city-gold-ad-for-blogger

കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി

കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഡിസിസി പ്രസിഡണ്ട് കെ വെളുത്തമ്പു പ്രഖ്യാപിച്ചു. നിലവിലുള്ള പ്രസിഡണ്ട് എം അസിനാര്‍ തല്‍സ്ഥാനത്ത് തുടരും. നിലവിലുള്ള ട്രഷറര്‍ വി മാധവന്‍നായര്‍, സെക്രട്ടറിമാരായ അഡ്വ. സി ഈപ്പന്‍, പി സരോജ എന്നിവര്‍ പുതിയ കമ്മിറ്റിയില്‍ ഇടംകൊണ്ടില്ല. ഇതില്‍ വി മാധവന്‍നായര്‍ ഡിസിസി നിര്‍വ്വാഹക സമിതി അംഗമെന്ന നിലയിലാണ് ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ സ്ഥാനത്ത് നിന്ന് ഒഴിവായത്.

കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ എതിരില്ലാതെ തിരഞ്ഞെടുക്കാന്‍ ഗൂഡാലോചന നടത്തിയതിന്റെ പേരില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്ന മൊബ്ബാസ് മോഹനന്‍ വീണ്ടും ബ്ലോക്ക് സെക്രട്ടറിയായി. നിലവിലുള്ള വൈസ് പ്രസിഡണ്ട് കരിന്തളത്തെ കുഞ്ഞിരാമന്‍ മാസ്റ്ററാണ് പുതിയ ട്രഷറര്‍. നാരായണന്‍ പാണ്ട്യാട്ട്, ഡി വി ബാലകൃഷ്ണന്‍(വൈസ് പ്രസിഡണ്ടുമാര്‍), എന്‍ കെ രത്‌നാകരന്‍, എക്കാല്‍ കുഞ്ഞിരാമന്‍, സി എച്ച് സുബൈദ, പ്രവീണ്‍ തോയമ്മല്‍, കുഞ്ഞിരാമന്‍ രാവണേശ്വരം, കെ ദിനേശന്‍, പി കെ ചന്ദ്രശേഖരന്‍ മാസ്റ്റര്‍, കെ പി ബാലകൃഷ്ണന്‍, എം പി പത്മനാഭന്‍, കെ പി മോഹനന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. ഭാരവാഹികള്‍ക്ക് പുറമെ 20 അംഗ നിര്‍വ്വാഹക സമിതി അംഗങ്ങളേയും നിയമിച്ചിട്ടുണ്ട്.

ഇതേ സമയം ബ്ലോക്ക് ഭാരവാഹി പട്ടിക ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറിയുണ്ടാക്കി. മുന്‍ നഗരസഭ ചെയര്‍മാന്‍ വി ഗോപി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന വിഭാഗം നല്‍കിയ ഭാരവാഹി പട്ടിക പാടെ നിരാകരിച്ച് ഡിസിസി അംഗം വിനോദ് ആവിക്കര നല്‍കിയ ലിസ്റ്റ് ഡിസിസി പ്രസിഡണ്ട് അംഗീകരിക്കുകയായിരുന്നു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പുതുക്കൈയിലെ ഗോവിന്ദന്‍നായര്‍, സെക്രട്ടറിമാരായ ചന്ദ്രന്‍ ഞാണിക്കടവ്, അഡ്വ.ബിജുകൃഷ്ണ, പി സരോജം എന്നിവരുടെ പേരുകളാണ് ഗോപി വിഭാഗം നല്‍കിയിരുന്നത്. ഇവരൊന്നും പരിഗണിക്കപ്പെട്ടില്ല.

വിനോദ് ആവിക്കര നല്‍കിയ പട്ടികയില്‍ നിന്ന് സി എച്ച് സുബൈദ, പി കെ ചന്ദ്രശേഖരന്‍ മാസ്റ്റര്‍, മൊബ്ബാസ് മോഹനന്‍ എന്നിവര്‍ ഭാരവാഹികളാവുകയും ചെയ്തു. ഇരുപതംഗ നിര്‍വ്വാഹക സമിതിയും എ വിഭാഗത്തിലെ പി സി രാമന്‍ വിഭാഗവും, ഐയിലെ വിനോദ് ടീമും വീതം വെച്ചെടുത്തു.നഗരസഭാ കൗണ്‍സിലര്‍മാരായ ടി വി ശൈലജ, പി ശോഭ, അനില്‍ വാഴുന്നോറൊടി എന്നിവര്‍ നിര്‍വ്വാഹകസമിതിയില്‍ ഇടം പിടിച്ചപ്പോള്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി നിര്‍വ്വാഹക സമിതിയിലും ഉള്‍പ്പെട്ടില്ല.
മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ അബ്ദുള്‍സത്താര്‍, ഹൊസ്ദുര്‍ഗ് ബാങ്ക് പ്രസിഡണ്ട് എ മോഹനന്‍നായര്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡണ്ട് മനോജ് തോമസ് എന്നിവര്‍ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പി സരോജത്തെ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്താന്‍ വി ഗോപി വിഭാഗവും, കൗണ്‍സിലര്‍ ടി ശോഭയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ എ വിഭാഗവും ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. ജനശ്രീമിഷന്‍ ജില്ലാ ട്രഷറര്‍ കൂടിയായ സി എച്ച് സുബൈദ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയിലെ ഏക വനിതാ ഭാരവാഹിയായി. കാഞ്ഞങ്ങാട്ടെ ഐ ഗ്രൂപ്പില്‍ നാളുകളായി നിലനില്‍ക്കുന്ന ചേരിതിരിവാണ് ബ്ലോക്ക് ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് വിവരം.

Keywords:  Congress, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia