കാഞ്ഞങ്ങാട്-കാസര്‍കോട് റോഡ് വികസനത്തിന് പച്ചക്കൊടി
Feb 17, 2012, 16:20 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെ ചന്ദ്രഗിരി റൂട്ടില്‍ കെഎസ്ടിപിയുടെ റോഡ് വികസനത്തിന് പച്ചക്കൊടിയായി. ഈ റോഡിന്റെ വികസന പദ്ധതി ലോക ബാങ്ക് തത്വത്തില്‍ അംഗീകരിച്ചു. ആറുമാസത്തിനുള്ളില്‍ റോഡ് നിര്‍മ്മാണം തുടങ്ങാനാണ് ഉദ്ദേശം. മെയ് മാസത്തോടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. റോഡിന് കൂടുതല്‍ വീതിയുണ്ടാകുമെന്നതാണ് പ്രതേ്യകത. സ്ഥലം ഏറ്റെടുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയാക്കി അതിര്‍ത്തി നിര്‍ണയിച്ചിരുന്നു. കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടില്‍ എതിര്‍പ്പുകളില്ലാതെയാണ് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയത്.
ലോകബാങ്ക് സഹായത്തോടെ കേരളത്തില്‍ 367 കിലോമീറ്റര്‍ നീളം വരുന്ന 7 റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ ഒന്നാണ് കാഞ്ഞങ്ങാട്-കാസര്‍കോട് റോഡ്. അതിനിടെ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ മുതല്‍ ഏഴാംമൈല്‍ വരെ കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് അനുവദിച്ച ഏഴര കോടിയോളം രൂപ ചിലവഴിച്ച് മെക്കാഡം താറിംഗ് പുരോഗമിച്ചുവരുന്നു. ഈയാഴ്ചയോടുകൂടി കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ വരെയുള്ള റോഡിന്റെ മെക്കാഡം താറിംഗ് പൂര്‍ത്തിയാകും. വെള്ളിയാഴ്ച മാവുങ്കാല്‍ മേഖലയിലാണ് താറിംഗ് നടന്നുവരുന്നത്. രണ്ട് പാളികളായാണ് താറിംഗ്. അഞ്ച് വര്‍ഷത്തെ ഗ്യാരണ്ടിയുണ്ടാകും. മാവുങ്കാല്‍ടൗണില്‍ റോഡ് കൂടുതല്‍ വീതികൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
Keywords: Kanhangad, Kasaragod, Road, work