ബന്ധുവിന്റെ വിവാഹത്തിനെത്തിയ ദമ്പതികള്‍ മകളെ ബസില്‍ മറന്നു
May 14, 2012, 15:03 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത കല്ലുരാവിയില്‍ ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ ബസ്സില്‍ കുട്ടിയെ മറന്ന് നാട്ടിലേക്ക് തിരിച്ചുപോയി. കണ്ണൂര്‍ കൂടാളിയിലെ ദമ്പതികളാണ് അഞ്ച് വയസുള്ള മകളെ ബസ്സില്‍ മറന്ന് മറ്റൊരു ബസ്സില്‍ കയറി സ്ഥലം വിട്ടത്. കല്ലുരാവിയിലെ വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം ദമ്പതികള്‍ കുട്ടിയേയുംകൊണ്ട് ബസ്സില്‍ കാഞ്ഞങ്ങാട്ടെക്ക് വരികയായിരുന്നു.
ബസ്സ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സ് നിര്‍ത്തിയിട്ടത് കണ്ട് കല്ലൂരാവിയില്‍ നിന്നും വന്ന ബസ്സില്‍ നിന്നും കുട്ടിയുള്ള കാര്യം മറന്നുകൊണ്ട് ദമ്പതികള്‍ ഓടി കണ്ണൂര്‍ ബസ്സില്‍ കയറുകയായിരുന്നു. ഉടന്‍ തന്നെ ഈ ബസ്സ് പുറപ്പെട്ടു പോവുകയുംചെയ്തു. കല്ലൂരാവിയില്‍ നിന്നുള്ള ബസ്സില്‍ ഒറ്റപ്പെട്ടുപോയ കുട്ടി കരഞ്ഞതോടെ ബസ്സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡുമാര്‍ കുഞ്ഞിനോട് കാര്യം അന്വേഷിച്ചപ്പോഴാണ് മാതാപിതാക്കള്‍ കുഞ്ഞിനെ വിട്ട് നാട്ടിലേക്ക് പോയ കാര്യം വ്യക്തമായത്.
കുട്ടിയെ ഹോംഗാര്‍ഡുമാര്‍ ഉടന്‍ തന്നെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിക്കുകയും വിവരം കല്ലുരാവിയിലെ ബന്ധുവീട്ടില്‍ അറിയിക്കുകയും ചെയ്തു. ഇവര്‍ കണ്ണൂര്‍ ദമ്പതികളെ ഫോണില്‍ വിളിച്ച് കുട്ടിയെ ബസ്സില്‍ മറന്ന കാര്യം അറിയിക്കുകയും ഉടന്‍ തന്നെ ദമ്പതികളെത്തി കുട്ടിയെ കൂട്ടികൊണ്ടുപോവുകയുമായിരുന്നു.
Keywords: Couples, Missing, Child, Bus, Kanhangad, Kasaragod