പുള്ളിമാന്‍ മോട്ടോര്‍ ബൈക്കിടിച്ച് ചത്തു
Oct 16, 2012, 17:45 IST
കാഞ്ഞങ്ങാട്: റോഡിന് കുറുകെ ചാടിയ പുള്ളിമാന്‍ മോട്ടോര്‍ ബൈക്കിടിച്ച് ചത്തു. തോയമ്മല്‍ ദേശീയപാതയില്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗം അസി. എഞ്ചിനീയര്‍ ഓഫീസിന് മുന്നിലാണ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ പുള്ളിമാന്‍ ബൈക്കിടിച്ച് ചത്തത്.
ഏതാണ്ട് അഞ്ച് വയസ് പ്രായം തോന്നിക്കുന്ന ആണ്‍വര്‍ഗത്തില്‍പ്പെട്ട പുള്ളിമാന് 40 കിലോ തൂക്കമുണ്ട്. റോഡിന് കുറുകെ ചാടിപോകുമ്പോള്‍ പൊടുന്നനെ ബൈക്കിന്റെ ഇടിയേറ്റ് തലകുത്തി റോഡില്‍ വീണ പുള്ളിമാന്‍ പിടഞ്ഞ് മരിക്കുകയായിരുന്നു. തലപൊട്ടി ചോരയൊലിച്ചിരുന്നു.
വിവരം അറിഞ്ഞ് പരിസരവാസികള്‍ ഓടിക്കൂടി പുള്ളിമാന് കുടിക്കാന്‍ വെള്ളം വായയില്‍ ഒഴിച്ചുകൊടുത്തുവെങ്കിലും ഇതിനിടയില്‍ ചാവുകയായിരുന്നു. ബൈക്ക് യാത്രക്കാരന് നിസാര പരിക്കേറ്റു. സംഭവം പന്തികേടെന്ന് മനസ്സിലാക്കിയ ബൈക്ക് ഓടിച്ച യുവാവ് സംഭവം നടന്നയുടന്‍ ബൈക്കുമായി സ്ഥലംവിട്ടു.
നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ച് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെ വാച്ചര്‍മാരായ രാഘവന്‍, ബിജു, അബൂബക്കര്‍ എന്നിവര്‍ സ്ഥലത്തെത്തുകയും പുള്ളിമാന്റെ ജഡം ഹൊസ്ദുര്‍ഗ് കോടതി സമുച്ചയത്തിനടുത്തുള്ള മൃഗാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ജി. പ്രദീപ് മൃഗാശുപത്രിയിലെത്തി പുള്ളിമാനെ പരിശോധിച്ചു. പുള്ളിമാന്റെ ജഡം പെരിയ മൃഗാശുപത്രിയിലെ ഡോക്ടര്‍ കാഞ്ഞങ്ങാട്ടെത്തി പോസ്റ്റുമോര്‍ട്ടം ചെയ്തു. ഇതിനുശേഷം റിസര്‍വ് വനത്തില്‍ മറവ് ചെയ്യാനാണ് തീരുമാനം. കൊടുംകാടുകളില്‍ ചീറി മിന്നല്‍പിണര്‍ പോലെ തുള്ളിച്ചാടാറുള്ള പുള്ളിമാനുകള്‍ കാട്ടില്‍ നിന്ന് നാട്ടിലിറങ്ങുക അപൂര്‍വമാണ്.
തോയമ്മല്‍ പ്രദേശങ്ങളില്‍ കുറ്റിക്കാടുകള്‍ ധാരാളമുണ്ട്. കാട്ടില്‍ നിന്നിറങ്ങിയ പുള്ളിമാന്‍ കുറ്റിക്കാടുകളില്‍ കഴിയുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. രാവിലെ റോഡിന് കുറുകെ തുള്ളിച്ചാടുന്നതിനിടയിലാണ് പുള്ളിമാനെ ബൈക്ക് തട്ടിയത്.
Keywords: Deer, Dead, Bike, Hits, Kanhangad, Kasaragod, Kerala, Malayalam news, Kerala News