city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫഹദ് വധം: കുറ്റപത്രം വേഗത്തില്‍ തയ്യാറാക്കാന്‍ പോലീസ് നടപടി തുടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 12/07/2015) കല്ല്യോട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അമ്പലത്തറ കണ്ണോത്തെ മുഹമ്മദ് ഫഹദിനെ അയല്‍വാസിയായ വിജയകുമാര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വേഗത്തില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് പോലീസ് നടപടി ആരംഭിച്ചു.

സംഭവത്തിന്റെ ഗൗരവസ്വഭാവം പരിഗണിച്ചാണ് എത്രയും വേഗം ഈ കൊലക്കേസില്‍ കുറ്റപത്രം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പോലീസ് ആരംഭിച്ചിരിക്കുന്നത്. ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫഹദിന്റെ പിതാവിനോടുള്ള അടങ്ങാത്ത പകയാണ് ഇത്രയും ക്രൂരമായ ഒരു കൊലപാതകത്തിന് വിജയകുമാറിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഫഹദിന്റെ പിതാവ് അബ്ബാസിനെ വധിക്കാന്‍ നിരവധി തവണ വിജയകുമാര്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ഇതോടെയാണ് പിഞ്ചുകുഞ്ഞിനെ കൊന്ന് ഇയാള്‍ അബ്ബാസിന്റെ കുടുംബത്തോടുള്ള പക വീട്ടിയത്. അതിനിടെ വിജയകുമാറിനെ മാനസിക രോഗിയായി ചിത്രീകരിച്ച് കേസില്‍ നിന്നും രക്ഷപ്പെടുത്താനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ജനരോഷത്തെ തുടര്‍ന്ന് ഈ നീക്കം പരാജയപ്പെടുകയായിരുന്നു.

ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഒരു മെക്കാനിക്കല്‍ എഞ്ചിനീയറുടെ വൈദഗ്ദ്യമാണ് വിജയകുമാറിനുള്ളത്. വിദ്യാഭ്യാസം കുറവാണെങ്കിലും സാങ്കേതികമായ കാര്യങ്ങളില്‍ ഇയാള്‍ക്ക് നല്ല അറിവുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിജയകുമാര്‍ തന്റെ മുറിയില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍ കണ്ടപ്പോള്‍ പോലീസ് അമ്പരക്കുകയായിരുന്നു. തെങ്ങുകയറ്റത്തൊഴിലാളി എന്നതിലുപരി ഇത്തരം കാര്യങ്ങളിലുള്ള പരിജ്ഞാനം കൂടി പരിഗണിക്കുമ്പോള്‍ വിജയകുമാര്‍ മാനസിക രോഗിയാണെന്ന വാദം തീര്‍ത്തും പൊള്ളയാണെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിന് മുമ്പും ശേഷവും വിജയകുമാറിന്റെ മൊബൈലില്‍ നിന്ന് പോയ സന്ദേശങ്ങളും ഇങ്ങോട്ട് വന്ന സന്ദേശങ്ങളും പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഈ രീതിയിലുള്ള അന്വേഷണം നടക്കുന്നത്.

അതിനിടെ പിഞ്ചുകുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകനായ വിജയകുമാറിനെ മാനസിക രോഗിയാണെന്ന് വ്യാഖാനിച്ച് സംഭവത്തെ നിസാവത്കരിക്കാനുള്ള ശ്രമം കാപട്യമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ആര്‍ എസ് എസ് നല്‍കുന്ന പരിശീലനവും പ്രചാരണവും സൃഷ്ടിക്കുന്ന മാനസികാവസ്ഥ ഏതു ക്രൂരകൃത്യവും ചെയ്യാന്‍ മടിയില്ലാത്ത സ്ഥിതിയിലേക്ക് എത്തിക്കുന്നതിന്റെ ഉദാഹരണമാണ് വിജയന്‍ എന്ന വസ്തുത മറച്ചുപിടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇതു തിരിച്ചറിയണമെന്നും ഈ സംഭവത്തിനെതിരെ ബഹുജന മനസാക്ഷി ഉണരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ബി ജെ പിയുടെയും സംഘ്പരിവാറിന്റെയും തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്നും ഇതിനെ ശക്തമായി ചെറുത്തുതോല്‍പിക്കുമെന്നും ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്തും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ പല ഭാഗങ്ങളിലും സി പി എമ്മില്‍ നിന്നും ബി ജെ പിയിലേക്ക് അണികള്‍ ഒഴുകുകയാണെന്നും ഇതില്‍ സമനില തെറ്റിയ സി പി എം നേതൃത്വം രണ്ടു വോട്ടുകിട്ടാന്‍ വേണ്ടി ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫഹദ് വധം: കുറ്റപത്രം വേഗത്തില്‍ തയ്യാറാക്കാന്‍ പോലീസ് നടപടി തുടങ്ങി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia