ജിഷാ കൊലപാതകം: ഭര്‍തൃ സഹോദരന്റെയും ഭാര്യയുടെയും രഹസ്യമൊഴിയെടുത്തു
May 22, 2012, 15:15 IST
കാഞ്ഞങ്ങാട്: മടിക്കൈ കൂലോം റോഡിനടുത്ത കക്കാട്ട് മഹാവിഷ്ണു ക്ഷേത്ര കമാനത്തിന് സമീപം താമസിക്കുന്ന ഗള്‍ഫുകാരന്‍ കുറുവാട്ട് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജിഷയെ (25) കുത്തി കൊലപ്പെടുത്തിയ കേസില്‍ മജിസ്ട്രേട്ട് ഭര്‍തൃ സഹോദരന്റെയും ഭാര്യയുടെയും രഹസ്യമൊഴിയെടുത്തു. ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രന്റെ സഹോദരന്‍ ചന്ദ്രന്റെയും ഭാര്യ ലേഖയുടെയും രഹസ്യമൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് വി പി എം സുരേഷ് ബാബു ശേഖരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (1) കോടതിയിലെ അടച്ചിട്ട മുറിയില്‍ ഇരുവരുടെയും രഹസ്യമൊഴിയെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ജിഷ ഭര്‍തൃഗൃഹത്തില്‍ കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഈ വീട്ടില്‍ വേലക്കാരനായിരുന്ന ഒറീസ കേന്ദ്രപ്പാറയിലെ മദന്‍ മാലിക്കിനെ നീലേശ്വരം സി ഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ് ചെയ്യുകയായിരുന്നു.
മദനനെ പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (2) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. വീട്ടില്‍ ചന്ദ്രന്റെ ഭാര്യ ലേഖ സൂക്ഷിച്ച പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മദനന്‍ ജിഷയെ കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.
മദനന്റെ റിമാന്റ് മെയ് 30 വരെ കോടതി നീട്ടിയിട്ടുണ്ട്. ഇതിനിടയില്‍ ജിഷ വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് മദനനെതിരെ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതിക്ക് കോടതി കൈമാറിയിരിക്കുകയാണ്. മെയ് 30ന് ഈ കേസിന്റെ ഫയലുകള്‍ വിചാരണക്കായി ഹൊസ്ദുര്‍ഗ് കോടതി ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറും.
Keywords: Jisha, Murder, Case, Madikai, Kanhangad