വ്യാജ പാസ്പോര്‍ട്ട് കേസിലെ മുഖ്യ പ്രതി ബീവിയെ ഇനിയും കണ്ടെത്താനായില്ല
Apr 19, 2012, 17:26 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്പോര്‍ട്ട് കേസിലെ മുഖ്യ പ്രതിയായ അജാനൂര്‍ മുട്ടുന്തലയിലെ ബീവിയെന്ന സ്ത്രീയെ കേസ് രജിസ്റര്‍ ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മുട്ടുന്തലയിലെ ഇബ്രാഹിമിന്റെ ഭാര്യ ബീവിക്കെതിരെ 2010 ലാണ് ഹൊസ്ദുര്‍ഗ് പോലീസ് വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റര്‍ ചെയ്തത്. വ്യാജ പാസ്പോര്‍ട്ട് കേസില്‍ അറസ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ബിവിയെന്ന സ്ത്രീയാണ് പാസ്പോര്‍ട്ട് നിര്‍മ്മാണത്തിന് വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയതെന്ന് പോലീസിനോട് വെളിപ്പെടുത്തിയത്.
മുട്ടുന്തലയിലെ വാടക വീട് കേന്ദ്രീകരിച്ചാണ് വ്യാജ പാസ്പോര്‍ട്ട്നിര്‍മ്മാണം നടത്തിയതെന്നും പുറത്ത് വന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുട്ടുന്തലയിലെ ഇബ്രാഹിമിന്റെ ഭാര്യയെന്ന പേരില്‍ ബീവിയെന്ന സ്ത്രീ താമസിക്കുന്നതായി പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു സ്ത്രീയുടെ ഫോട്ടോയ്ക്ക് താഴെ ബീവിയെന്നെഴുതി മുട്ടുന്തല ഇബ്രാഹിമിന്റെ ഭാര്യ എന്ന് ചേര്‍ത്ത് അതില്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാരുടെയും അജാനൂര്‍ വില്ലേജ് ഓഫീസറുടെയും വ്യാജ സീലും ഒപ്പും പതിച്ച് കൃത്രിമ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കുകയും ഇവ കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിച്ച് പാസ്പോര്‍ട്ടുകള്‍ സമ്പാദിക്കുകയും ചെയ്തുവെന്നാണ് കേസ്.
വന്‍ റാക്കറ്റ് തന്നെയാണ് ബീവിയുടെ മറവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണത്തിന് ബീവിക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് കൊളവയല്‍ ബ്രാഞ്ച് പോസ്റ് ഓഫീസിലെ പോസ്റ്മാന്‍ അജാനൂര്‍ മീത്തല്‍ വീട്ടിലെ എം.വി. ബാലനെ ഹൊസ്ദുര്‍ഗ് പോലീസ് കേസില്‍ രണ്ടാം പ്രതിയാക്കിയത്. അറസ്റിലായ പോസ്റ്മാനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (1) കോടതി റിമാന്റ് ചെയ്തുവെങ്കിലും പ്രതിക്ക് ഇന്നലെ വൈകുന്നേരത്തോടെ കോടതി ജാമ്യം അനുവദിച്ചു. വ്യാജ പാസ്പോര്‍ട്ടുമായി ബന്ധമുള്ള കൂടുതല്‍പേര്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിവരികയാണ്.
വ്യാജ രേഖകള്‍ ഉപയോഗിച്ചും ആള്‍മാറാട്ടത്തിലൂടെയും വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണം നടത്താന്‍ ഒത്താശ നല്‍കിയവരെ കേസില്‍ പ്രതികളാക്കാനുള്ള നീക്കം പോലീസ് നടത്തുന്നുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടല്‍ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ബീവിയെന്ന സ്ത്രീക്ക് വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ബീവിയുടെ കൃത്യമായ വിലാസം കണ്ടെത്താന്‍ കഴിയാത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. വ്യാജ പാസ്പോര്‍ട്ട് കേസില്‍ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.
Keywords: Fake passport, case, Kanhangad, Kasaragod