city-gold-ad-for-blogger

സ്വകാര്യാശുപത്രി ജീവനക്കാരുടെയും വേതനഘടന പരിഷ്‌കരിക്കണം


സ്വകാര്യാശുപത്രി ജീവനക്കാരുടെയും വേതനഘടന പരിഷ്‌കരിക്കണം
കാഞ്ഞങ്ങാട്: സ്വകാര്യാശുപത്രികളിലെ മുഴുവന്‍ ജീവനക്കാരുടെയും വേതനഘടന പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തില്‍ പലയിടങ്ങളിലും നേഴ്‌സുമാര്‍ തങ്ങളുടെ മിതവും ന്യായവുമായ അവകാശങ്ങള്‍ നേടാന്‍ സമാധാനപരമായി സമരം ചെയ്യുകയാണ്. വര്‍ഷങ്ങളായി നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ക്കുവേണ്ടിയും അടിച്ചമര്‍ത്തലിനും അടിമപ്പണിക്കുമെതിരെയാണ് സമരം. ഇതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. പോലീസിനെ ഉപയോഗിച്ച് പ്രക്ഷോഭത്തെ ഒതുക്കാമെന്ന് കരുതുന്നത് മൗഡ്യമാണ്.

ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം 2009ല്‍ സര്‍ക്കാര്‍ മിനിമം വേജസ് പ്രഖ്യാപിച്ചപ്പോള്‍ ആറുമാസം മുന്‍കാല പ്രാബല്യം നല്‍കണമെന്ന് അന്നത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടതില്‍ മാത്രമെ തങ്ങള്‍ക്ക് വിയോജിപ്പുള്ളെന്നും സ്വകാര്യാശുപത്രി മാനേജ്‌മെന്റുകള്‍ പരസ്യമായി പറഞ്ഞതാണ്. മിനിമം വേജസ് നല്‍കാനെന്ന പേരില്‍ റൂം വാടകയും സര്‍വീസ് ചാര്‍ജുമെല്ലാം വര്‍ധിപ്പിച്ച മാനേജ്‌മെന്റ് ജീവനക്കാരുടെ ശമ്പളം നിഷേധിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു. 32 മാസം കഴിഞ്ഞിട്ടും മിനിമം വേജസ് നല്‍കാത്ത മാനേജ്‌മെന്റുകള്‍ സമൂഹത്തോട് മറുപടി പറയണം. സര്‍വീസ് വെയിറ്റേജ്, ഇന്‍ക്രിമെന്റ്, ക്ഷാമബത്ത, ആശുപത്രിയുടെ ഗ്രേഡ് അനുസരിച്ചുള്ള സ്‌പെഷ്യല്‍ അലവന്‍സ് ഇവയൊന്നും കൃത്യമായ രീതിയില്‍ ഇപ്പോഴും പല ആശുപത്രികളിലും നല്‍കുന്നില്ല. ഓവര്‍ടൈം അലവന്‍സും പല മാനേജ്‌മെന്റുകളും നിഷേധിക്കുകയാണ്. ക്ഷേമനിധി, പിഎഫ്, ഇഎസ്‌ഐ തുടങ്ങിയ ആനുകൂല്യങ്ങളും പല ആശുപത്രികളിലും നല്‍കാത്ത സ്ഥിതിയാണുള്ളത്. ആശുപത്രികളില്‍ പരിശോധന നടത്താന്‍ നിയോഗിക്കപ്പെട്ട ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് ഇടപെടല്‍ ഇഴഞ്ഞുനീങ്ങുകയാണെന്നും സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

Keywords: Hospital, Staff, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia