വ്യാജ പാസ്പോര്‍ട്ട് തട്ടിപ്പ്: 33 പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞു
May 15, 2012, 16:41 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വ്യാജ പാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് പോലീസ് തുടരന്വേഷണം ശക്തമാക്കി. വ്യാജ പാസ്പോര്‍ട്ട് മാഫിയാ സംഘത്തില്‍പെട്ട 33 പേരെകൂടി പോലീസ് തിരിച്ചറിഞ്ഞു. ഹൊസ്ദുര്‍ഗ് അഡീ.എസ്.ഐ എം ടി മൈക്കിളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കാഞ്ഞങ്ങാട്ടെ വ്യാജ പാസ്പോര്‍ട്ട് കേസില്‍ അന്വേഷണം നടത്തുന്നത്. പാസ്പോര്‍ട്ട് തട്ടിപ്പിന്റെ സൂത്രധാരന്മാരും ട്രാവല്‍ ഉടമകളുമായ ബദിയഡുക്കയിലെ മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട്ടെ അബ്ദുള്ള, കൊളവയലിലെ പോസ്റ്മാന്‍ ബാലന്‍, പോലീസുകാരന്‍ അശോകന്‍, ഉദുമയിലെ സന്തോഷ് എന്നിവരെ ഇതിനകം പോലീസ് അറസ്റ് ചെയ്തിരുന്നു.
കൊളവയല്‍ സ്വദേശിനിയായ ബീവിയാണ് വ്യാജ പാസ്പോര്‍ട്ട് സംഘത്തിലെ പ്രധാന കണ്ണിയെങ്കിലും ബീവി എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ബീവിയുടെ പേരും വിലാസവും വ്യാജമാണെന്ന് പോലീസ് സംശയിക്കുന്നു.
കൊളവയല്‍,അതിഞ്ഞാല്‍, അജാനൂര്‍, മാണിക്കോത്ത്, പടന്നക്കാട്, കല്ലൂരാവി, മഡിയന്‍ തുടങ്ങിയ പ്രദേശങ്ങളിലെ വ്യാജ മേല്‍വിലാസങ്ങളില്‍ കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക, മംഗലാപുരം ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പാസ്പോര്‍ട്ട് സമ്പാദിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാട് എ എസ്പി എച്ച് മഞ്ചുനാഥയുടെ മേല്‍നോട്ടത്തിലാണ് വ്യാജപാസ്പോര്‍ട്ട് കേസില്‍ പ്രത്യേക സ്ക്വാഡ് അന്വേഷണം നടത്തിവരുന്നത്.
2009-10 കാലയളവുകളിലായി കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ഒട്ടനവധി വ്യാജ പാസ്പോര്‍ട്ടുകളാണ് ഉണ്ടാക്കിയത്. പോലീസുകാരന്‍ അശോകന്‍ ഈ കാലത്ത് നിരവധിപേര്‍ക്ക് വ്യാജ പാസ്പോര്‍ട്ടുകള്‍ നേടിയെടുക്കാന്‍ പണം വാങ്ങി വഴിവിട്ട സഹായങ്ങള്‍ നല്‍കുകയായിരുന്നു. വ്യാജപാസ്പോര്‍ട്ടുമായി ബന്ധമുള്ള കൂടുതല്‍ പേരെകുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
Keywords: Fake Passport case, Kanhangad, Kasaragod