city-gold-ad-for-blogger

കര്‍ണാടക അരി വരവ് കുറഞ്ഞു; കേരളത്തില്‍ അരിവില കൂടും

കര്‍ണാടക അരി വരവ് കുറഞ്ഞു; കേരളത്തില്‍ അരിവില കൂടും
കാഞ്ഞങ്ങാട്: കര്‍ണ്ണാടക അരിയുടെ വരവ് കുറഞ്ഞത് കേരളത്തില്‍ അരി വില കുതിച്ചുയരാന്‍ കാരണമാകും. നെല്ല് സംഭരണവില വര്‍ധിപ്പിച്ച കര്‍ണ്ണാടക സര്‍ക്കാര്‍ കയറ്റുമതി നിയന്ത്രണം എടുത്തുകളഞ്ഞതും അരി വില വര്‍ധിക്കാന്‍ കാരണമാണ്.

ആന്ധ്രയില്‍നിന്നുള്ള അരിക്ക് ഒരുമാസം മുമ്പ് വില കൂടിയിരുന്നു. കര്‍ണ്ണാടകയില്‍നിന്നാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് പലതരത്തിലുള്ള അരി വില്‍പനയ്‌ക്കെത്തുന്നത്. അരിക്ക് ക്വിന്റലിന് 200 ഓളം രൂപയുടെ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജ്യോതിക്ക് കിലോയ്ക്ക് രണ്ട് രൂപ കൂടി വര്‍ധിച്ചു. ഒരു മാസം മുമ്പ് ജ്യോതി അരിക്ക് കിലോയ്ക്ക് 20 മുതല്‍ 23 രൂപവരെയായിരുന്നു വില. ഇപ്പോള്‍ 23 മുതല്‍ 28 രൂപവരെയായി ഉയര്‍ന്നു.

മട്ടക്ക് ഇപ്പോള്‍ വില 21 മുതല്‍ 26 രൂപവരെയാണ്. ഒരുമാസം മുമ്പ് ഈ അരിക്ക് 19.50 മുതല്‍ 22.50 വരെയായിരുന്നു വില. കുറുവയ്ക്ക് 21 മുതല്‍ 25 വരെ വില കൂടി. 23മുതല്‍ 24 വരെ വിലയുണ്ടായിരുന്ന ജയ അരിക്ക് ഒറ്റയടിക്ക് 26 രൂപയാണ് വില വര്‍ധിച്ചത്. മൂന്നാഴ്ചക്കുള്ളിലാണ് അരി വില കുതിച്ചുകയറുന്നത്.

രണ്ടാഴ്ചയായി കേരളത്തിലേക്കുള്ള അരിയുടെ അളവില്‍ കുറവ് വരുത്തിയിരുന്ന മൈസൂര്‍ മില്ലുകാര്‍ കഴിഞ്ഞ വെള്ളിയാഴ്ചമുതല്‍ ഒരു ലോഡ്‌പോലും അയക്കുന്നില്ല. നെല്ല് വില കൂടിയതിനുപുറമെ വൈദ്യുതി നിയന്ത്രണംമൂലം ഉല്‍പാദനം കുറയ്‌ക്കേണ്ടിവന്നതും കര്‍ണ്ണാടക അരിയുടെ ദൗര്‍ലഭ്യത്തിന് ആക്കം കൂട്ടി്.

മില്ല് പ്രവര്‍ത്തിപ്പിക്കാന്‍ എട്ടു മണിക്കൂര്‍ മാത്രമാണ് അനുമതിയെന്നും വൈദ്യുതി ചാര്‍ജ് ഭീമമായി വര്‍ധിച്ചിട്ടുണ്ടെന്നുമാണ് മില്ലുടമകള്‍ പറയുന്നത്. നെല്ലുല്‍പാദനത്തില്‍ 40 ശതമാനത്തിന്റെ കുറവാണ് കര്‍ണ്ണാടകയില്‍ ഉണ്ടായിരിക്കുന്നത്.
സര്‍ക്കാര്‍ നെല്ല് സംഭരണം ശക്തിപ്പെടുത്തിയതിനാല്‍ സ്വകാര്യ മില്ലുടമകള്‍ക്ക് നെല്ല് ലഭിക്കാത്ത സ്ഥിതിയുമുണ്ട്. കേരളത്തിലെ പല വന്‍കിട മില്ലുടമകള്‍ക്കും ഇത്തവണ നെല്ല് ലഭിച്ചിട്ടില്ലാത്തതിനാല്‍ തങ്ങളുടെ ബ്രാന്റ് വിപണിയില്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി.

കര്‍ണ്ണാടകയില്‍ നിന്നുള്ള അരി വരവ് കുറഞ്ഞതിനെ തുടര്‍ന്ന് ആന്ധ്ര മില്ലുകാര്‍ തിങ്കളാഴ്ച മുതല്‍ വില കൂട്ടിതുടങ്ങിയിരിക്കുന്നു. ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയുംമൂലം വിഷമിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അരികളുടെ വന്‍തോതിലുള്ള വിലക്കയറ്റം കടുത്ത ദുരിതം വിതയ്ക്കും. പ്രതിസന്ധി ഇത്രയേറെ രൂക്ഷമായിട്ടും വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Keywords:  Rice, Price, Kerala, Kanhangad

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia