂര്‍ നേരത്തോളം തടഞ്ഞ് വെച്ചു. വിവരമറിഞ്ഞ് അമ്പലത്തറ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി രാജേഷിനെ മോചിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കെ എസ് യുവില്‍ പോര് രൂക്ഷമായിരിക്കുകയാണ്. കെ എസ് യുവില്‍ ആധിപത്യമുറപ്പിക്കാന്‍ ഇരു ഗ്രൂപ്പുകളും കച്ചമുറുക്കിയിരിക്കുകയാണ്. നിലവില്‍ ജില്ലാ നേതൃത്വം എ ഗ്രൂപ്പിന്റെ പിടിയിലാണ്. ഇത്തവണ അത് തിരിച്ചു പിടിക്കാനുള്ള കരുനീക്കങ്ങളാണ് ഐ ഗ്രൂപ്പ് നടത്തി വരുന്നത്. ഇതിന് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിലെ നേതാക്കളുടെ പിന്തുണയുണ്ട്.
Keywords: KSU, election, ITI, Udma, Kanhangad, Kasaragod







