കല്ലൂരാവിയില്‍ സംഘട്ടനം; ലീഗ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്ക്
May 23, 2012, 16:30 IST
കാഞ്ഞങ്ങാട്: കല്ലുരാവിയിലെ മൂവാരിക്കുണ്ട് പട്ടാക്കലില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു.
മൂവാരിക്കുണ്ടിലെ ഷംസീര്‍ (23), പട്ടാക്കല്ലിലെ ഓട്ടോഡ്രൈവര്‍ വത്സരാജ് (23) എന്നിവര്‍ക്കാണ് സംഘട്ടനത്തില്‍ പരിക്കേറ്റത്. കാഞ്ഞങ്ങാട്ടെ വനിത ടെക്സ്റൈല്‍സില്‍ ജീവനക്കാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷംസീര്‍ ഇന്നലെ രാത്രി 8.30 മണിയോടെ കാഞ്ഞങ്ങാട്ട് നിന്നും പട്ടാക്കലില്‍ ബസിറങ്ങി നടന്നുപോകുമ്പോള്‍ വത്സരാജും മോഹനനും കണ്ടാലറിയാവുന്ന രണ്ടുപേരും ചേര്‍ന്ന് വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു.
ഓട്ടോ ഡ്രൈവറായ വത്സരാജിനെ പട്ടാക്കലില്‍ ഷംസീര്‍, സബീര്‍, സുമീര്‍ തുടങ്ങിയവര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഓട്ടോറിക്ഷ ഉടമയുടെ വീട്ടുമുറ്റത്തെ ഷെഡില്‍വെച്ചശേഷം തിരിച്ച് വരുമ്പോഴാണ് വത്സരാജ് അക്രമത്തിന് ഇരയായത്. ഇരുവരെയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലൂരാവിയില്‍ വീണ്ടും കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
Keywords: Fight, Kalluravi, Kanhangad, Kasaragod