വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍
Jan 12, 2012, 16:07 IST
നീലേശ്വരം: വിധവയായ വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ നാലംഗ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മുണ്ടക്കൊടി സ്വദേശികളായ ലുക്ക്മാനൂല്‍ ഹക്കീം, എ.എസ്.റഫീക്ക്, ഹബീബ് എന്നിവരെയാണ് നീലേശ്വരം സിഐ സി.കെ.സുനില്‍കുമാര്‍ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. ഭീമനടി കുറുഞ്ചേരിയിലെ താഴെ കണ്ടത്തില്‍ താമസിക്കുന്ന വിധവയായ വീട്ടമ്മയെയാണ് ബുധനാഴ്ച നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
വീട്ടമ്മയെ പിന്നീട് സംഘം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗൃഹോപകരണങ്ങളുടെ വില്‍പ്പനക്കാരായാണ് സംഘം ആദ്യം വീട്ടമ്മയെ സമീപിച്ചിരുന്നത്. ഇവരില്‍ നിന്നും വീട്ടമ്മ ഉപകരണങ്ങള്‍ വാങ്ങിയെങ്കിലും ഗുണ നിലവാരമില്ലെന്ന് ബോധ്യമായതിനാല്‍ സാധനങ്ങള്‍ വേണ്ടെന്നും പണം തിരിച്ചു തരണമെന്നും സംഘത്തോട് ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്ന് സംഘം പണം നല്‍കി സാധനങ്ങളുമായി തിരിച്ചുപോകുകയായിരുന്നു. പിന്നീട് വൈകുന്നേരം വീട്ടമ്മ നീലേശ്വരത്ത് നിന്നും പടന്നക്കാട്ടേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ സംഘത്തില്‍പ്പെട്ടയാള്‍ കാറുമായി വന്ന് ബലമായി യുവതിയെ വാഹനത്തില്‍ കയറ്റി കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു. പടന്നക്കാട് തോട്ടത്തിനടുത്ത് കാര്‍ നിര്‍ത്തിയശേഷം അവിടെ കാത്ത് നിന്ന മൂന്ന് പേരെയും കാറില്‍ കയറ്റി. തുടര്‍ന്ന് വാഹനത്തില്‍ വെച്ച്‌സംഘം വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മൊബൈലില്‍ ഫോട്ടോ പകര്‍ത്തുകയും ചെയ്തു.
യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങളും സംഘം തട്ടിയെടുത്തു. ഇറക്കിവിടണമെങ്കില്‍ 20,000 രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ കൊന്ന് കളയുമെന്നും സംഘം യുവതിയെ ഭീഷണിപ്പെടുത്തി. വള്ളിക്കടവിലെത്തിയപ്പോള്‍ യുവതി ബഹളം വെക്കുകയും പിടിയിലാവുന്ന് ഭയന്ന സംഘം വീട്ടമ്മയെ വഴിയില്‍ തള്ളിയിട്ട് കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. നേരത്തെ സംഘത്തിന്റെ തട്ടിപ്പിന് ഇരയായ എടത്തോട്ടെ സുനില്‍ ഇവരെ കാണുകയും മലാംങ്കടവിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെ സംഘത്തെ പിടികൂടുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ചിറ്റാരിക്കല്‍ പോലീസാണ് ഹക്കീമിനെയും റഹീമിനെയും കസ്റ്റഡിയിലെടുത്തത്.
Keywords: House-wife, Rape Attempt, arrest, Kanhangad, Kasaragod