ഓടികൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചു
May 22, 2012, 15:57 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് ചൊവ്വാഴ്ച രാവിലെ തീ പിടിച്ചു. പയ്യന്നൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ടിപി 704 കെഎസ്ആര്‍ടിസി ബസിനാണ് തീപിടിച്ചത്.
10.30 മണിയോടെ കാഞ്ഞങ്ങാട് എല്‍വി ടെമ്പിളിന് സമീപം മഞ്ചുനാഥ പെട്രോള്‍ പമ്പിനടുത്ത് എത്തിയ കെഎസ്ആര്‍ടിസി ബസിന്റെ പിറകിലെ ടയര്‍ കത്തുന്നത് ഒരു ബൈക്ക് യാത്രക്കാരന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.
ബസിനു പിറകെ ഓടിച്ചുവരികയായിരുന്ന ബൈക്കിലുണ്ടായിരുന്ന ആള്‍ ഉടന്‍ തന്നെ ബസിന് മുന്നില്‍ ബൈക്ക് കുറുകെയിട്ട് തീപിടുത്തം ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് യാത്രക്കാര്‍ പരിഭ്രാന്തിയോടെ ബസ്സില്‍ നിന്ന് ഇറങ്ങിയോടി.
ബസ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഫയര്‍ സ്റേഷനില്‍ നിന്നും ജോണ്‍ പീറ്റര്‍, ശ്രീധരന്‍, സണ്ണി, ടി. ദാമോദരന്‍, ഹരിരാജ്, ഹോംഗാര്‍ഡുമാരായ രമേശന്‍, ശിവദാസ്, ഡ്രൈവര്‍ ശശി എന്നിവരെത്തിയാണ് കെഎസ്ആര്‍ടിസി ബസിലെ തീ അണച്ചത്.
ബസ് പടന്നക്കാട് വിട്ടപ്പോള്‍തന്നെ യാത്രക്കാര്‍ക്ക് ചൂട് അനുഭവപ്പെട്ടിരുന്നു. ബസിന്റെ ബ്രേയ്ക്ക് ലൈനറിലൂടെയാണ് ടയറിലേക്ക് തീ പടര്‍ന്നത്. തീ പെട്രോള്‍ പമ്പിലേക്ക് പടര്‍ന്നുപോയിരുന്നെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു.ബൈക്ക് യാത്രക്കാരന്റെ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ ബസിനകത്തേക്കും തീ പടരുമായിരുന്നു.
Keywords: KSRTC bus, Fire, Kanhangad