city-gold-ad-for-blogger

നീലേശ്വരം നഗരസഭ; സി.പി.ഐയുടെ സീറ്റ് തട്ടിയെടുക്കാന്‍ സി.പി.എം നീക്കം

നീലേശ്വരം: (www.kasargodvartha.com 13/07/2015) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായതോടെ നീലേശ്വരം നഗരസഭയില്‍ സി.പി.ഐയുടെ സീറ്റ് തട്ടിയടുക്കാന്‍ സി.പി.എമ്മില്‍ കരുനീക്കം ശക്തമായി. എല്‍.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയായ സി.പി.ഐയെ ഒതുക്കണമെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം ആവശ്യം ഉന്നയിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.

ഇത്തവണ ആറാം വാര്‍ഡായ പട്ടേന സിപിഐക്ക് നല്‍കരുതെന്ന് സിപിഎം പ്രാദേശിക നേതൃത്വം മേല്‍കമ്മിറ്റികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ സി.പി.ഐയുടെ പോഷക സംഘടനയായ മഹിളാ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി. ഭാര്‍ഗവിയാണ് പട്ടേനയില്‍ മത്സരിച്ചത്. നൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷ ത്തോടെ ഭാര്‍ഗവി വിജയിക്കുകയും ചെയ്തു.

യുഡിഎഫിന്റെ കുത്തക വാര്‍ഡായിരുന്ന ഇവിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സുസമ്മതനും ജനകീയനുമായ കൃഷ്ണന്‍ ഭട്ടതിരിപ്പാടിനെ സര്‍വസ്വതന്ത്രനായി മത്സരിപ്പിച്ചാണ് സിപിഎം വാര്‍ഡ് പിടിച്ചെടുത്തത്. മുന്നോക്ക വോട്ടുകള്‍ നിര്‍ണായകമായ വാര്‍ഡില്‍ ഭട്ടതിരിപ്പാടിന്റെ സ്വാധീനം കൊണ്ടു തന്നെ വന്‍ ഭൂരിപക്ഷത്തിന് ജയിക്കാനായി. അടുത്ത തിരഞ്ഞെടുപ്പില്‍ സംവരണ വാര്‍ഡായപ്പോള്‍ പ്രശസ്ത തെയ്യം കലാകാരന്‍ സുരേഷ്ബാബുവിനെ സിപിഎം കളത്തിലിറക്കി സീറ്റു നിലനിര്‍ത്തി. പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ അധ്യാപകനും അനൗണ്‍സറുമായ നാരായണന്‍ മാസ്റ്റര്‍ ഇവിടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു.

മുന്‍സിപ്പാലിറ്റിയായപ്പേള്‍ വാര്‍ഡ് വനിതാ സംവരണമായി. വിജയ സാധ്യതയില്ലാത്ത വാര്‍ഡ് ഘടക കക്ഷിയായ സിപിഐക്ക് നല്‍കിയപ്പോള്‍ പി. ഭാര്‍ഗവിയെ സിപിഐ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു സിപിഎമ്മിന് 35 ശതമാനം വോട്ടും സിപിഐക്ക് 20 ല്‍ താഴെ വോട്ടുമുള്ള ഇവിടെ വിജയം അസാധ്യമായിരുന്നു. എന്നാല്‍ ഇടതുമുന്നണിയുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനവും ഭാര്‍ഗവിയുടെ വ്യക്തി പ്രഭാവവും സുഹൃദ് ബന്ധങ്ങളും കൂടിയായപ്പോള്‍ പ്രതീക്ഷിക്കാത്ത വിധം വന്‍ ഭൂരിപക്ഷത്തിന് തന്നെ സീറ്റു നിലനിര്‍ത്താന്‍ കഴിഞ്ഞു.

പിന്നീട് വാര്‍ഡില്‍ നിറഞ്ഞു നിന്നുള്ള പ്രവര്‍ത്തനമാണ് ഭാര്‍ഗവി നടത്തിയത്. ഈ പ്രവര്‍ത്തനം തന്നെയാണ് സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി കെ.പി. സതീശ് ചന്ദ്രന്റെ നാടായ ഇവിടെ ഇത്തവണയും സിപിഐ വിജയിച്ചാല്‍ സിപിഎമ്മില്‍നിന്നും സിപിഐയിലേക്ക് കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് പ്രാദേശിക നേതൃത്വം  ആശങ്കപ്പെടുന്നു. പക്ഷെ വാര്‍ഡ് നിലനിര്‍ത്തണമെങ്കില്‍ പൊതു സ്വീകാര്യനായ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണം.

അതിനാരുണ്ടാകുമെന്ന് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ തോറ്റാലും വേണ്ടില്ല വാര്‍ഡ് സിപിഐക്ക് നല്‍കരുതെന്ന് തന്നെയാണ് മറു പക്ഷത്തിന്റെ വാദം. സി.പി.എം ഈ നീക്കവുമായി മുന്നോട്ടുപോയാല്‍ രണ്ട് പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്നുറപ്പാണ്.

നീലേശ്വരം നഗരസഭ; സി.പി.ഐയുടെ സീറ്റ് തട്ടിയെടുക്കാന്‍ സി.പി.എം നീക്കം


Keywords :  Nileshwaram, Municipality, CPM, CPI, Clash, Kanhangad, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia