ചെമ്മട്ടംവയല്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തീ പിടുത്തം; BJP-DYFI റോഡ് ഉപരോധിച്ചു
Feb 28, 2013, 19:54 IST
നൂറുകണക്കിന് കുടുംബങ്ങള്‍ പുക ശ്വസിച്ച് കടുത്ത ദുരിതത്തിലാണ്. കുട്ടികളടക്കം നിരവധി പേര്‍ പുക ശ്വസിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടി. അടുത്തുള്ള അമൃത സ്‌കൂളിലെയും ക്രൈസ്റ്റ് സ്‌കൂളിലെയും കുട്ടികള്‍ക്ക് ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പുക കാരണം സ്വസ്ഥമായി പഠനം നടത്താന്‍ സാധിച്ചില്ല.
ബുധനാഴ്ച രാത്രിയോടെ തീപിടുത്തം കൂടുതല്‍ ശക്തമാവുകയായിരുന്നു. ട്രഞ്ചിംഗ് ഗ്രൗണ്ടിലെ തീപിടുത്തത്തിന് പരിഹാരം കാണാന്‍ നഗരസഭ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ വ്യാഴാഴ്ച രാവിലെ ചെമ്മട്ടംവയലില്‍ റോഡ് ഉപരോധിച്ചു. ബി.ജെ.പി-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡ് ഉപരോധ സമരത്തില്‍ അണിനിരന്നു. വിവരം അറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി റോഡില്‍ നിന്നും ഉപരോധം നടത്തിയവരെ നീക്കിയതോടെ കാഞ്ഞങ്ങാട് നഗരസഭ കാര്യാലയം ഉപരോധിച്ചു.
ഇതിനിടയില്‍ പ്രശ്‌നപരിഹാരത്തിന് കാഞ്ഞങ്ങാട് ഗവ. ഗസ്റ്റ് ഹൗസില്‍ ബി.ജെ.പിയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.
ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തീപിടുത്തമുണ്ടാകാന്‍ കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബി.ജെ.പി-ഡി.വൈ.എഫ്.ഐ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ നഗരസഭയെ ഇപ്പോഴുള്ള രീതിയില്‍ ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന കടുത്ത അനാസ്ഥയാണ് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തീപിടുത്തം ആവര്‍ത്തിക്കാന്‍ കാരണമെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. തീപിടുത്തം സംബന്ധിച്ച് എഫ്.ഐ.ആര്‍ ഇട്ട് വിജിലന്‍സ് അന്വേഷണം നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. അതിനിടെ യോഗത്തില്‍ ബഹളം ഉയര്‍ന്നതിനെ തുടര്‍ന്ന് കലക്ടര്‍ ഇറങ്ങിപ്പോയി. പിന്നീട് നേതാക്കള്‍ കലക്ടറെ അനുനയിപ്പിച്ച് യോഗത്തിലേക്ക് വീണ്ടും തിരിച്ചുകൊണ്ടുവരികയായിരുന്നു.
തീ പിടുത്തത്തിന്റെ കാര്യത്തില്‍ അധികൃതര്‍ യാതൊരു പരിഹാരവും കാണാത്തതില്‍ മനംനൊന്ത് വാര്‍ഡ് കൗണ്‍സിലര്‍ കുസുമം യോഗത്തില്‍ വികാരനിര്‍ഭരയായി പൊട്ടിക്കരഞ്ഞു. അനുരഞ്ജന യോഗത്തില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീറിന് പുറമെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്യാമളദേവി, ഹൊസ്ദുര്‍ഗ് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍, സബ് കലക്ടര്‍ വെങ്കിടേഷ്പതി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡി.വൈ.എഫ്.ഐയുടെ ഉപരോധ സമരം ജില്ലാ പ്രസിഡന്റ് അഡ്വ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. രതീഷ് നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. വി. വി. രമേശന്‍, നിഷാന്ത്, എ.വി. രാഘവന്‍, ശിവജി വെള്ളിക്കോത്ത്, പ്രദീപന്‍ മരക്കാപ്പ് കടപ്പുറം, എ. വി. സഞ്ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങളില്‍ സ്വാഭാവികമായി തീപിടിക്കുന്നതല്ലെന്നും ആസൂത്രിതമായി ചിലര്‍ തീവെക്കുന്നതാണെന്നുമാണ് ബി.ജെ.പി-ഡി.വൈ.എഫ്.ഐ നേതാക്കളുടെ ആരോപണം. ബുധനാഴ്ച രാത്രി പത്ത് മണിവരെ നഗരസഭ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തടഞ്ഞുവെച്ചു. ഇതില്‍ പ്രതിഷേധിച്ച് നഗരസഭ ജീവനക്കാര്‍ പെന്‍ ഡൗണ്‍ സമരം ആരംഭിച്ചിട്ടുണ്ട്.
Keywords: Trenching ground, Chemmattam Vayal, BJP, DYFI, Road, Strike, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News