കാഞ്ഞങ്ങാട്ട് ഡങ്കിപ്പനി: ഇരിക്കൂര്‍ യുവാവ് മരണപ്പെട്ടു
Dec 10, 2012, 22:02 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിന്ന് ഡങ്കിപ്പനി ബാധിച്ച് നാട്ടിലേക്ക് മടങ്ങിയ ഇരിക്കൂര്‍ സ്വദേശിയായ യുവാവ് ചികിത്സക്കിടെ മരണപ്പെട്ടു. ഹൊസ്ദുര്‍ഗ് ജോയിന്റ് ആര്‍.ടി.എ. ഓഫീസിന് എതിര്‍വശത്ത് ബസ് ടിക്കറ്റ് യന്ത്ര വില്‍പ്പനയും സ്പീഡ് ഗവേര്‍ണര്‍ റിപ്പയറിംഗും നടത്തുന്ന ആഗ്ര ഏജന്‍സീസ് സ്ഥാപനത്തിലെ ജീവനക്കാരനും ഇരിക്കൂര്‍ പെരുമണ്ണ് സ്വദേശിയുമായ എ.കെ. അഖീഷാണ്(26)ഇന്ന് വെളുപ്പിന് ചികിത്സക്കിടയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
പനി ബാധിച്ച് ഡിസംബര്‍ 2 ന് കാഞ്ഞങ്ങാട്ട് നിന്ന് നാട്ടിലേക്ക് മടങ്ങിയതായിരുന്നു അഖീഷ്. സഹോദരിഭര്‍ത്താവും ഇരിക്കൂര്‍ മാമാനത്ത് ക്ഷേത്രത്തിലെ ജീവനക്കാരനുമായ സദാനന്ദന്‍ ശബരിമലക്ക് യാത്ര തിരിക്കുന്ന ചടങ്ങില്‍ സംബന്ധിച്ച അഖീഷിന് പനി കൂടിവരികയായിരുന്നു. ഇന്നലെ രാവിലെ പൊടുന്നനെ പനി മൂ ര്‍ച്ഛിച്ച യുവാവിനെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വെളുപ്പിന് 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കാഞ്ഞങ്ങാട്ട് ഈ സ്ഥാപനത്തില്‍ ജോലി നോക്കിവരികയായിരുന്നു യുവാവ്. പെരുമണ്ണിലെ കുഞ്ഞനന്തന്‍-ശ്രീമതി ദമ്പതികളുടെ മകനാണ്. കണ്ണൂര്‍ മിലിട്ടറി സ്‌കൂളിലെ അധ്യാപകന്‍ അനീഷ്, ആശ എന്നിവര്‍ സഹോദരങ്ങളാണ്.
ഹൊസ്ദുര്‍ഗില്‍ ഡങ്കിപ്പനി ബാധിച്ചവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. ജോയിന്റ് ആര്‍.ടി.എ. ഓഫീസ് പരിസരത്താണ് കൂടുതലായും ഡങ്കിപ്പനി പടരുന്നത്. ഇതിനടുത്തുള്ള സി.പി.ഐ. മണ്ഡലം കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ ജീവനക്കാരന് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
സി.പി.ഐ. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി മഡിയനിലെ എ. ദാമോദരനെ ഡങ്കിപ്പനി ബാധിച്ച് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി.
ജോയിന്റ് ആര്‍.ടി.എ. ഓഫീസിലെ നാല് പേര്‍ ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. ഹെഡ് അക്കൗണ്ടന്റ് നീലേശ്വരം സ്വദേശി നാരായണന്‍, ക്ലര്‍ക്കുമാരായ കാസര്‍കോട് സ്വദേശി പ്രദീപ്, പയ്യന്നൂര്‍ സ്വദേശി രാജീവന്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി പുല്ലൂര്‍ ഹരിപുരത്തെ രമണി എന്നിവര്‍ക്കാണ് പനി ബാധിച്ചത്. ഈ ഓഫീസിന് തൊട്ട് മുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ രണ്ട് ഉദേ്യാഗസ്ഥര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
നഗരത്തിലെ ഡ്രൈവിംഗ് സ്‌കൂളിലെ പരിശീലകന്‍ ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിനടുത്ത് താമസിക്കുന്ന സതീശന്‍, ഹൊസ്ദുര്‍ഗ് എല്‍.വി. ടെമ്പിളിനടുത്ത് താമസിക്കുന്ന സന്തോഷ്, വെഹിക്കിള്‍ കണ്‍സള്‍ട്ടന്റ് ജയറാം എന്നിവര്‍ ഡങ്കിപ്പനി ബാധിച്ച് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്.
ജോയിന്റ് ആര്‍.ടി.എ. ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റ് നീലേശ്വരം സ്വദേശി കുഞ്ഞമ്പു, ഇതേ ഓഫീസ് കെട്ടിടത്തിന് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിലെ ജീവനക്കാരിയായ കൊളവയലില്‍ താമസിക്കുന്ന ശ്രീജ എന്നിവര്‍ ഡങ്കിപ്പനി ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലുണ്ട്. ദിവസവും നിരവധി പേരാണ് ഡങ്കിപ്പനി ബാധിച്ച് കാഞ്ഞങ്ങാട്ടെയും പരിയാരത്തെയും മംഗലാപുരത്തെയും ആശുപത്രികളില്‍ ചികിത്സ തേടി വരുന്നത്.
പനി ബാധിക്കുന്നത് പലരും ഗൗരവത്തോടെ കൈകാര്യം ചെയ്യാത്തതാണ് മരണം കൂടുന്നതിന് ഇടയാക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭ പ്രദേശത്തും സമീപ പ്രദേശങ്ങളിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരികയാണെന്ന് ആരോഗ്യവകുപ്പ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ മുട്ടയിട്ട് വളര്‍ന്നുവരുന്ന വരയന്‍ കൊതുകുകള്‍ അഥവാ കടുവാ കൊതുകുകള്‍ എന്ന് അറിയപ്പെടുന്ന ഈഡിസ് ഈജിപ്റ്റി എന്ന ഇനം കൊതുകുകളാണ് ഡങ്കിപ്പനി വിതക്കുന്നത്. പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, തലവേദന, പേശി വേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ, അതിശക്തമായ നടുവേദന, കണ്ണിന് പിറകിലുള്ള വേദന, ശരീരത്തില്‍ ചുവന്ന് തിണര്‍ത്ത പാടുകള്‍ എന്നിവയാണ് ഡങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. കടുത്ത രോഗമുള്ളവരില്‍ രക്തസമ്മര്‍ദ്ദം താഴുകയോ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തില്‍ വരുന്ന കുറവ് മൂലം മൂക്ക്, മലദ്വാരം തുടങ്ങിയവയില്‍ നിന്ന് രക്തസ്രാവമുണ്ടാവുകയോ ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ് കട്ടപിടിക്കുകയോ ചെയ്യാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
പനി ബാധിച്ചാല്‍ ഒരു നിമിഷം പോലും അമാന്തിക്കാതെ ചികിത്സ നേടണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
Keywords : Kasaragod, Kanhangad, Youth, Death, Fever, A.K. Ageesh, Irikur, Hospital, Treatment, CPM, R.T.A. Office, Health Department, Kerala, Malayalam News.