city-gold-ad-for-blogger

കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന പുതിയ കെട്ടിടോദ്ഘാടനം 22ന്; വിവിധ പരിപാടികള്‍ അരങ്ങേറും

കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന പുതിയ കെട്ടിടോദ്ഘാടനം 22ന്; വിവിധ പരിപാടികള്‍ അരങ്ങേറും
കാഞ്ഞങ്ങാട്: അനാഥ-അഗതി സംരക്ഷണ രംഗത്തും മത-വിദ്യാഭ്യാസ സാംസ്കാരിക മേഖലയിലും നാലു പതിറ്റാണ്ടിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തന പാരമ്പര്യമുള്ള കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയുടെ പുതിയ ഹോസ്റല്‍ കെട്ടിടവും അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കും ഉദ്ഘാടനം ഏപ്രില്‍ 22ന് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 19 മുതല്‍ നാലു ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികള്‍ക്കുളള ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

250 അന്തേവാസികള്‍ക്ക് താമസ സൌകര്യമുള്ള ആധുനിക സൌകര്യങ്ങളോട് കൂടിയ ഹോസ്റല്‍ കെട്ടിടവും അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കുമാണ് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നത്. 1973ല്‍ പരിമിതമായ സൌകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച യതീംഖാന ഇന്ന് ഉത്തരകേരളത്തിലെ വൈജ്ഞാനിക മേഖലയില്‍ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ്. പ്രത്യേകമായ വനിതാ യതീംഖാന, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റല്‍ കെട്ടിടങ്ങള്‍, ഐ.ടി.ഐ, കംപ്യൂട്ടര്‍ സെന്റര്‍, അറബിക് കോളജ്, മദ്രസ, ഇസ്ളാമിക് ലൈബ്രറി, ക്ളാസിക്കല്‍ ലൈബ്രറി, അനാഥര്‍ക്കുള്ള പുനരധിവാസ പദ്ധതി, വിവാഹാവശ്യങ്ങള്‍ക്കുള്ള മംഗല്യനിധി എന്നിവ യതീംഖാനയുടെ കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

19ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് വനിതാസംഗമത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദിന്‍ വനിതാസംഗമം ഉദ്ഘാടനം ചെയ്യും.  അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമ അധ്യക്ഷയാവും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ സ്ത്രീകള്‍ക്ക് യതീംഖാന സന്ദര്‍ശിക്കാന്‍ സൌകര്യമുണ്ടാവും.

20ന് വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് സ്ത്രീ സ്വാതന്ത്യ്രം ഇസ്ലാമില്‍ എന്ന വിഷയത്തില്‍ ഇ.എം.സുലൈമാന്‍ സഅദിയും, ഒമ്പത് മണിക്ക് അനാഥസംരക്ഷണം സാമൂഹ്യ ബാധ്യത എന്ന വിഷയത്തില്‍ സിറാജുദ്ദീന്‍ ദാരിമി കക്കാടും പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് പി.എം.ഹസന്‍ഹാജി അധ്യക്ഷത വഹിക്കും. സെക്രട്ടറിമാരായ എം.ഇബ്രാഹിം, എം.കെ.റംസാന്‍ഹാജി എന്നിവര്‍ സംസാരിക്കും.

21ന് ഉച്ചതിരിഞ്ഞ് 2.30ന് കേരള പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യും. യതീംഖാന ഷാര്‍ജ കമ്മിറ്റി പ്രസിഡന്റ് പി.എം.കുഞ്ഞബ്ദുല്ലഹാജി അധ്യക്ഷനാകും. പ്രവാസി വ്യവസായികളായ പി.എ.ഇബ്രാഹിംഹാജി, യഹ്യ തളങ്കര, യതീംഖാന അബുദാബി കമ്മിറ്റി പ്രസിഡന്റ് പി.കെ.അഹമ്മദ്, വൈസ് പ്രസിഡന്റ് പി.പി.കുഞ്ഞബ്ദുല്ല എന്നിവരും വിവിധ ഗള്‍ഫ്  കമ്മിറ്റി ഭാരവാഹികളും സംസാരിക്കും.

22ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹോസ്റല്‍ കെട്ടിടവും അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കും ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനം കേരള വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. യതീംഖാന പ്രസിഡന്റ് എ.ഹമീദ്ഹാജി അധ്യക്ഷത വഹിക്കും.

പി.കരുണാകരന്‍ എംപി, എംഎല്‍എമാരായ ഇ.ചന്ദ്രശേഖരന്‍, പി.ബി.അബ്ദുള്‍റസാക്ക്, എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ ഉദുമ, കെ.കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹ്മദലി, നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, കേരള വഖ്ഫ് ബോര്‍ഡ് സെക്രട്ടറി ബി.എം.ജമാല്‍, ടി.ബി.അബ്ദുല്‍സത്താര്‍ഹാജി, മെട്രോ മുഹമ്മദ്ഹാജി, എ.എം.മുഹമ്മദ് മുബാറക് ഹാജി, എം.സി.ഖമറുദ്ദീന്‍, സി.മുഹമ്മദ്കുഞ്ഞി, സി.യൂസഫ്ഹാജി, യതീംഖാന ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്ലക്കുഞ്ഞി, ട്രഷറര്‍ സി.എച്ച്.ഇബ്രാഹിമാസ്റര്‍ എന്നിവര്‍ പ്രസംഗിക്കും.

ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും വിജയിപ്പിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കാഞ്ഞങ്ങാട്ടും സമീപ പ്രദേശങ്ങളിലുമുള്ള പതിനഞ്ചായിരത്തോളം വീടുകളില്‍ ഇതിനകം യതീംഖാനയുടെ സന്ദേശമെത്തിച്ചിട്ടുണ്ട്.

യതീംഖാനയ്ക്ക് സൌജന്യമായി സ്ഥലം നല്‍കിയ പരേതനായ കല്ലട്ര അബ്ദുല്‍ഖാദര്‍ഹാജി, സ്ഥാപക നേതാക്കളായ പരേതരായ ഡോ.എം.എ.അഹമ്മദ്, എം.ബി.മൂസഹാജി, ഉപദേഷ്ടാക്കളായിരുന്ന പരേതരായ ഖാസി പി.എ.അബ്ദുല്ലാഹ് മൌലവി, സയ്യിദ് യു.കെ.ആറ്റക്കോയ തങ്ങള്‍ എന്നിവരുടെ പേരിലാണ് വേദികളൊരുക്കുന്നത്.

യതീംഖാന പ്രസിഡന്റ് എ.ഹമീദ്ഹാജി, ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്ലക്കുഞ്ഞി, ട്രഷറര്‍ സി.എച്ച്.ഇബ്രാഹിംമാസ്റര്‍, പ്രചാരണ സമിതി കണ്‍വീനര്‍ ടി.മുഹമ്മദ് അസ്ലം, തെരുവത്ത് മൂസഹാജി, പി.പി.കുഞ്ഞബ്ദുല്ല എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Muslim yatheemkhana, Building inauguration, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia