city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുളക് പൊടിപ്രയോഗ കവര്‍ച്ച; അന്വേഷണം വഴിമുട്ടുന്നു

മുളക് പൊടിപ്രയോഗ കവര്‍ച്ച; അന്വേഷണം വഴിമുട്ടുന്നു
 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും അമ്പലത്തറയിലും മുളക്‌പൊടി വിതറി കവര്‍ച്ചകള്‍ നടത്തിയ കേസുകളില്‍ പോലീസ് അന്വേഷണം വഴിമുട്ടുന്നു. ഒരാഴ്ച മുമ്പാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് ജ്വല്ലറി വര്‍ക്‌സ് നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളായ വിലാസ് ഗെയ്ക്‌വാദ് (35), വിവേക് സാഗര്‍ (25) എന്നിവരെ നാലംഗ സംഘം ആക്രമിച്ച് ഏഴ് ലക്ഷം രൂപ, 12 ഗ്രാം സ്വര്‍ണ്ണം, 60 ഗ്രാം വെള്ളി എന്നിവ കവര്‍ച്ച ചെയ്തത്.

ജ്വല്ലറി വര്‍ക്‌സ് അടച്ചശേഷം മേലാങ്കോട്ടെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന വിലാസ് ഗെയ്ക് വാദിനേയും വിവേക് സാഗറിനെയും കോട്ടച്ചേരി ദേവന്‍ റോഡിലെ കാര്‍ഷിക വികസന ബാങ്കിന് സമീപം നാലംഗ സംഘം തടഞ്ഞ് നിര്‍ത്തുകയും കണ്ണില്‍ മുളകുപൊടി വിതറുകയുമായിരുന്നു. ഇതിനുശേഷം ഇരുവരെയും വടികൊണ്ട് തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും സംഘം അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ വിലാസ് ഗെയ്ക് വാദിന്റെയും വിവേക് സാഗറിന്റെയും പരാതിപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും ഇതുവരെയായിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതെസമയം പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇതിന് സമാനമായ കവര്‍ച്ചയാണ് രണ്ടാഴ്ചമുമ്പ് അമ്പലത്തറയിലുണ്ടായത്. 

അമ്പലത്തറയിലെ ഭര്‍തൃമതിയായ ശിവാഞ്ജനയെ വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം കണ്ണില്‍ മുളക്‌പൊടി വിതറിയശേഷം ഇരുമ്പ് വടികൊണ്ട് തലക്കടിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയുമായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവാഞ്ജന മംഗലാപുരം ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.
ഈ കേസിലും പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ശിവാഞ്ജനയുടെ മൊഴിയിലെ വൈരുദ്ധ്യവും പോലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വഴിയാത്രക്കാരെയും വീട്ടുകാരെയും ആക്രമിച്ച് സ്വര്‍ണ്ണവും പണവും കൊള്ളയടിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ശക്തമായിരിക്കുകയാണ്. 

മുളക് പൊടി പ്രയോഗ കവര്‍ച്ചകള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസിന് കഴിയാത്ത സാഹചര്യത്തില്‍തന്നെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് പുല്ലൂര്‍ വിഷ്ണുമംഗലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ ഉറങ്ങുകയായിരുന്ന കുടുംബത്തിന്റെ പണവും മൊബൈല്‍ ഫോണുകളും കൊള്ളയടിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.

Keywords: Kasaragod, Kanhangad, Robbery.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia