Transformation | കാഞ്ഞങ്ങാട് നഗരസഭയുടെ മാതൃകാപരമായ പ്രവര്‍ത്തനം: മാലിന്യ കേന്ദ്രം വിശ്രമ കേന്ദ്രമാക്കി
● നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രവര്‍ത്തനം.
● മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലം മനോഹരമാക്കിയെടുത്തു.
● നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) നഗരസഭയുടെ പരിധിയിലെ ടൗണ്‍ഹാളിന് സമീപം കാലപ്പഴക്കം ചെന്നതും മാലിന്യ നിക്ഷേപ കേന്ദ്രമായി ഉപയോഗിച്ചിരുന്നതുമായ കെട്ടിടം നവീകരിച്ച് ശുചീകരണ തൊഴിലാളികള്‍ക്ക് വിശ്രമിക്കാനും അവരുടെ തൊഴിലുപകരണങ്ങള്‍ സൂക്ഷിക്കാനുമുള്ള കേന്ദ്രമാക്കി മാറ്റി. നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പ്രവര്‍ത്തനം നടത്തിയത്. കൂടാതെ, കെട്ടിടത്തിന് മുന്നിലായി കാലങ്ങളായി മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലം മനോഹരമായി സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ഈ നവീകരിച്ച കെട്ടിടത്തിന്റെയും സൗന്ദര്യവല്‍ക്കരിച്ച സ്ഥലത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ശുചീകരണ തൊഴിലാളികളുടെ വിശ്രമ കേന്ദ്രത്തിന് 'പുനര്‍ജനി' എന്ന് പേര് നല്‍കി. വൈസ് ചെയര്‍മാന്‍ ബില്‍റ്റെക് അബ്ദുള്ള നാമകരണം രേഖപ്പെടുത്തി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. സരസ്വതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ലത, കെ. അനീശന്‍, അഹമ്മദ് അലി, കെ. പ്രഭാവതി, കൗണ്‍സിലര്‍മാരായ കെ.കെ. ബാബു, സെവന്‍സ്റ്റാര്‍ അബ്ദുള്‍ റഹ്‌മാന്‍, വന്ദന ബല്‍രാജ്, കാഞ്ഞങ്ങാട് ഫയര്‍ ഓഫീസര്‍ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
നഗരസഭാ സെക്രട്ടറി എന്‍. മനോജ് സ്വാഗതവും ക്ലീന്‍ സിറ്റി മാനേജര്‍ ഷൈന്‍ പി. ജോസ് നന്ദിയും പറഞ്ഞു. പഴയ കെട്ടിടത്തിന്റെ ഫോട്ടോ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത പ്രദര്‍ശിപ്പിച്ചു.
#Kanhangad, #Kerala, #sanitationworkers, #restarea, #NavaKerala, #communitydevelopment, #localgovernment