ഭൂപരിഷ്ക്കരണ നിയമ അട്ടിമറിക്കെതിരെ സി.പി.എം.അനുകൂല സംഘടനകള്‍ സമരത്തിലേക്ക്
Oct 20, 2012, 22:34 IST
കാസര്‍കോട് : ഭൂപരിഷ്ക്കരണ നിയമം അട്ടിമറിക്കുന്നിനെതിരെ സി.പി.എം.അനുകൂല സംഘടനകള്‍ സമരത്തിലേക്ക്. ജനുവരി ഒന്നുമുതല്‍ അതിശക്തമായ ഭൂസംരക്ഷണ സമരം തുടങ്ങുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്,ആദിവാസി ക്ഷേമസമിതി, കോളനി അസോസിയേഷന് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം ആരംഭിക്കുന്നത്.
പാട്ടവ്യവസ്ഥ ലംഘിച്ചതും, പാട്ട കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കുക,എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശം വെച്ച ഭൂമിയും കൃഷി ചെയ്യാത്ത തോട്ടഭൂമിയും ഏറ്റെടുക്കുക, നാമ മാത്രമായ ഭൂമിയില്‍ കൃഷിചെയ്ത് ഉപജീവനം നടത്തുന്ന കര്‍ഷകര്‍ക്ക് ഭൂമിക്ക് പാട്ടയം നല്‍കുക, 2008 ലെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിക്കുന്നത്. കുടുംബത്തിന് പരാവധി കൈവശം വെക്കാവുന്ന 15 ഏക്കറില്‍ അധികമുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതാണ് സമരത്തിലെ മറ്റൊരു പ്രധാന ആവശ്യം.
നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം യു.ഡി.എഫ്.സര്‍ക്കാര്‍ അസാധുവാക്കുകയാണ്. 2005 നു മുമ്പ് നികത്തിയ നെല്‍പ്പാടങ്ങള്‍ക്കും മറ്റും സാധൂകരണം നല്‍കാനുള്ള തീരുമാനം റിയല്‍ എസ്റ്റേറ്റ് മാഫിയയെ സംരക്ഷിക്കാനാണ് .കേരളത്തിലെ സമ്പന്നരും പുറത്തു നിന്നുള്ള അതിസമ്പന്നരും നെല്‍വയല്‍ വാങ്ങിക്കൂട്ടി കൃഷി ചെയ്യാതെ തരിശായിട്ടിരിക്കുകയാണ്.സംസ്ഥാനത്ത് ഒരു തുണ്ട് നെല്‍വയല്‍ പോലും നികത്താന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.തോട്ട ഭൂമിയില്‍ അഞ്ചു ശതമാനം മറ്റു ആവശ്യങ്ങള്‍ക്ക വിനിയോഗിക്കുന്നതും കശുമാവിന് തോട്ടത്തെ ഭൂപരിധിയില്‍ നിന്നൊഴിവാക്കുന്നതും മിച്ച ഭൂമിയില്ലാതാക്കാനുള്ള നീക്കമാണ്. അഞ്ചുശതമാനം ഭൂമിയില്‍ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്താന്‍ പോവുകയാണ്. ഇപ്രകാരം 9000 ഏക്കര്‍ ഭൂമിയാണ് റിസോര്‍ട്ട് മാഫിയയുടെ കയ്യില്‍ വരിക.ഇവിടങ്ങളില്‍ റിസോര്‍ട്ടു പണിയാന്‍ അനുവദിക്കില്ല.
അനധികൃതമായി ഭൂമി കൈവശം വെച്ചാല്‍ അധികൃതര്‍ക്ക് ചൂണ്ടിക്കാണിച്ച് അത്തരം ഭൂമിയില്‍ പ്രവേശിക്കും.അനധികൃതമായി കയ്യടക്കിവെക്കുന്ന തോട്ടങ്ങളില്‍ സമരം തുടങ്ങും.
ജില്ലയിലെ സമരത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനും ഭൂപരിഷ്ക്കരണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള ജില്ലാ കണ്വെന്ഷന് ഒക്ടോബര്‍ 26 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ നടക്കും.സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ഉല്‍ഘാടനം ചെയ്യും. ബി.രാഘവന്, വിദ്യാധരന് കാണി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് 12 ഏരിയകകളിലും 28 മുതല്‍ കണ്വെന്ഷന് നടക്കും. നവംബര്‍ 10 നും 25 നും ഇടയില്‍ വില്ലേജ് തലത്തില്‍ കണ്വെന്ഷന് നടക്കും. ഈ കണ്‍വെന്‍ഷനില്‍ ഭൂരഹിതര്‍ ഭവനരഹിതര്‍ എന്നിവരെ പങ്കെടുപ്പിക്കും. സമര ഭൂമിയില്‍ പ്രവേശിക്കാനുള്ള വളണ്ടിയര്‍മാരുടെ റിക്ര്യൂട്ട്മെന്റ് ഡിസംബര്‍ 15 നു മുമ്പ് പൂര്‍ത്തിയാകും. ജില്ലയിലെ സമര കേന്ദ്രങ്ങള്‍ നവംബര്‍ 30 ന് മുമ്പ് പ്രഖ്യാപിക്കും. ഡിസംബര്‍ ആദ്യവാരം സംസ്ഥാന ജാഥ തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടു നിന്നും ആരംഭിക്കും. പ്രാദേശിക ജാഥകള്‍ വില്ലേജ് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.
Keywords: Kasaragod, Pressmeet, Farmers-meet, Protect, Family, District, Political Party, Kanhangad, Kerala