Closure | 'ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഫ്രീസറിൽ കണ്ടത് നിറയെ ഉപയോഗ ശൂന്യമായ ഐസ്ക്രീം'; കട പൂട്ടിച്ചു

● ഒരു കുട്ടി വാങ്ങിയ ഐസ്ക്രീമിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതായി പരാതി.
● 'പരിശോധനയിൽ ഫ്രീസറിൽ നിറയെ കേടായ സാധനങ്ങൾ കണ്ടെത്തി'.
● ഫ്രീസർ കേടായത് അറിഞ്ഞില്ലെന്നാണ് കടയുടമ.
കാഞ്ഞങ്ങാട്: (KasargodVartha ) ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ ഐസ്ക്രീം കണ്ടെത്തിയതിനെ തുടർന്ന് കട പൂട്ടിച്ചു. കിഴക്കും കരയിലെ ഫ്രൂട്സ് - ബേകറി കടയിൽ നിന്നാണ് ഐസ്ക്രീം പിടികൂടിയത്. ശനിയാഴ്ച രാവിലെ അജാനൂർ പഞ്ചായത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തിയാണ് കടയിൽ പരിശോധന നടത്തിയത്.
ഒരു കുട്ടി വാങ്ങിയ ബോൾ ഐസ്ക്രീമിൽ പുഴുവരിച്ച നിലയിൽ കാണുകയായിരുന്നുവെന്നാണ് പരാതി. അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്നാണ് ആരോഗ്യ വിഭാഗമെത്തി കട പരിശോധിച്ചത്. ഫ്രീസറിൽ നിറയെ ഉപയോഗ്യശൂന്യമായ നിരവധി ഐസ് ക്രീം സാധനങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു. ഇവ പിന്നീട് നശിപ്പിച്ചു.
പ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ആരോഗ്യ വിഭാഗം വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു. പരിശോധനയ്ക്ക് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ പി ടി ശീനിവാസൻ, ബൈജു എസ് റാം, സി എം ദീപു, എം പി ശീനിവാസൻ എന്നിവർ നേതൃത്വം നൽകി.
അതേസമയം ഫ്രീസർ കേടായത് അറിഞ്ഞില്ലെന്നാണ് കടയുടമ അധികൃതരെ അറിയിച്ചത്. ഇവ മാറ്റാൻ കമ്പനി അധികൃതരെ അറിയിച്ചതായും പറഞ്ഞു. കടയുടമ പുറത്ത് പോയപ്പോൾ ഉണ്ടായിരുന്ന ആളാണ് ഐസ്ക്രീം ചോദിച്ചപ്പോൾ കേടായ ഐസ് ക്രീം കുട്ടിക്ക് എടുത്ത് കൊടുത്തതെന്നും കടയുടമ അധികൃതരോട് വിശദീകരിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
A bakery in Kanhangad was shut after unusable ice cream was found during a health inspection, following a complaint of worms in the ice cream bought by a child.
#Kanhangad, #BakeryClosure, #IceCream, #HealthInspection, #UnusableFood, #KeralaNews