അന്യസംസ്ഥാന തൊഴിലാളികളെ കാരാറുകാരന്‍ ഭക്ഷണവും കൂലിയും നല്‍കാതെ പീഡിപ്പിച്ചു
Jul 23, 2012, 16:26 IST
കാഞ്ഞങ്ങാട് നഗരസഭ ഓഫീസിന് മുന്നില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ കുത്തിയിരിക്കുന്നു. |
ഒറീസ സ്വദേശികളായ പ്രശാന്ത് നായക്, ദീനബന്ദു, സുരേന്ദ്ര നായക്, നാലുനായക്, അസീസ് നായക്, ബുഗ്നാം, സുരേന്ദ്രന്‍, ദേവിദയാള്‍ നായക്, ബാബു, ശ്രീകണ്ഠ്, യു പി സ്വദേശികളായ സുര്യപ്രകാശ്, രാജു, സതീഷ് കുമാര്‍, മുഹമ്മദ് മിറാജ്, ആസാം സ്വദേശികളായ പവിത്രന്‍, നജീര്‍, മുഹറം ആലിദ്, ഫിറോസ് അഹമ്മദ്, ബദറു ഇസ്ലാം, അരുണ്‍ തുടങ്ങിയവരും ബംഗാള്‍ സ്വദേശികളുമാണ് ചെമ്മട്ടംവയലിലെ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ വിയര്‍പ്പൊഴുക്കി ജോലിയെടുത്തിട്ടും ശമ്പളവും കൂലിയും ഭക്ഷണവും കിട്ടാതെ ദുരിതത്തിലായത്.
പ്രതിമാസം 15,000 രൂപ ഭക്ഷണം, താമസ ചെലവ് എന്നിവ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ക്ലീന്‍ ആന്റ് ഗ്രീന്‍ കേരള പദ്ധതി പ്രകാരം കാഞ്ഞങ്ങാട്ടെ കരാറുകാരന്റെ നിര്‍ദ്ദേശ പ്രകാരം മറ്റൊരു കരാറുകാരനായ എറണാകുളത്തെ പ്രതാപനാണ് അന്യസംസ്ഥാന തൊഴിലാളികളെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ജോലിക്കായി നിയോഗിച്ചത്. ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കാന്‍ നഗരസഭ കരാര്‍ നല്‍കിയിരുന്നു. കരാറുകാരന്‍ ഈ ചുമതല സഹകരാറുകാരനായ പ്രതാപനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതാപന് തൊഴിലാളികളെ എത്തിച്ചു കൊടുത്തത് കണ്ണൂരിലെ സുരാജ്, എറണാകുളത്തെ സിറാജ്, തസ്ലിം എന്നിവരാണ്.
കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജിലാണ് തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ആദ്യം ഭക്ഷണത്തിനുള്ള ചെലവായി രണ്ടാഴ്ചകളില്‍ തൊഴിലാളികള്‍ക്ക് അഞ്ഞൂറ് രൂപ നല്‍കിയതല്ലാതെ ശമ്പളമോ താമസിക്കുന്ന ലോഡ്ജില്‍ വാടകയോ നല്‍കിയില്ല. മതിയായ ഭക്ഷണവും ശമ്പളവുമില്ലാതെ തൊഴിലാളികള്‍ വലയുന്നതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കരാറുകാരന്‍ മുങ്ങുകയും ചെയ്തു. ഇതോടെ തൊഴിലാളികള്‍ പട്ടിണിയിലായി. കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ തൊഴിലാളികള്‍ താമസിച്ചതിന്റെ വാടകയായി കരാറുകാരന്‍ നല്‍കിയ പണത്തിന്റെ ചെക്കാകട്ടെ വ്യാജവുമാണ്. 20,000 രൂപയുടെ വണ്ടിച്ചെക്കാണ് കരാറുകാരന്‍ ലോഡ്ജില്‍ നല്‍കിയത്.
ഇതോടെ ലോഡ്ജിലുള്ള താമസ സൗകര്യവും ഇവര്‍ക്ക് നഷ്ടപ്പെട്ടു. തൊഴിലാളികളുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ കാഞ്ഞങ്ങാട്ടെ പി കെ ഓട്ടോ കണ്‍സള്‍ട്ടന്റ് ഉടമ പപ്പനും സുഹൃത്ത് ശശിയും ചേര്‍ന്നാണ് തൊഴിലാളികള്‍ക്ക് തുടര്‍ന്നുള്ള ഭക്ഷണവും താമസ സൗകര്യവും ഒരുക്കി കൊടുത്തത്. പ്രശ്‌നത്തില്‍ സിപി ഐ നേതൃത്വവും ഇടപെട്ടു. മണ്ഡലം സെക്രട്ടറി എ ദാമോദരന്‍ ഉള്‍പ്പെടെയുള്ള കാഞ്ഞങ്ങാട്ടെ സി പി ഐ നേതാക്കളുടെ സഹായത്തോടെ അന്യസംസ്ഥാന തൊഴിലാളികള്‍ തങ്ങളെ വഞ്ചിച്ച കരാറുകാര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് സി ഐക്ക് പരാതി നല്‍കിയിരിക്കുകയാണ്.
പരാതി സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാലിന്യം വേര്‍തിരിക്കുന്ന ജോലിക്ക് തൊഴിലാളികളെ നിയോഗിച്ച കാഞ്ഞങ്ങാട്ടെ കരാറുകാരനെ സി ഐ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതിനിടെ കൂലിയും ഭക്ഷണവും നല്‍കാതെ കരാറുകാരന്‍ പട്ടിണിക്കിട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്കളാഴ്ച ഉച്ചയോടെ നഗരസഭ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി. തൊഴിലാളികള്‍ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും നഗരസഭയിലെത്തി.
Keywords: Contractor, Cheat labours, Kanhangad, Kasaragod