പുത്തൂര്‍ വ്യവസായിയെയും യുവാവിനെയും തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി
Jan 16, 2012, 16:40 IST
പോലീസ് മോചിപ്പിച്ച പുത്തൂര്‍ വ്യവസായി ജോളിയും ഡ്രൈവര്‍ മുഹമ്മദ് ശരീഫും, ക്രിമിനല്‍ സംഘം തട്ടിയെടുത്ത വാഹനവും |
കാഞ്ഞങ്ങാട്: പുത്തൂര്‍ വ്യവസായിയായ യുവാവിനെയും ഡ്രൈവറെയും ലക്ഷ്മി നഗര്‍ സ്വദേശിയെയും കാഞ്ഞങ്ങാട്ടെ ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ജീവനും മരണത്തിനുമിടയില്‍ ഭീതിയോടെ രണ്ടുനാള്‍ കഴിച്ചുകൂട്ടിയ ഇവരെ പോലീസ് തിങ്കളാഴ്ച ഉച്ചയോടെ മോചിപ്പിച്ചു. പുത്തൂര്‍ കടവയിലെ തേങ്ങാ ഫാക്ടറി ഉടമ കൂടിയായ യുവ വ്യവസായിയും മാത്യുവിന്റെ മനകനുമായ ജോളി (27), ജോളി സഞ്ചരിച്ച കെ എ 21 എം 8252 ബൊളോറയുടെ ഡ്രൈവര്‍ പുത്തൂര്‍ കടവ സ്വദേശി മുഹമ്മദ് ശരീഫ്, ജോളിയുടെ സുഹൃത്ത് ലക്ഷ്മി നഗറിലെ ഉബൈസ് എന്നിവരാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്.
സംഭവത്തെ കുറിച്ച് ജോളി പറയുന്നത് ഇങ്ങിനെ. ശനിയാഴ്ച വൈകിട്ട് സുഹൃത്ത് ലക്ഷ്മി നഗറിലെ ഉനൈസിനെ കാണാന്‍ കാഞ്ഞങ്ങാട്ടെത്തിയിരുന്നു. തന്റെ വണ്ടിയോടിച്ചിരുന്നത് മുഹമ്മദ് ശരീഫാണ്. ഉനൈസിനെ കണ്ടതിന് ശേഷം രാത്രിയോടെ നാട്ടിലേക്ക് യാത്ര തിരിച്ചപ്പോള്‍ വഴിമാറിപ്പോയി. പടന്നക്കാട്, ഒഴിഞ്ഞവളപ്പ്, കല്ലൂരാവി വഴിയാണ് യാത്ര ചെയ്തിരുന്നത്. രാത്രി 11 മണിയോടെ റോഡിലൂടെ കടന്ന് പോകുമ്പോള്‍ രണ്ട് ചെറുപ്പക്കാര്‍ വണ്ടി തടയുകയും തന്നെയും ഡ്രൈവറെയും പുറത്തിറക്കുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ ഈ ചെറുപ്പക്കാര്‍ പലരെയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അഞ്ചോളം പേര്‍ പല സ്ഥലത്ത് നിന്നായി എത്തുകയും തന്നെയും ഡ്രൈവറെയും അക്രമിക്കാന്‍ മുതിരുകയും ചെയ്തു. ഇതിനിടയില്‍ സംഘം മൊബൈല്‍ ഫോണുകളും പേഴ്‌സും പണവും എ ടി എം കാര്‍ഡുമൊക്കെ കൈക്കലാക്കി.
അതിന് ശേഷം തങ്ങളെ ബൊളോറയില്‍ കയറ്റി ബന്ദിയാക്കിയതിന് ശേഷം ഇതേ വാഹനത്തില്‍ പലയിടത്തും കറക്കുകയായിരുന്നു. ഇതിനിടയില്‍ എ ടി എം കാര്‍ഡ് കൈക്കലാക്കിയ രണ്ടുപേര്‍ മറ്റൊരിടത്ത് നിന്ന് മോട്ടോര്‍ ബൈക്ക് സംഘടിപ്പിച്ച് നീലേശ്വരത്തേക്ക് പോയി എ ടി എം സെന്ററില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് നടക്കാതെ പോയി. കുപിതരായി തിരിച്ചെത്തിയ ഇവര്‍ ജോളിയെയും ഡ്രൈവറെയും നന്നായി അടിച്ച് പരിക്കേല്‍പ്പിച്ചു. ഇതിനിടയില്‍ സംഘം നിര്‍ബന്ധിച്ച് ജോളിയെയും ഡ്രൈവറേയയും ബൊളോറയില്‍ കൂട്ടി നീലേശ്വരത്തേക്ക് പോകുകയും നിര്‍ബന്ധിപ്പിച്ച് എ ടി എം സെന്ററില്‍ നിന്ന് 9,500 രൂപ പിന്‍വലിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ ലക്ഷ്മി നഗറിലെ ഉനൈസിനെയും സംഘം തന്ത്രപൂര്‍വ്വം സംഘം ഇതേ വാഹനത്തില്‍ ബന്ദിയാക്കി.
ജോളിയുടെ കൈയ്യിലുണ്ടായിരുന്ന ബ്ലാങ്ക് ചെക്കുപയോഗിച്ച് പണം പിന്‍വലിക്കാനുള്ള ക്രിമിനല്‍ സംഘത്തിന്റെ ശ്രമം പരാജയപ്പെട്ടു. മൂന്ന് ലക്ഷം രൂപ നല്‍കാതെ മോചിപ്പിക്കില്ലെന്ന് ശാഠ്യം പിടിച്ച സംഘം ജോളിയെയും മറ്റു രണ്ടുപേരെയും ഞായറാഴ്ച രാവിലെ അലാമിപ്പള്ളിയിലെ ലാന്റ് മാര്‍ക്കില്‍ മുറിയെടുത്ത് പൂട്ടിയിട്ടു. ഇന്നലെ രാവും പകലും സംഘം മുറിക്കകത്ത് കാവലുണ്ടായിരുന്നു. ഭക്ഷണം പോലും കൃത്യമായി നല്‍കാതെ സംഘം ജോളിയെയും സുഹൃത്തുക്കളെയും പട്ടിണിക്കിടുകയായിരുന്നു. ബാഹ്യ ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയില്‍ മുറിയില്‍ കഴിഞ്ഞ ജോളിയെയും സുഹൃത്തുക്കളെയും ഞായറാഴ്ച രാവിലെ മുറിയില്‍ നിന്ന് കൂട്ടി ബൊളോറയില്‍ കയറ്റിപ്പുറപ്പെടുന്നതിനിടയിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് വാഹനം പിടികൂടി ജോളിയെയും രണ്ടുപേരെയും മോചിപ്പിക്കുകയായിരുന്നു. നാട്ടിലെത്തിച്ചാല്‍ പണം നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് മുറി ഒഴിവാക്കി ജോളിയെയും ഡ്രൈവറെയും സുഹൃത്തിനെയും കൂട്ടി സംഘം പുത്തൂരിലേക്ക് യാത്രതിരിച്ചതാണ്.
എല്ലാ ഓപ്പറേഷനും നന്നായി പര്യവസാനിച്ചു എന്ന് കരുതിയ ക്രിമിനല്‍ സംഘം ജോളിക്ക് തന്റെ മൊബൈല്‍ ഫോണ്‍ തിരിച്ച് നല്‍കിയിരുന്നു. ഈ ഫോണിലൂടെ അപ്പോള്‍ തന്നെ ആരുമറിയാതെ വീട്ടില്‍ അച്ഛനും നാട്ടിലെ സുഹൃത്തുക്കള്‍ക്കും തങ്ങള്‍ ബന്ദികളാണെന്ന സന്ദേശം കൈമാറിയതോടെ സംഭവം അതിരഹസ്യമായി ഹൊസ്ദുര്‍ഗ് പോലീസിന്റെ ചെവിയിലെത്തി. അഡീഷണല്‍ എസ് ഐ സു രേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിടികൂടിയത്. രണ്ടുപേര്‍ വണ്ടിയിലുണ്ടായിരുന്നു. ഇവരില്‍ ഒരാള്‍ രക്ഷപ്പെട്ടു. വണ്ടിയോടിച്ചിരുന്ന കല്ലൂരാവിയിലെ നൗഫല്‍ പോലീസ് വലയിലാണ്. യുവാക്കളെ രണ്ട് ദിവസം ബന്ദിയാക്കിയ ഏഴംഗ സംഘത്തെ കുറിച്ചുള്ള വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
Keywords: Kidnap, Merchant, Kasaragod, Kanhangad, Puthur