കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണം അനിശ്ചിതത്വത്തില്‍
Jul 9, 2012, 18:12 IST
മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡിന് കണ്ടെത്തിയ സ്ഥലത്ത് പണിത കെട്ടിടം. ഈ കെട്ടിടത്തിനാണ് നഗരസഭ പെര്‍മിറ്റ് നല്‍കിയത്. |
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ ജനങ്ങളുടെ സ്വപ്നമായി മാറിയ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നഷ്ടമാകുന്നു. നിയമക്കുരുക്കില്‍ കുടുങ്ങിയ മേല്‍പ്പാല സ്ഥല അക്വിസേഷന്‍ നടപടികളെ ആകെ തകിടം മറിച്ച് നഗരസഭ കരണം മറിച്ചില്‍ നടത്തിയതോടെ മേല്‍പ്പാലം നിര്‍മ്മാണ നടപടികള്‍ പൂര്‍ണമായും അനിശ്ചിതത്വത്തിലാവുകയായിരുന്നു. മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് കണ്ടെത്തിയ സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിന് നഗരസഭ അനുമതി നല്‍കിയതോടെ മേല്‍പ്പാലം 'നൂല്പ്പാലത്തിലായത്'.
കോട്ടച്ചേരിയില്‍ ആദ്യം ഇപ്പോള്‍ നെക്സ്റ്റ് ഇലക്ട്രോണിക്സ് കെട്ടിടം പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നിന്ന് റെയില്‍വെ മേല്‍പ്പാലത്തിന് അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്താന്‍ ആലോചന ഉണ്ടായിരുന്നു. എന്നാല്‍ നെക്സ്റ്റ് ബില്‍ഡിങ്ങിന് പിറകില്‍ ആരാധനാലയം സ്ഥിതി ചെയ്യുന്നതിനാലും ബഹുനില കെട്ടിടമായ നെക്സ്റ്റ് പൊളിച്ചുമാറ്റുമ്പോള്‍ ഉടമക്ക് നല്കേണ്ടിവരുന്ന ഭാരിച്ച നഷ്ടപരിഹാരവും കണക്കിലെടുത്ത് നെക്സ്റ്റ് കെട്ടിടത്തിന് തൊട്ടടുത്ത ആസ്ക കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് അപ്രോച്ച് റോഡ് ആരംഭിക്കാനായിരുന്നു തീരുമാനം.
ഇവിടുത്തെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും അക്വയര്‍ ചെയ്തെടുക്കേണ്ടുന്ന സ്ഥലം കണ്ടെത്തുകയും അലൈന്മെന്റ് പൂര്‍ത്തിയാക്കുകയും റെയില്‍വെ അടക്കമുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ സ്ഥലമെടുപ്പിനുള്ള പ്രാരംഭ നടപടികള്‍ വേഗത്തില്‍ ആരംഭിച്ചുവെങ്കിലും സ്ഥലമെടുപ്പിനെതിരെ ഏതാനും ചിലര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ മേല്‍പ്പാല നിര്‍മ്മാണ നീക്കങ്ങള്‍ നിയമക്കുടുക്കിലാവുകയായിരുന്നു.
ഹൈക്കോടതി സ്ഥലമെടുപ്പ് സ്റ്റേ ചെയ്തിട്ട് വര്‍ഷം ഒന്നരയെങ്കിലും കഴിഞ്ഞു. സ്റ്റേ നീക്കി കിട്ടാന്‍ ആര്ബിഡിസിയോ കാഞ്ഞങ്ങാട് നഗരസഭയോ വേണ്ടത്ര താല്പര്യം കാണിച്ചില്ല. അവര്‍ ഏര്‍പ്പെടുത്തിയ അഭിഭാഷകര്‍ സ്റ്റേ നീക്കി കിട്ടാനുള്ള കാര്യമായ ശ്രമങ്ങളൊന്നും നടത്താത്തത് ദുരൂഹതകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ചില വമ്പന്‍ സ്രാവുകളുടെ താല്പര്യ സംരക്ഷണത്തിലാണ് ഇതെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലാണ് അതിരഹസ്യമായി അപ്രോച്ച് റോഡിന് കണ്ടെത്തിയ സ്ഥലത്തെ ആസ്ക കെട്ടിടത്തിന് അഡ്വ. എന്‍ എ ഖാലിദ് ചെയര്‍മാനായിരിക്കെ നഗരസഭ ലൈസന്‍സ് നല്കി നമ്പറിട്ടത്.
2010 ഏപ്രില്‍ 1 നാണ് കെട്ടിടത്തിന് നഗരസഭ അനുമതി നല്‍കിയത്. ഒരു ഭാഗത്ത് മേല്‍പ്പാലത്തിന് വേണ്ടി നിയമനടപടികളില്‍ നഗരസഭ മുഴുകിയപ്പോള്‍ മറുഭാഗത്ത് മേല്‍പ്പാല നിര്‍മ്മാണത്തിന് തടസം നില്ക്കുന്ന കെട്ടിടത്തിന് ലൈസന്‍സ് നല്‍കാനും നഗരസഭ തയ്യാറായി. നഗരസഭയുടെ ഈ ഇരട്ടമുഖവും റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനില്‍ ചിലര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളുമാണ് മേല്‍പ്പാല നിര്‍മ്മാണത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ മേല്‍പ്പാലം കോട്ടച്ചേരി ടൗണിന് നഷ്ടപ്പെടുമെന്നാണ് പുതിയ സംഭവ വികാസങ്ങളും ചിലര്‍ നടത്തിവരുന്ന കരുനീക്കങ്ങളും വ്യക്തമാക്കുന്നത്.
അതിനിടെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമയോടെ രംഗത്തിറങ്ങാന്‍ നാട്ടുകാരും ഗുണഭോക്താക്കളായ തീരദേശവാസികളും തീരുമാനിച്ചു. മേല്‍പ്പാലം നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ആരംഭിക്കാനിരിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് നാട്ടുകാര്‍ ജൂലൈ 15 ന് ആവിക്കര ഫിഷറീസ് എല്‍ പി സ്കൂളില്‍ ഒത്തുചേര്‍ന്ന് സമര പ്രഖ്യാപന കണ്വെന്ഷന് സംഘടിപ്പിക്കുന്നുണ്ട്.
Keywords: Kattacheri, Over Bridge, work in trouble, Kanhangad, Kasaragod