city-gold-ad-for-blogger

ശസ്ത്രക്രിയയ്ക്ക് വിധേയയായ വനിതാ ഡോക്ടറില്‍ നിന്നും 1.10 ലക്ഷം ഈടാക്കിയത് പുകയുന്നു

കാഞ്ഞങ്ങാട്: അണ്ഡാശയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അത് നീക്കം ചെയ്യാന്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയക്ക് വിധേയയായ വനിത ഡോക്ടറില്‍ നിന്ന് കുശവന്‍കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ബില്‍ തുകയായി ഈടാക്കിയത് 1.10 ലക്ഷം രൂപ!

അമിതനിരക്ക് ഈടാക്കി രോഗികളെ വട്ടംകറക്കുന്ന ആശുപത്രിയില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയക്ക് വിധേയയായത് നേത്ര രോഗ വിദഗ്ദ്ധ തളിപ്പറമ്പിലെ വീണഗോവിന്ദനാണ്. നീണ്ട അവധിയിലാണെങ്കിലും ഡോ. വീണ ഇപ്പോഴും സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരുന്നുണ്ട്.
ശസ്ത്രക്രിയയ്ക്ക് വിധേയയായ വനിതാ ഡോക്ടറില്‍ നിന്നും 1.10 ലക്ഷം ഈടാക്കിയത് പുകയുന്നു

കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റ് കാഞ്ഞങ്ങാട് മാതോത്ത് താമസിക്കുന്ന ചെറുവത്തൂര്‍ കൊടക്കാട് സ്വദേശി ഡോ. സി.പി. രാജീവന്റെ ഭാര്യയാണ് വീണ. ഇരുവരും ഇപ്പോള്‍ കുടുംബ സമേതം ബഹ്‌റൈനിലാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഡോ. വീണയെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. അരലക്ഷം രൂപയില്‍ താഴെ മാത്രം ചിലവ് വരുന്ന ശസ്ത്രക്രിയ നടത്തിയതിന് ഡോ. വീണക്ക് നല്‍കിയ ബില്ലിലെ തുക 1.20 ലക്ഷം രൂപയായിരുന്നു. ഇത്രയും ഭീമമായ തുകയുടെ ബില്ല് കയ്യില്‍ കിട്ടിയപ്പോള്‍ ഈ ഡോക്ടര്‍ ദമ്പതികള്‍ അമ്പരന്നു. പക്ഷെ മറ്റൊരു വിവാദത്തിനും ഇടം നല്‍കാതെ ഇത്രയും വലിയ തുക അടക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടയില്‍ ആശുപത്രി വൃത്തങ്ങള്‍ 10,000 രൂപയുടെ ഇളവ് വരുത്തി 1.10 ലക്ഷം രൂപ ഡോക്ടറില്‍ നിന്ന്  ഈടാക്കുകയും ചെയ്തു. ഇന്ത്യക്കകത്തും പുറത്തും താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്താന്‍ ഓടി നടക്കുന്ന എറണാകുളത്തെ പ്രമുഖ ഡോക്ടറാണ് വനിതാ ഡോക്ടറെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.

പ്രമുഖ ഡോക്ടറെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയില്‍ വനിതാ ഡോക്ടറില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയ സംഭവം ആതുരശുശ്രൂഷ മേഖലയിലും ഡോക്ടര്‍മാര്‍ക്കിടയിലും വ്യാപകമായ ചര്‍ച്ചയ്ക്കും മുറുമുറുപ്പിനും കളമൊരുക്കിയിട്ടുണ്ട്. സര്‍വ്വീസിലിരിക്കെ അഴിമതിക്കും വകുപ്പിന്റെ കെടുകാര്യസ്ഥതക്കുമെതിരെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ വകുപ്പ് തല ഉന്നതരുടെ നോട്ടപുള്ളിയായ വ്യക്തിയാണ് ഡോക്ടര്‍ വീണയുടെ ഭര്‍ത്താവ് ഡോ. സി.പി. രാജീവന്‍.

ഡോക്ടര്‍ ദമ്പതികള്‍ ബഹ്‌റൈനില്‍ നിന്ന് അവധിയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുന്നതിന് അഞ്ചുമാസം മുമ്പ് കുശവന്‍കുന്ന് ആശുപത്രിയില്‍ മിന്നല്‍ പോലെ എത്തി കൂട്ടത്തോടെ താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തി തിരിച്ചുപോകാറുള്ള ഡോക്ടറുടെ ബിനാമി ഏജന്റുമായി ഡോക്ടര്‍ ദമ്പതികള്‍ ബന്ധപ്പെടുകയും അവധിക്ക് നാട്ടിലെത്തിയാല്‍ കുശവന്‍കുന്ന് ആശുപത്രിയില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്താനുള്ള തീരുമാനം അറിയിക്കുകയും കാര്യങ്ങള്‍ പരസ്പരം സംസാരിച്ച് ഉറപ്പിക്കുകയും ചെയ്തിരുന്നു.

ശസ്ത്രക്രിയ ചിലവ് അരലക്ഷത്തോളം രൂപയോടടുത്ത് വരുമെന്നാണ് ഡോക്ടര്‍ ദമ്പതികളെ ഏജന്റ് അറിയിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ആശുപത്രിയില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ വനിത ഡോക്ടറെ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. അന്നു തന്നെ ഇതേ ആശുപത്രിയില്‍  ഈ രീതിയില്‍ ആറിലധികം ശസ്ത്രക്രിയകള്‍ നടന്നിരുന്നു.

ആശുപത്രിയില്‍ നിന്ന് ഈടാക്കിയ ബില്‍ തുക സാധാരണ നിരക്കിനേക്കാള്‍ മൂന്നിരട്ടിയിലധികമാണെന്ന് വര്‍ഷങ്ങളായി ആതുരശുശ്രൂഷാ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഡോക്ടര്‍ ദമ്പതികള്‍ ചൂണ്ടിക്കാട്ടുന്നു. ബൈപ്പാസ് സര്‍ജറിക്ക് പോലും ഇത്രയധികം നിരക്ക് ഈടാക്കുന്നില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

കാഞ്ഞങ്ങാട്ടെ നിരവധി യുവ ഡോക്ടര്‍മാര്‍ വളരെ ചുരുങ്ങിയ ചിലവില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നുണ്ട്. ശരീരം കീറിമുറിക്കാതെ, വേദനയില്ലാതെ വളരെ സൂക്ഷ്മതയോടെ നടത്തുന്ന രീതിയാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയ. ശസ്ത്രക്രിയ നടത്തേണ്ടുന്ന ശരീര ഭാഗത്ത് രണ്ടോ മൂന്നോ നേരിയ ദ്വാരങ്ങള്‍ ഉണ്ടാക്കും. ഇതില്‍ ഒരു ദ്വാരത്തിലൂടെ പൈപ്പ് വഴി ക്യാമറ കടത്തിവിടും. മറ്റൊരു ദ്വാരത്തിലൂടെ വളരെ ചെറിയ രീതിയിലുള്ള ഉപകരണങ്ങള്‍ കയറ്റി ശസ്ത്രക്രിയ നടത്തുകയും ചെയ്യും. ശരീരത്തിനകത്തുള്ള ശസ്ത്രക്രിയ അവശിഷ്ടങ്ങള്‍ ദ്വാരത്തിലൂടെ തന്നെ പുറത്തെടുക്കുകയും ചെയ്യും.

സാധാരണഗതിയില്‍ മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയില്‍ ചിലവ് വരുന്ന ഈ ശസ്ത്രക്രിയക്കാണ് കുശവന്‍കുന്ന് ആശുപത്രിയില്‍ നിന്ന് കഴുത്തറുപ്പന്‍ നിരക്ക് ഈടാക്കിയിട്ടുള്ളത്. ആശുപത്രിക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കുമെതിരെ ഇവര്‍ ഡോക്ടര്‍മാരുടെ ആധികാരിക സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് കമ്മിറ്റിക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം രാത്രി കോട്ടച്ചേരി കുന്നുമ്മലിലെ ഐഎംഎ ഹാളില്‍ ചേര്‍ന്ന ബ്രാഞ്ച് കമ്മിറ്റി ജനറല്‍ ബോഡി യോഗം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു.

അമിത നിരക്ക് ഈടാക്കിയത് ഒരിക്കലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന നിലപാടിലാണ് ഐ.എം.എ.  എത്തിച്ചേര്‍ന്നത്. സഹപ്രവര്‍ത്തകയായ, ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡോക്ടര്‍ക്ക് തന്നെ ആശുപത്രിയില്‍ നിന്നും ഡോക്ടറില്‍ നിന്നും ഇത്തരത്തിലുള്ള തിക്താനുഭവം നേരിടേണ്ടിവന്ന സാഹചര്യത്തില്‍ ഈ ആശുപത്രിയിലെത്തുന്ന സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യം ഡോക്ടര്‍മാരില്‍ ചിലര്‍ യോഗത്തില്‍ ഉന്നയിച്ചു. സഹപ്രവര്‍ത്തകയോളം പോരുന്ന വനിത ഡോക്ടറില്‍ നിന്ന് ഇത്തരത്തില്‍ അമിത നിരക്ക് ഈടാക്കിയത് അധാര്‍മ്മികമാണെന്ന വിലയിരുത്തലില്‍ എത്തിച്ചേര്‍ന്ന ഐഎംഎ യോഗം ആശുപത്രി മാനേജ്‌മെന്റിനെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഐ.എം.എ. കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. കെ.ജി. പൈ, സെക്രട്ടറി ഡോ. എം. ബല്‍റാം നമ്പ്യാര്‍, ട്രഷറര്‍ ഡോ. കെ. ശശിധരറാവു എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. ആശുപത്രി മാനേജ്‌മെന്റുമായി സംസാരിച്ച ശേഷം ഐ.എം.എയുടെ എക്‌സിക്യുട്ടീവ് യോഗം വിളിച്ചുചേര്‍ക്കാന്‍ ധാരണയായിട്ടുണ്ട്. ഡോക്ടര്‍ ദമ്പതികള്‍ ഈ മാസം 27 ന് ബഹ്‌റനിലേക്ക് തിരിച്ചുപോകും. എന്നാല്‍ ആശുപത്രിക്കെതിരെയുള്ള പരാതിയുമായി മുന്നോട്ട് പോകാനാണ് ഡോക്ടറുടെ തീരുമാനം. ഇതിന് ചിലരെ അദ്ദേഹം രേഖാമൂലം ചുമതലപ്പെടുത്തിയതായി അറിയുന്നു.

കിഴക്കുംകരയിലെ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിന്റെ മകനെ ചികിത്സിച്ചതിന് അമിത ബില്‍ ഈടാക്കിയതിനെ തുടര്‍ന്ന് ആശുപത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒടുവില്‍ ഐ.എം.എ. ഭാരവാഹികളും ഡി.വൈ.എഫ്.ഐ. നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയാണ് പ്രശ്‌നങ്ങള്‍ ഒതുക്കിതീര്‍ത്തത്. കാഞ്ഞങ്ങാട്ടെ ചില സിപിഎം നേതാക്കളെ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് സ്വാധീനിക്കാന്‍ ആശുപത്രി മാനേജ്‌മെന്റിലെ ചിലരും പ്രധാന ഡോക്ടറും ശ്രമം നടത്തിയത് പിന്നീട് പാര്‍ട്ടിക്കകത്ത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

Keywords: Kerala, Kanhangad, Doctor, child, cash, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia