കാമുകിയെ താമസിപ്പിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചിറക്കി
May 16, 2012, 15:10 IST
കാഞ്ഞങ്ങാട്: കാമുകിയെ താമസിപ്പിക്കാന്‍ ഭര്‍തൃമതിയെ ഭര്‍ത്താവും വീട്ടുകാരും അടിച്ചിറക്കുകയും കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കോടതിയില്‍ ഹരജി. കാസര്‍കോട് പള്ളംറോഡിലെ സി.എം. മഹമൂദിന്റെ മകള്‍ ഫാത്തിമത്ത് ദില്‍സാന(23)യാണ് പരേതനായ അരിയടുക്കം കുഞ്ഞാമു എന്ന കുഞ്ഞാമദിന്റെ മകന്‍ അന്‍വര്‍സാദിഖ് (31), അന്‍വറിന്റെ മാതാവ് കെ.എം. ഫാത്തിമ ബീവി (62) സഹോദരന്‍ മുഹമ്മദ്കുഞ്ഞി (40), ഭാര്യ ആയിഷത്ത് നസ്ളീം (30), ഹംസയുടെ ഭാര്യ ആയിഷ (35) റഷീദിന്റെ മകള്‍ ഫര്‍ഹാന (23), മൊയ്തീന്‍ അഹമ്മദ് (58) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. 2010 ഡിസംബര്‍ 13 നാണ് ഫാത്തിമത്ത് ദില്‍സാനയെ അന്‍വര്‍ സാദിഖ് വിവാഹം ചെയ്തത്.
വിവാഹ വേളയില്‍ ദില്‍സാനയുടെ വീട്ടുകാര്‍ അന്‍വറിന് 150 പവന്‍ സ്വര്‍ണ്ണവും ഏഴ് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. ദില്‍സാനയ്ക്ക് അന്‍വര്‍ മഹറായി 19 പവന്‍ സ്വര്‍ണ്ണവും സ്വന്തം മാതാവ് സമ്മാനമായി ആറ് പവന്‍ സ്വര്‍ണ്ണവും നല്‍കിയിരുന്നു. ഇതിനുപുറമെ മറ്റ് ബന്ധുക്കളില്‍ നിന്നായി 45 പവന്‍ സ്വര്‍ണ്ണവും ദില്‍സാനയ്ക്ക് ലഭിച്ചു. സ്ത്രീധനമായി കിട്ടിയ സ്വര്‍ണ്ണവും ദില്‍സാനയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും അന്‍വര്‍സാദിഖ് ധൂര്‍ത്തടിക്കുകയും കൂടുതല്‍ സ്ത്രീധനത്തിനായി ദില്‍സാനയെ പീഡിപ്പിക്കുകയുമായിരുന്നു. വിവാഹശേഷം രണ്ടുമാസക്കാലം നാട്ടിലുണ്ടായിരുന്ന അന്‍വര്‍സാദിഖ് പിന്നീട് ഗള്‍ഫിലേക്ക് പോയി.
കുറച്ചുമാസങ്ങള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ അന്‍വര്‍ ദില്‍സാനയ്ക്കുനേരെ പീഡനം തുടരുകയായിരുന്നു. ദില്‍സാന ബന്ധുക്കളോട് പോലും സംസാരിക്കുന്നത് അന്‍വറിന് ഇഷ്ടമായിരുന്നില്ല. അതെസമയം ലാപ്പ്ടോപ്പും ഇന്റര്‍നെറ്റും ഉപയോഗിച്ചും മൊബൈല്‍ ഫോണിലൂടെയും പരസ്ത്രീകളുമായി അന്‍വര്‍ ബന്ധം സ്ഥാപിച്ചുവെന്നും ഇതിനെകുറിച്ച് ചോദിച്ചപ്പോള്‍ തന്നെ മര്‍ദ്ദിച്ചുവെന്നും ദില്‍സാനയുടെ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ 2012 ജനുവരി 11 ന് അന്‍വര്‍സാദിഖ് ഫര്‍ഹാന എന്ന യുവതിയുമായി ഒളിച്ചോടിയ വിവരമറിഞ്ഞ് ദില്‍സാന തലചുറ്റിവീണു. ഇതേതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ദില്‍സാന ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അന്‍വറും കാമുകി ഫര്‍ഹാനയും അവിടെയുണ്ടായിരുന്നു.
ദില്‍സാനയെ വീട്ടില്‍ കയറ്റാതെ ഭര്‍ത്താവും വീട്ടുകാരും അടിച്ചിറക്കുകയാണുണ്ടായത്. ഇതേതുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ ദില്‍സാന ഭര്‍തൃവീട്ടില്‍ നിന്നും തന്റെ സാധനങ്ങള്‍ എടുക്കാന്‍ മാതാവിനും സഹോദരനോടുമൊപ്പം പോയെങ്കിലും അന്‍വറും വീട്ടുകാരും ചേര്‍ന്ന് ദില്‍സാനയെ മര്‍ദ്ദിക്കുകയും സാധനങ്ങള്‍ എടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് ഭര്‍തൃവീട്ടില്‍ നിന്നും തന്റെ സാധനങ്ങള്‍ എടുക്കാനാകാതെ മാതാവിനും സഹോദരനോടുമൊപ്പം ദില്‍സാന വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനങ്ങള്‍ സംബന്ധിച്ച് ദില്‍സാന ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതേതുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. ഹരജി സ്വീകരിച്ച കോടതി ജൂണ്‍ ഒന്നിന് തെളിവെടുപ്പിന് ഹാജരാകാന്‍ ദില്‍സാനയ്ക്ക് നിര്‍ദ്ദേശം നല്‍കി.
Keywords: Husband, Attack, wife, Kanhangad, Kasaragod