city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് സാമൂഹ്യ വിരുദ്ധര്‍ അക്രമം അഴിച്ചുവിടാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ്

കാഞ്ഞങ്ങാട്ട് സാമൂഹ്യ വിരുദ്ധര്‍ അക്രമം അഴിച്ചുവിടാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ്
കാഞ്ഞങ്ങാട്: റംസാന്‍ - ഓണം ആഘോഷം മറയാക്കി കാഞ്ഞങ്ങാട് മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സാമൂഹ്യ വിരുദ്ധര്‍ രംഗത്ത് ഇറങ്ങിയേക്കുമെന്ന് പോലീസ് ഇന്റലിജന്‍സ് റി റി­പോര്‍ട്ട്. ഈ റിപോര്‍ട്ടിനെതുടര്‍ന്ന് കാഞ്ഞങ്ങാട് മേഖലയില്‍ സുരക്ഷാ സംവിധാനം ശക്തമാക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

ബുധനാഴ്ച വൈകിട്ട് മടിയനില്‍ നടത്തേണ്ടിയിരുന്ന ഡി വൈ എഫ് ഐയുടെ ഫ്രീഡം റാലിക്ക് അവസാന നിമിഷം പോലീസ് അനുമതി നിഷേധിച്ചത് ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. മുസ്ലിം ലീഗിന് സ്വാധീനമുള്ള മടിയന്‍ പ്രദേശത്ത് ഡി വൈ എഫ് ഐ പരിപാടി അലങ്കോലപ്പെടുത്താന്‍ സാമൂഹ്യ വിരുദ്ധര്‍ ശ്രമം നടത്തിയേക്കുമെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് റാലിക്ക് അനുമതി നിഷേധിച്ചത്.

ഡിവൈഎഫ്‌ഐ പരിപാടി ഒടുവില്‍ ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ പൊതുയോഗത്തില്‍ ഒതുങ്ങുകയായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ അഗ്നിക്കിരയായ സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടും പരിസരത്തും കലാപം പുറപ്പെട്ടിരുന്നു. തുടക്കത്തില്‍ ഇതില്‍ സിപിഎം-ലീഗ് സംഘര്‍ഷമായി ഒതുങ്ങിയിരുന്നെങ്കിലും സാമൂഹ്യ വിരുദ്ധരുടെ നുഴഞ്ഞു കയറ്റത്തോടെ സംഭവത്തില്‍ വര്‍ഗീയ നിറം കലരുകയായിരുന്നു.രണ്ട് മാസത്തോളം കാഞ്ഞങ്ങാട്ടെയും പരിസരത്തെയും ജനങ്ങളുടെ സൈ്വര്യം നഷ്ടപ്പെടുത്തുന്ന തരത്തില്‍ കലാപം വഴിമാറുകയും ചെയ്തു.

ജനപ്രതിനിധികളുടെയും പോലീസിന്റെയും കര്‍ശനമായ ഇടപെടലിനെതുടര്‍ന്നാണ് ഏറ്റവും ഒടുവില്‍ സംഘര്‍ഷത്തിന് അയവുവന്നത്. പൊതുവെ സമാധാനം നിലനില്‍ക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കുശാല്‍ നഗര്‍ കടിക്കാലില്‍ എസ് എഫ് ഐ നേതാവിന്റെ മോട്ടോര്‍ബൈക്കും കഴിഞ്ഞ ദിവസം അഗ്നിക്കിരയായത്. സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗ് കാരാണെന്നാണ് സിപിഎം ആരോപിച്ചത്. എന്നാല്‍ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തില്‍ നാട്ടില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് സിപിഎം - ലീഗ് സംഘര്‍ഷം പെരുപ്പിച്ച് കാട്ടാന്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തിയ തന്ത്രമാണ് ബൈക്കിന് തീവെച്ചതിന് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്ന ചില സൂചനകള്‍ ലഭിച്ചു.

എസ് എഫ് ഐ നേതാവിന്റെ ബൈക്ക് കത്തിച്ചതിനെതിരെ ബുധനാഴ്ച മടിയനില്‍ നടക്കാനിരുന്ന ഫ്രീഡം റാലിയില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകരില്‍ നിന്ന് പ്രതിഷേധ സ്വരം ഉയരുമെന്നും ഇത് പിന്നീട് സിപിഎം- ലീഗ് സംഘട്ടനമായി പടരുകയും പിന്നീടത് കലാപമായി വളരുകയും ചെയ്യുമെന്നാണ് സാമൂഹ്യ വിരുദ്ധര്‍ കണക്കുകൂട്ടിയതെന്ന് പോലീസ് അനുമാനിക്കുന്നു. ഈ സൂചനയെതുടര്‍ന്നാണ് മടിയനില്‍ ഡിവൈഎഫ്‌ഐയുടെ ഫ്രീഡം റാലിക്ക് അനുമതി നിഷേധിച്ചത്.

ഇതിന് മുന്നോടിയായി ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്‍ ജില്ലയിലെ സിപിഎം നേതാക്കളുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് കാര്യത്തിന്റെ ഗൗരവം വിശദീകരിക്കുകയും ചെയ്തു. സിപിഎം - ലീഗ് സംഘര്‍ഷത്തിന്റെയും ഓണം-റംസാന്‍ ആഘോഷങ്ങളുടെയും മറപറ്റി തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുമായി ബന്ധമുള്ള ചിലര്‍ നുഴഞ്ഞുകയറി കുഴപ്പത്തിന് തിരികൊളുത്തിയേക്കുമെന്ന് ഇന്റലിജന്‍സ് റി­പോര്‍ട്ട് ഗൗരവത്തോടെയാണ് പോലീസ് ഉന്നതതലങ്ങള്‍ വിലയിരുത്തിയിട്ടുള്ളത്. അതിനിടെ കാഞ്ഞങ്ങാട്ട് ഇതിന് മുമ്പ് നടന്ന രാഷ്ട്രീയ ക്രിമിനല്‍ കേസുകളിലും കലാപ കേസുകളിലുംപെട്ട വിദേശത്ത് ഇപ്പോള്‍ കഴിയുന്നവരുടെ വിശദവിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യാന്വേഷണ പോലീസ് ഏജന്‍സിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഓണത്തിനും റംസാനിലും ഇവരില്‍ പലരും അവധിയില്‍ നാട്ടിലെത്താന്‍ സാധ്യതയുണ്ടെന്നും ഇത് മുതലെടുത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാഹചര്യം തള്ളിക്കളയാന്‍ ആവില്ലെന്നുമാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.

Keywords: O nam-Ramzan, Celebration, Clash, Inteligence Report, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia