ചീമേനി സംഘര്‍ഷം: അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി
May 15, 2012, 22:04 IST
കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചീമേനിയിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് സംഘത്തിനുനേരെ കല്ലെറിഞ്ഞ കേസില്‍ പ്രതികളായ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. ചീമേനിയിലെ പത്മനാഭന്‍, മോഹനന്‍, വിനീഷ്, പ്രമോദ് തുടങ്ങി അഞ്ചു പേരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ കീഴടങ്ങിയത്. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
2012 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. ചീമേനിയില്‍ സിപിഎം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി. കുഞ്ഞിരാമന്‍ ഉള്‍പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. മണ്ഡലം പ്രസിഡന്റിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ഇതേതുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ലാത്തി വീശിയതോടെ പോലീസിന് നേരെ സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കല്ലേറ് നടത്തി. കല്ലേറില്‍ ഏതാനും പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും 100 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും 50 സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരെ ചീമേനി പോലീസ് കേസെടുക്കുകയായിരുന്നു.
Keywords: Chemeni Five Congress workers, Surrendered, Kanhangad, Kasaragod