പാചകം സേവനമാക്കി കുഞ്ഞിരാമന്
Feb 29, 2012, 17:30 IST
Kunhiraman |
ചെയ്ത ജോലിക്ക് ആരെത്ര പണമോ പ്രതിഫലമോ വച്ചുനീട്ടിയാല്‍ കുഞ്ഞിരാമന്‍ അത് നിരസിക്കും. പാചകജോലി കുഞ്ഞിരാമന് ജീവിത ഉപാധിയല്ലേയല്ല.
30 വര്‍ഷമായി പാചകജോലി തുടരുകയാണ് കുഞ്ഞിരാമന്‍. അയല്‍വാസിയായ പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയത്തിന് പാചക ജോലി സ്വയം ഏറ്റെടുത്തതാണ് കുഞ്ഞിരാമന്‍. പിന്നീട് നാട്ടിലേത് വീട്ടിലോ സ്ഥാപനങ്ങളിലോ എന്ത് ചടങ്ങ് നടന്നാലും കുഞ്ഞിരാമനെ അവിടേക്ക് വിളിക്കും. പാചകത്തിന്റെ ഉത്തരവാദിത്വം കുഞ്ഞിരാമന് മാത്രം. വൈകിട്ട് അടുക്കളയില്‍ കയറുന്ന കുഞ്ഞിരാമന്‍ ഭക്ഷണം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി പിറ്റേന്ന് അത് വിളമ്പി വൈകിട്ട് പാത്രം കഴുകി വൃത്തിയാക്കിയ ശേഷമേ മടങ്ങൂ. പ്രതിഫലമായി ഇന്നും ഒന്നും ആരുടെ അടുത്തുനിന്നും കുഞ്ഞിരാമന്‍ കൈപ്പറ്റാറില്ല. ഇതിനകം 500 ഓളം വിവാഹങ്ങള്‍ക്കും അത്രയും തന്നെ വിവാഹ നിശ്ചയങ്ങള്‍ക്കും വിരുന്ന് സല്‍ക്കാരങ്ങള്‍ക്കും കളിയാട്ടങ്ങള്‍ക്കും കുഞ്ഞിരാമന്‍ സദ്യയൊരുക്കിയിട്ടുണ്ടാകും.
ഇരുപതും മുപ്പതും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ക്യാമ്പുകളിലും മുഴുവന്‍ സമയവും അടുക്കള ഭരണം നടത്തി പ്രശംസ നേടിയിട്ടുണ്ട് ഇതിനകം പാറ്റേംവീട്ടില്‍ കുഞ്ഞിരാമന്‍. കൂലിവേല ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനമാര്‍ഗമാണ് കുഞ്ഞിരാമനുള്ളത്. പാചക ജോലി നടത്തി ആയിരങ്ങള്‍ കീശയിലാക്കുന്നവരില്‍ നിന്നും വിഭിന്നനാണ് ഈ 53 കാരന്‍. കല്യാണിയാണ് ഭാര്യ. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ രാഗിന്‍, രാഗിമോള്‍ എന്നിവര്‍ മക്കള്‍.