Demand | നീലേശ്വരത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി; കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ തെരുവുനായ്ക്കളുടെ നിര്‍മാര്‍ജനത്തിനും ആവശ്യം
● ആശുപത്രികളില്‍ നെഫ്രോളജിസ്റ്റ് സേവനം ലഭ്യമാക്കണം.
● തെരുവ് നായ്ക്കളുടെ നിര്‍മാര്‍ജനത്തിനുള്ള നടപടികള്‍ സ്വീകരിക്കണം.
കാഞ്ഞങ്ങാട്: (KasargodVartha) അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് കളിയാട്ടത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന്, ഇത്തരം അനിഷ്ട സംഭവങ്ങള്‍ നേരിടുന്നതിനായി നീലേശ്വരത്ത് ഒരു ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം ഹോസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗം ഉന്നയിച്ചു.
വൃക്ക രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ജില്ലാ ആശുപത്രിയിലോ താലൂക്ക് ആശുപത്രികളിലോ നിലവില്‍ നെഫ്രോളജിസ്റ്റ് സേവനം ലഭ്യമല്ലാത്തതിനാല്‍, അടിയന്തരമായി ഈ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരം തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയതും പലര്‍ക്കും നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായതും കണക്കിലെടുത്ത്, തെരുവ് നായ്ക്കളുടെ നിര്‍മാര്‍ജനത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
യോഗത്തില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ടി ജയപ്രസാദ് സ്വാഗതം പറഞ്ഞു. ഹോസ്ദുര്‍ഗ് താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ശശികുമാര്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടിവി ശാന്ത, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ തുടങ്ങിയ ജനപ്രതിനിധികള്‍ സംബന്ധിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, യു കെ ജയപ്രകാശ്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, അഡ്വ. കെ രാജമോഹന്‍, വി ഗോപി, ഖാലിദ് കൊളവയല്‍, സുരേഷ് പുതിയടത്ത്, മൈക്കിള്‍ എം പൂവത്താണി, ബങ്കളം പി കുഞ്ഞികൃഷ്ണന്‍ എന്നിവരും വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും താലൂക്ക് വികസന സമിതി യോഗത്തില്‍ പങ്കെടുത്തു.
#Hosdurg #Nileshwaram #Kanhangad #firestation #straydogs #Kerala #localnews #publicmeeting