കേന്ദ്രീയ വിദ്യാലയം: ഗുരുവനത്തനുവദിച്ച സ്ഥലം വേണ്ടന്ന് അധികൃതര്‍
Oct 1, 2012, 14:04 IST
പഴയ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം |
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് അനുവദിച്ച കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെടുന്നു. വിദ്യാലയത്തിന് വിപുലമായ കെട്ടിടമൊരുക്കുന്നതിന് റവന്യു വകുപ്പ് കണ്ടെത്തി ധനകാര്യ വകുപ്പിന്റെ അനുമതിയോടെ കേന്ദ്രീയ വിദ്യാലയത്തിന് അരയിക്കടുത്ത് ഗുരുവനത്ത് നീക്കിവെച്ച 5.28 ഏക്കര്‍ സ്ഥലം വിദ്യാലയത്തിന് വേണ്ടെന്ന നിലപാടില്‍ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ എത്തിയതോടെയാണ് വിദ്യാലയം തന്നെ കാഞ്ഞങ്ങാടിന് നഷ്ടപ്പെടുന്ന അവസ്ഥ ആസന്നമായത്.
ഏതാണ്ട് 15 വര്‍ഷം മുമ്പാണ് കാഞ്ഞങ്ങാട്ട് കേന്ദ്രീയ വിദ്യാലയം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറത്തുവന്നത്. കാഞ്ഞങ്ങാട്ടെ ജനപ്രതിനിധികളുടെ ശ്രമഫലമായി കേന്ദ്രീയ വിദ്യാലയത്തിന് വേണ്ടി ഗുരുവനത്താണ് സ്ഥലം കണ്ടെത്തിയത്. കേന്ദ്രീയ വിദ്യാലയം ബാംഗ്ലൂര്‍ മേഖല ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ ഗുരുവനത്തെത്തി സ്ഥലം പരിശോധിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന് വിട്ടുകൊടുക്കാനുള്ള നടപടികള്‍ തുടങ്ങിയതിനിടയില്‍ ഏഴുവര്‍ഷം മുമ്പ് കേന്ദ്രീയ വിദ്യാലയം കാഞ്ഞങ്ങാട് ജില്ലാശുപത്രിയുടെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഏഴ് ഡിവിഷനുകളിലായി ഇപ്പോള്‍ 280 ഓളം കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്.
ഇതിനിടയില്‍ വിദ്യാലയത്തിന് സ്ഥലം വിട്ടുകൊടുക്കുന്ന നടപടികള്‍ വൈകിയിരുന്നു. സ്ഥലം വിട്ടുകിട്ടാന്‍ വൈകുന്നതിനെതിരെ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ രംഗത്തുവരികയും പെട്ടെന്ന് സ്ഥലം വിട്ടുകിട്ടിയില്ലെങ്കില്‍ കാഞ്ഞങ്ങാട്ടെ കേന്ദ്രീയ വിദ്യാലയ പദ്ധതി ഉപേക്ഷിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് നേരത്തെ സ്ഥലം മാറിപ്പോയ ജില്ലാകലക്ടര്‍ വി എന്‍ ജിതേന്ദ്രനും ജില്ലയുടെ സമഗ്ര വികസന രൂപരേഖ തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍കാര്‍ നിയോഗിച്ച മുന്‍ ചീഫ് സെക്രട്ടറി പി പ്രഭാകരനും മറ്റും താല്പര്യമെടുക്കുകയും ഗുരുവനത്തെ 5.28 ഏക്കര്‍ റവന്യു ഭൂമി കേന്ദ്രീയ വിദ്യാലയത്തിന് നല്‍കാനുള്ള തീരുമാനം ഉണ്ടാക്കുകയും ചെയ്തു.
മന്ത്രിസഭ ഇത് അംഗീകരിച്ച് ജില്ലാ ഭരണകൂടം നടപടികളുമായി മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് ഈ സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന് വേണ്ടെന്നും മറ്റ് എവിടെയെങ്കിലും സ്ഥലം കണ്ടെത്തി തരണമെന്നും വ്യക്തമാക്കിക്കൊണ്ട് കേന്ദ്രീയ വിദ്യാലയം അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്കി. കേന്ദ്രീയ വിദ്യാലയം ബാംഗ്ലൂര്‍ റീജിയണല്‍ ഡപ്യൂട്ടി കമ്മീഷണറുടെ പിടിവാശിയാണ് ഇതിന് പിന്നിലുള്ളതെന്ന് സൂചനയുണ്ട്. കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് ഏറെ ദൂരെയാണ് ഗുരുവനത്തെ സ്ഥലമെന്നും സ്കൂളിന് ഈ സ്ഥലം വേണ്ടെന്നും ഈ ഉദേ്യാഗസ്ഥന് കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നാണ് സൂചന.
നേരത്തെ ഈ പ്രദേശത്ത് ജലലഭ്യത കുറവാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഭൂഗര്‍ഭ ജല വകുപ്പ്ഉദ്യോഗസ്ഥര്‍ ഈ സ്ഥലത്തെത്തുകയും ജലലഭ്യത ഉറപ്പാക്കുകയും ചെയ്തതോടെ ആ കടമ്പ റവന്യു വകുപ്പ് കടക്കുകയായിരുന്നു. ഗുരുവനത്തെ സ്ഥലം വേണ്ടെന്ന തീരുമാനത്തില്‍ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ ഉറച്ചുനിന്നാല്‍ വിദ്യാലയ പദ്ധതി കാഞ്ഞങ്ങാടിന് നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. കാഞ്ഞങ്ങാട്ടും പരിസരത്തും മറ്റെവിടെയും ഇത്രയും ഏക്കര്‍ സ്ഥലം റവന്യു വകുപ്പിന്റെ കൈവശമില്ല. അതുകൊണ്ട് തന്നെ പകരം സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന് വേണ്ടി കണ്ടെത്തി നല്കാന് റവന്യു വകുപ്പിന് കഴിയില്ല. കേന്ദ്രീയ വിദ്യാലയം അധികൃതരെ ഇക്കാര്യം ബോധ്യപ്പെടുത്താനാണ് റവന്യു വകുപ്പ് അധികൃതരുടെ ഇപ്പോഴത്തെ ശ്രമം.
Keywords: Kendriya Vidyalayam, Kanhangad, Guruvanam, Land problem, Kasaragod, Kerala, Malayalam news