city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്-കാണിയൂര്‍ പാത ഉത്തരമലബാറിന് റെയില്‍വേയുടെ വിഷുക്കൈനീട്ടം

കാഞ്ഞങ്ങാട്-കാണിയൂര്‍ പാത ഉത്തരമലബാറിന് റെയില്‍വേയുടെ വിഷുക്കൈനീട്ടം
കാസര്‍കോട്: ഉത്തരമലബാറുകാരുടെ ബംഗളൂരു യാത്രക്ക് ദൂരവും ചെലവും കുറക്കുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ പാത യാഥാര്‍ഥ്യമാവുന്നു. ബുധനാഴ്ച പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി അവതരിപ്പിച്ച റെയില്‍വേ ബഡ്ജറ്റില്‍ റ്റില്‍ കാഞ്ഞങ്ങാട് കാണിയൂര്‍ പാത സംബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തെ ഉത്തരകേരളത്തിലെയും ദക്ഷിണകര്‍ണ്ണാടകയിലെയും ജനങ്ങള്‍ അത്യാഹ്ലാദത്തോടെയാണ് വരവേറ്റത്. ഈ പാത നിലവില്‍ വരുന്നതോടെ അജാനൂര്‍, പെരിയ, കോടാം-ബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെയും മൊത്തത്തില്‍ കാസര്‍കോട് ജില്ലയിലെയും റെയില്‍ ഗതാഗത രംഗത്ത് വിസ്മയകരമായ വന്‍ കുതിച്ചുച്ചാട്ടമുണ്ടാകും. നിര്‍ദ്ദിഷ്ട പാതയുടെ സര്‍വ്വേയ്ക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ തുക നീക്കിവെച്ചെങ്കിലും അത് വിനിയോഗിക്കാതെ പദ്ധതി നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ബുധനാഴ്ചത്തെ ബഡ്ജറ്റില്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടമായി കാഞ്ഞങ്ങാട്-കാസര്‍കോട് പാത സംബന്ധിച്ച ചുവടിടാറാത്ത പ്രഖ്യാപനം മന്ത്രി പാര്‍ലമെന്റില്‍ നടത്തിയത്.
പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനു വേണ്ടി റെയില്‍വേ മന്ത്രാലയത്തിലും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥ കേന്ദ്രങ്ങളിലും കയറിയിറങ്ങിയ പി. കരുണാകരന്‍ എം.പിയുടെ നിസ്തുലവും ശക്തവുമായ ഇടപെടലുകളാണ് പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിച്ച് യാഥാര്‍ഥ്യമാകുന്നത്.
കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതക്കെതിരെ മംഗലാപുരം കേന്ദ്രമാക്കിയുള്ള സ്ഥാപിതശക്തികള്‍ വന്‍സമ്മര്‍ദം ചെലുത്തിയെന്നാണ് നിലവിലുള്ള ആരോപണം. ഈ പാത വരുന്നതോടെ ജില്ലയിലെ പ്രധാന മലഞ്ചരക്ക് വിപണന കേന്ദ്രമായ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വികസനവിപ്ലവം തന്നെയുണ്ടാകും. കേരളത്തില്‍ നിന്ന് മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് നിത്യവും യാത്രചെയ്യുന്നതിന്റെ രണ്ടിരട്ടിയോളം യാത്രക്കാര്‍ ബന്ധപ്പെടുന്ന നഗരമാണ് ബംഗളൂരു. നിരവധി വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനും മറ്റും ആശ്രയിക്കുന്നതും ബംഗളൂരുവിനെയാണ്. 100 കണക്കിന് ബസ്സുകള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും മംഗലാപുരം മേഖലകളില്‍ നിന്നും ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
ദക്ഷിണ റെയില്‍വേ ഡെപ്യൂട്ടി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ രതി ആര്‍.രാജിന്റെ നേതൃത്വത്തില്‍ മൂന്നുവര്‍ഷം മുമ്പ് നടന്ന ട്രാഫിക് സര്‍വേയുടെ അടിസ്ഥാനത്തിലാണ് പാതയുടെ സമ്പൂര്‍ണ സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ബജറ്റില്‍ തുക നീക്കിവെച്ചത്. കാഞ്ഞങ്ങാട്ട് നിന്ന് തുടങ്ങുന്ന പാണത്തൂര്‍-കാണിയൂര്‍ പാതയുടെ കാര്യത്തില്‍ സാങ്കേതിക റിപ്പോര്‍ട്ട് അനുകൂലമായിരുന്നു. ബംഗളൂരുവുമായി കണ്ണൂരില്‍ നിന്ന് മംഗലാപുരം വഴിയുള്ള നിലവിലെ 107 കിലോമീറ്ററും ഷൊര്‍ണൂര്‍ വഴി 327 കിലോമീറ്ററും ലാഭിക്കാവുന്നതാണ് ഈ പാത. സമയലാഭം എട്ട് മണിക്കൂറും ഇന്ധനലാഭം 1400 ലിറ്ററുമാണ്. റെയില്‍വേക്ക് വന്‍ ലാഭവമുണ്ടാകും. മംഗലാപുരം-ബംഗളൂരു റൂട്ടില്‍ കാഞ്ഞങ്ങാട്ട് നിന്ന് മാലക്കല്ല്, പാണത്തൂര്‍ വഴി സുള്ള്യ ടൗണുമായി ബന്ധപ്പെടുത്തി എടമംഗലം സ്‌റ്റേഷനിലേക്കെത്തുന്ന 71 കിലോമീറ്റര്‍ പാതയാണിത്. ഇതിന്റെ 41 കിലോമീറ്റര്‍ സര്‍വേ നേരത്തെ നടന്നിരുന്നു. ഈ സര്‍വേ റിപ്പോര്‍ട്ടില്‍ പാത അനുയോജ്യവും ലാഭകരവുമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബാക്കി 31 കിലോമീറ്ററില്‍ സര്‍വേ നടപടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയത്.
കാഞ്ഞങ്ങാട്-കാണിയൂര്‍ പാത ഉത്തരമലബാറിന് റെയില്‍വേയുടെ വിഷുക്കൈനീട്ടം

കാണിയൂര്‍ പാതക്ക് തലശ്ശേരി-മൈസൂര്‍ പാതയേക്കാള്‍ നിര്‍മാണ ചെലവ് മൂന്നിലൊന്ന് കുറവായിരിക്കും. ഏകദേശം 355 കോടിരൂപ കൊണ്ട് പാത പൂര്‍ത്തിയാക്കാം. മംഗലാപുരത്തുനിന്ന് കാണിയൂര്‍, എടമംഗലം വഴിയുള്ള നിലവിലെ പാത ഇരട്ടിപ്പിക്കാന്‍ ആലോചനയുണ്ട്. അങ്ങനെയാവുമ്പോള്‍ കാണിയൂര്‍ മുതല്‍ കാഞ്ഞങ്ങാടുവരെയുള്ള പാത മാത്രമേ സിംഗിള്‍ ലൈനില്‍ ഒതുങ്ങുകയുള്ളു.
ബംഗളൂരുവുമായി ബന്ധപ്പെടുന്ന കണ്ണൂര്‍,കാസര്‍കോട്,വടകര മേഖലകളിലെ ജനങ്ങള്‍ക്ക് ഈ പാത ഏറെ ഉപയോഗപ്പെടും. വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ വലിയ ഗുണമുണ്ടാവുക.
ബംഗളൂരുവിലെ ഐ.ടി.മേഖലയില്‍ ഉത്തരമലബാറിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. ബംഗളൂരു, സുള്ള്യ, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഏറെയും ഉത്തരമലബാറില്‍ നിന്നുള്ളവരാണ്. അഞ്ച് മെഡിക്കല്‍ കോളജുകള്‍, 12 നഴ്‌സിങ് സ്‌കൂളുകള്‍, 19 എന്‍ജിനീയറിങ് കോളജുകള്‍, നിരവധി ഐ.ടി സ്ഥാപനങ്ങ ള്‍ എന്നിവിടങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍ 47 ശതമാനം വരും. നിരവധി നാളികേര ഉല്‍പന്ന സംസ്‌കരണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന തുംകൂര്‍ വഴിയാണ് നിര്‍ദ്ദിഷ്ട പാത പോകുന്നത്. പച്ചക്കറികള്‍ക്കായി കര്‍ണാടകയെ ആശ്രയിക്കുന്ന ഉത്തരമലബാറിലേക്ക് മൈസൂര്‍,സുള്ള്യ,ബംഗളൂരു ചന്തകളില്‍ നിന്ന് ഇവിടേക്ക് കുറഞ്ഞ വിലയില്‍ പച്ചക്കറികളെത്തിക്കാം. കേരളത്തിന്റെ കാര്‍ഷികോല്‍പന്നങ്ങള്‍ ബംഗളൂരുവിലേക്കും ചുരുങ്ങിയ ചെലവില്‍ എത്തിക്കാം. കെട്ടിട നിര്‍മാണ സാമഗ്രികള്‍ ഉല്‍പാദിക്കുന്ന ലോക പ്രശസ്ത കമ്പനികളും പ്രവര്‍ത്തിക്കുന്ന ഹൈദരാബാദിലേക്ക് ബംഗളൂരു വഴി ചരക്ക് കടത്താനും ഈ പാത ലാഭകരമാണ്.
ഉത്തരമലബാറിലെ നിരവധി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭരണസിരാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ബംഗളൂരുവിലാണ്. ഏഴിമല നാവല്‍ അക്കാദമി, ചീമേനി താപവൈദ്യുത നിലയം, കാസര്‍കോട് സീതാംഗോളിയില്‍ തുടങ്ങാനിരിക്കുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ കമ്പനി, പെരിയയില്‍ സ്ഥാപിക്കുന്ന കേന്ദ്രസര്‍വകലാശാല എന്നിവയുമായി ബന്ധപ്പെട്ട് ബംഗളൂരുവുമായി ബന്ധപ്പെടാനും നിര്‍ദ്ദിഷ്ടപാത ഏറെ പ്രയോജനപ്പെടും.
നിരവധി ഉത്തരമലബാറുകാര്‍ തീര്‍ഥാടനം നടത്തുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് ഈ പാതവഴി അനായാസകരമായി യാത്രചെയ്യാനാകും.
ഇന്ത്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബംഗളൂരു, മൈസൂര്‍ മേഖലകളിലെത്തുന്ന ആഭ്യന്തരവിദേശ വിനോദസഞ്ചാരികള്‍ക്ക് ബേക്കല്‍, റാണിപുരം, കണ്ണൂര്‍ എന്നിവിടങ്ങളുമായി ബന്ധപ്പെടാനും ടൂറിസം മേഖലയുടെ വികസനത്തിനും ഈ പാത മുതല്‍ക്കൂട്ടാവും.
നോര്‍ത്ത് ഈസ്റ്റ് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഈ മേഖലയില്‍ വിദഗ്ധനായ ജോസ്‌കൊച്ചിക്കുന്നേല്‍ മാലക്കല്ലിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശാസ്ത്രീയ പഠനം നടത്തി റെയില്‍വേക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. പുണെയിലെ നിക്മാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് കണ്‍സ്ട്രക്ഷന്‍ പ്രോജക്ട് മാനേജ്‌മെന്റില്‍ ബിരുദമെടുത്ത ജോസ് കൊച്ചിക്കുന്നേല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.
Keywords: Railway, kasaragod, Kanhangad, Kaniyoor, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia