കള്ളനോട്ട് കേസ്: എന്‍.ഐ.എ ശനിയാഴ്ച കാഞ്ഞങ്ങാട്ടെത്തും
Dec 9, 2011, 15:32 IST
കാഞ്ഞങ്ങാട്: തളിപ്പറമ്പില്‍ വാഹന പരിശോധനക്കിടയില്‍ പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയിലെ ആറംഗ സംഘം ശനിയാഴ്ച കാഞ്ഞങ്ങാട്ടെത്തും. എന്‍ ഐ എ, ഡി വൈ എസ് പി, മുഹമ്മദ് താജുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനെത്തുക. സംഘം വെള്ളിയാഴ്ച്ച തളിപ്പറമ്പില്‍ എത്തുന്നുണ്ട്. കേസിനെ കുറിച്ച് ലോക്കല്‍ പോലീസ് ഇതുവരെ നടത്തിയ അന്വേഷണ വിവരങ്ങള്‍ ശേഖരിക്കുന്ന സംഘം ശനിയാഴ്ച കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും അന്വേഷണത്തിനായി എത്തുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട സാക്ഷികളില്‍ നിന്ന് എന്‍ ഐ എ മൊഴിയെടുക്കും.
ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ്‌നഗര്‍ പള്ളിക്കടുത്ത് താമസിക്കുന്ന അക്കരമ്മല്‍ കമാല്‍ ഹാജി, പിലാത്തറയിലെ വടക്കേപുരയില്‍ പ്രദീപ്കുമാര്‍, ഇളയാവൂരിലെ പാറപ്രത്ത് എം.പി.ആഷിഷ് എന്നിവരെയാണ് സെപ്തംബര്‍ 18 ന് വാഹന പരിശോധനയ്ക്കിടയില്‍ കള്ളനോട്ടുകളുമായി തളിപ്പറമ്പ് പോലീസ് പിടികൂടിയത്. അന്താരാഷ്ട്ര ബന്ധമുള്ള കള്ളനോട്ട് റാക്കറ്റുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം എന്‍ ഐ എയിക്ക് കൈമാറാന്‍ പോലീസ് തീരുമാനിച്ചത്. കള്ളനോട്ട് പാകിസ്ഥാനില്‍ അച്ചടിച്ചതാണെന്ന സൂചനയെ തുടര്‍ന്ന് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ ഐ എ തയ്യാറാവുകയായിരുന്നു. കമാല്‍ ഹാജി, പ്രദീപ് കു മാര്‍,ആഷിഷ് എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം എന്‍ ഐ എ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരുന്നു. കമാല്‍ ഹാജിയുടെ സഹോദരന്‍ ഗള്‍ഫിലുള്ള അബൂബക്കര്‍ ഹാജിയെയും ലോക്കല്‍ പോലീസ് കേസില്‍ പ്രതിചേര്‍ത്തിരുന്നെങ്കിലും എന്‍ ഐ എ ഫയല്‍ ചെയ്ത എഫ് ഐ ആറില്‍ അബൂബക്കര്‍ ഹാജിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. അന്വേഷണം ഗള്‍ഫിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സൂചന.ഷാര്‍ജ ലേബര്‍ ഓഫീസിന് തൊട്ടടുത്തുള്ള മുറിയില്‍ ടൈപ്പ് റൈറ്റിംഗ് ജോലി നടത്തി വരികയായിരുന്ന കമാല്‍ ഹാജി വിമാനത്താവളം വഴി മനുഷ്യക്കടത്തും വിസ ഇടപാടും നടത്തുന്ന പ്രധാന ഏജന്റാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ആഗസ്റ്റ് 24 ന് ഷാര്‍ജയില്‍ നിന്ന് കമാല്‍ ഹാജി മംഗലാപുരം വഴിയാണ് നാട്ടിലെത്തിയത്.
കള്ളനോട്ടുമായി പിടിയിലായ മറ്റൊരു പ്രതി കമാല്‍ ഹാജിയുടെ അടുത്ത ചങ്ങാതിയായ പ്രദീപ്കുമാര്‍ ആഗസ്റ്റ് 17 ന് ഷാര്‍ജയില്‍ നിന്ന് മംഗലാപുരം വഴി നാട്ടിലേക്ക് മടങ്ങിയെത്തിയതായി തെളിഞ്ഞിരുന്നു. രണ്ടുപേരും ഈ യാത്രയിലാണ് ലക്ഷങ്ങളുടെ കള്ളനോട്ട് നാട്ടിലേക്ക് ഒളിച്ചുകടത്തിക്കൊണ്ടുവന്നതെന്നാണ് സംശയം. ഇവരില്‍ നിന്ന് കറന്‍സി കൈപ്പറ്റിയ ചെമ്മനാട്ടെ ബിസിനസുകാരന്‍ മുസ്തഫയുടെ വീട്ടില്‍ നിന്ന് പോലീസ് സംഘം 4.80 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു.
ദക്ഷിണേന്ത്യയില്‍ കള്ളനോട്ട് വാരിവിതറി തടിച്ചുകൊഴുത്ത മുട്ടുന്തല ഹാജിയുടെ ദുബായിലുള്ള രഹസ്യതാവളത്തില്‍ നിന്നാണ് തളിപ്പറമ്പിലേക്ക് കള്ളനോട്ട് എത്തിയതെന്നാണ് സൂചന. നിരവധി കള്ളനോട്ട് കേസുകളില്‍പെട്ട് ഗള്‍ഫില്‍ വര്‍ഷങ്ങളായി കഴിഞ്ഞുവരികയാണ് മുട്ടുന്തല ഹാജി. പോലീസ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുട്ടുന്തല ഹാജി സ്വന്തം മകളുടെ വിവാഹം ഗള്‍ഫില്‍ വെച്ച് നടത്തിയിരുന്നു. പോലീസ് തലത്തില്‍ ഉന്നത സ്വാധീനമുള്ള ഹാജി രാജ്യത്തെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയെത്തിയാലും അറസ്റ്റ് ചെയ്യപ്പെടാവുന്ന പോലീസിന്റെ റെഡ് അലര്‍ട്ട് നിലനില്‍ക്കെ ഈയിടെ ഇടക്കിടെ നാട്ടില്‍ വന്ന് മടങ്ങിപ്പോയതായി പോലീസിന് ഇപ്പോള്‍ വിവരം ലഭിച്ചിട്ടുണ്ട്.
മംഗലാപുരം വിമാനത്താവളം പുതുക്കിപ്പണിതതിനുശേഷം ഇതാദ്യമായാണ് ഇതുവഴി കേരളത്തിലേക്ക് കള്ളനോട്ട് എത്തിയതെന്ന് വിലയിരുത്തുന്നു. നേരത്തെ തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട് വിമാനത്താവളം വഴിയാണ് കള്ളനോട്ട് എത്തിച്ചുകൊണ്ടിരുന്നത്. സംഘം ഇപ്പോള്‍ മംഗലാപുരത്തെ ആശ്രയിച്ചുതുടങ്ങിയത് അവിടുത്തെ ഉദ്യോഗസ്ഥരുമായുള്ള അവിഹിതബന്ധവും സ്വാധീനവും മറയാക്കിയാണെന്നും വ്യക്തമായിട്ടുണ്ട്.
ശനിയാഴ്ച കാഞ്ഞങ്ങാട്ടെത്തുന്ന ദേശീയ അന്വേഷണ ഏജന്‍സി സംഘം കമാല്‍ ഹാജി, അബൂബക്കര്‍ ഹാജി എന്നിവരുമായി അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ചെമ്മനാട്ടെ വ്യാപാരി മുസ്തഫയില്‍ നിന്നും മൊഴിയെടുത്തേക്കും. കേരളത്തില്‍ എന്‍ ഐ എ ഏറ്റെടുക്കുന്ന ആദ്യത്തെ കള്ളനോട്ട് കേസാണിത്. കാഞ്ഞങ്ങാട്ടെ ചില പഴയ കള്ളനോട്ട് കേസുകളെ കുറിച്ചുള്ള വിവരങ്ങളും എന്‍ ഐ എ ശേഖരിക്കും.
Keywords: Fake Notes, case, Kanhangad, Kasaragod