കാസര്‍കോട്ടുനിന്നും ഒഞ്ചിയത്തേക്ക് സി.പി.എം നേതാക്കള്‍ ഒഴുകി
May 15, 2012, 17:46 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ വിഎസ് അനുകൂലികളായ ചില നേതാക്കളും നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വിമതരുടെ ശക്തി കേന്ദ്രമായ ഒഞ്ചിയത്ത് സന്ദര്‍ശനം നടത്തിയതായുള്ള വിവരം പുറത്തുവന്നു. ഒഞ്ചിയത്ത് കൊലചെയ്യപ്പെട്ട റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന കണ്‍വീനറുമായ ടി പി ചന്ദ്രശേഖരന്റെ വസതിയില്‍ ജില്ലയിലെ വിഎസ് പക്ഷക്കാരായ ചില നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ശനം നടത്തി കുടുംബത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
നീലേശ്വരം ഏരിയാകമ്മിറ്റിയിലെ കടുത്ത വിഎസ് അനുകൂലിയായ അംഗവും കരിന്തളം, പരപ്പ തുടങ്ങിയ ലോക്കല്‍ കമ്മിറ്റികളിലെ ചിലരും വിഎസ് അനുകൂല പ്രകടനങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ടവരും ഉള്‍പെടെ 50 ലധികം പേര്‍ ഒഞ്ചിയം സന്ദര്‍ശിക്കുകയായിരുന്നു. 14 വര്‍ഷം പരപ്പ ലോക്കല്‍ കമ്മിറ്റി ഭാരവാഹിയായിരുന്ന ആളുടെ നേതൃത്വത്തില്‍ പരപ്പയില്‍ നിന്നും അഞ്ചു പേരാണ് ഒഞ്ചിയം സന്ദര്‍ശിച്ചത്. ടി പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ചശേഷം സന്ദര്‍ശന പുസ്തകത്തി ല്‍ ഒപ്പിട്ടാണ് തങ്ങള്‍ മടങ്ങിയതെന്ന് ഇവര്‍ പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സഖാക്കള്‍ പാര്‍ട്ടി ഗ്രാമങ്ങളി ല്‍ നിന്നും ഒഞ്ചിയത്തേക്ക് പുറപ്പെടുമെന്ന് ഇവര്‍ സൂചിപ്പിച്ചു.
കോഴിക്കോട്ട് വിഎസ് അനുകൂലികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനത്തിനുശേഷം നീലേശ്വരം കേന്ദ്രമാക്കി റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ജില്ലാകമ്മിറ്റിയും രൂപീകരിക്കും. വളരെയധികം ഭീഷണികള്‍ നിലനില്‍ക്കുന്നതിനാലാണ് ഇപ്പോള്‍ മൌനം അവലംബിക്കുന്നതെന്നും അനുകൂല സാഹചര്യങ്ങള്‍ സംജാതമാകുമ്പോ ള്‍ പാര്‍ട്ടിക്ക് വെളിയില്‍വന്ന് പ്രതികരിക്കാന്‍ തയ്യാറെടുക്കുകയാണ് തങ്ങളെന്നും ഇവര്‍ പറയുന്നു.
പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരായും നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകള്‍ക്ക് എതിരായും വരുംനാളുകളില്‍ കൂടുതല്‍പേര്‍ മുന്നോട്ട് വരുമെന്നാണ് വിഎസ് അനുകൂലികളുടെ കണക്കുകൂട്ടല്‍. പാര്‍ട്ടിയുടെ സംഘടനാ ചട്ടക്കൂട്ടിന് യാതൊരു വിധ ഭീഷണി ഉയര്‍ത്തുന്നതിനും പുതിയ നീക്കങ്ങള്‍ക്ക് കഴിയില്ലെങ്കിലും പൊതു സമൂഹത്തിന്റെ ശക്തമായ പിന്തുണയോടുകൂടി പുതിയ പാര്‍ട്ടി കെട്ടിപടുക്കാനാകുമെന്ന് ഇവര്‍ വിലയിരുത്തുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാകുന്ന ജനകീയ പ്രശ്നങ്ങളോടും സമരങ്ങളോടും മുഖംതിരിഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടിയുടെ സമീപനവും പുതിയ നീക്കങ്ങള്‍ക്ക് ഗുണകരമായി തീരും. ദേശീയപാത വിരുദ്ധ സമരം, ടോള്‍ പിരിവ് വിരുദ്ധ സമരങ്ങള്‍, മാലിന്യ മുക്ത സമരങ്ങള്‍, വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരം എന്നിങ്ങനെ പാര്‍ട്ടി കൈയൊഴിഞ്ഞ ജനകീയ സമരങ്ങളേറ്റെടുത്ത് പൊതു സമൂഹത്തിന്റെ പിന്തുണ ഉറപ്പിക്കുകയായിരിക്കും പുതിയ പാര്‍ട്ടിയുടെ ആദ്യ നീക്കം. പാര്‍ട്ടി ഗ്രാമങ്ങളില്‍ വിഎസ് അനുകൂല പ്രകടനങ്ങള്‍ നടക്കാതിരിക്കാന്‍ ജില്ലാനേതൃത്വം കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കെ ജില്ലയിലെ വിഎസ് പക്ഷക്കാരായ ചില നേതാക്കളും പ്രവര്‍ത്തകരും ഒഞ്ചിയം സന്ദര്‍ശിച്ച വിവരം നേതൃത്വത്തെ നടുക്കിയിട്ടുണ്ട്.
ഒഞ്ചിയം സന്ദര്‍ശനം നടത്തിയവരുടെ പേര് വിവരങ്ങള്‍ നേതൃത്വം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ വിഎസ് പക്ഷം ഇപ്പോള്‍ പുലര്‍ത്തുന്ന മൌനം കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണെന്ന് നേതൃത്വം ഭയക്കുന്നു.
Keywords: CPM Leaders, Kanhangad Onchiyam, Kasaragod