city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊള്ളപ്പലിശക്ക് പണം വായ്പ നല്‍കുന്ന മാഫിയാ സംഘങ്ങള്‍ വ്യാപകം

കൊള്ളപ്പലിശക്ക് പണം വായ്പ നല്‍കുന്ന മാഫിയാ സംഘങ്ങള്‍ വ്യാപകം
കാസര്‍കോട്‌: കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കൊള്ളപ്പലിശക്ക് പണം വായ്പ നല്‍കുന്ന മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. സ്ത്രീകള്‍ അടക്കമുള്ള ബ്ലേഡ് ഇടപാട് സംഘത്തിന്റെ കെണിയില്‍ പെട്ട് ദുരിത ജീവിതം നയിക്കുന്നവരുടെ എണ്ണം പെരുകുകയാണ്.

ജില്ലയിലെ നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും മലയോര മേഖലകളിലുമെല്ലാം ഇരകളെ വീഴ്ത്താന്‍ കൊള്ളപ്പലിശക്കാര്‍ വലമുറുക്കി കഴിഞ്ഞു. പണം ആവശ്യമുള്ളവരില്‍ നിന്നും പണയ വസ്തുക്കളായി സ്വത്തിന്റെ രേഖകളും സ്വര്‍ണ്ണാഭരണങ്ങളും കൈവശപ്പെടുത്തുന്നത് ബ്ലേഡ് ഇടപാട് സംഘത്തിന്റെ പണ്ട് മുതല്‍ക്കെയുള്ള രീതിയാണ്. ലക്ഷങ്ങളുടെ തുക വായ്പ ആവശ്യമുള്ളവരാണ് സ്വത്തിന്റെ രേഖകളും വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങളും ബ്ലേഡുകാര്‍ക്ക് പണയം വെക്കുന്നത്.

ചെറിയ തുകകള്‍ നല്‍കുന്നതിന് പോലും സ്വത്തിന്റെ ആധാരം ബ്ലേഡുകാര്‍ വാങ്ങി സൂക്ഷിച്ചിരുന്നു. എന്നാല്‍ ചെറിയ തുകകള്‍ക്ക് ഇടപാടുകാരില്‍ നിന്നും പാസ്‌പോര്‍ട്ടുകളും വാഹനങ്ങളുടെ ആര്‍ സി ബുക്കുകളും പണയവസ്തുക്കളായി വാങ്ങുന്നതാണ് കൊള്ളപ്പലിശക്കാരുടെ പുതിയ രീതി. പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ അവ പണയം വെച്ച് ചെറിയ തുകകള്‍ ബ്ലേഡുകാരോട് വാങ്ങുന്നവര്‍ നിരവധിയാണ്.

കഴിഞ്ഞ ദിവസം ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയപ്പോള്‍ ഏതാനും പാസ്‌പോര്‍ട്ടുകളും ആര്‍ സി ബുക്കുകളും കണ്ടെടുത്തിരുന്നു. വീടുകളും ചില സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് അനധികൃത പണമിടപാടുകള്‍ നടത്തിയിരുന്നത്. സ്വത്തിന്റെ ആധാരങ്ങള്‍ക്കും സ്വര്‍ണ്ണാഭരണങ്ങള്‍ക്കും പുറമെ പാസ്‌പോര്‍ട്ടുകളും ബ്ലേഡുകാര്‍ക്ക് പണയപ്പെടുത്തുന്നുണ്ടെന്ന വിവരം ഇത് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിയുകയാണുണ്ടായത്. പലിശയും മുതലും തിരിച്ചടച്ചാല്‍ പോലും സ്വത്തിന്റെ രേഖകളും പാസ്‌പോര്‍ട്ടുകളും തിരിച്ച് നല്‍കാതെ വീണ്ടും സാമ്പത്തിക ചൂഷണം നടത്തുന്ന ബ്ലേഡുകാര്‍ നിരവധിയാണ്.

കള്ളക്കേസില്‍ കുടുക്കിയും ഭീഷണിപ്പെടുത്തിയും ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചും ബ്ലേഡ് ഇടപാടിന്റെ ഇരകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു. ബ്ലേഡുകാരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏറെയാണ്. ബേക്കറി കേന്ദ്രീകരിച്ചും വീട് കേന്ദ്രീകരിച്ചും കൊള്ളപ്പലിശക്ക് പണം കടം കൊടുത്ത ഭീമനടി മാക്കോട്ടെ ചെന്നേലില്‍ സിജോ ജേക്കബ്, ഭീമനടിയിലെ റോയിജോസഫ് എന്നിവരെ കഴിഞ്ഞ ദിവസമാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

ലക്ഷങ്ങളുടെ അനധികൃത പണമിടപാട് നടത്തിവരുന്ന സിജോ ജേക്കബിന്റെ ബേക്കറിയില്‍ നിന്ന് പോലീസ് ഒട്ടേറെ തുകയെഴുതാത്ത ഒപ്പിട്ട വിവിധ ബാങ്കുകളുടെ ചെക്കുകളും ഒപ്പിട്ട മുദ്രപത്രങ്ങളുമാണ് പിടിച്ചെടുത്തിരുന്നത്. റോയിജോസഫിന്റെ വീട്ടില്‍ നിന്നും മുദ്രപത്രങ്ങളും ചെക്കും കണ്ടെടുത്തിരുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ ഭാഗങ്ങളിലും കാസര്‍കോട് താലൂക്കിലെ വിവിധ പ്രദേശങ്ങളിലും ബ്ലേഡ് ഇടപാടുകള്‍ സജീവമായതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് ഇത് സംബന്ധിച്ച നടപടികള്‍ കൈക്കൊണ്ട് വരുന്നത്.

നീലേശ്വരം തെരുവത്തെ സിന്ധു, കാഞ്ഞങ്ങാട്ടെ സുഹറ, തൃക്കരിപ്പൂരിലെ പുരുഷോത്തമന്‍, കൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെ ബ്ലേഡ് ഇടപാടുമായി ബന്ധപ്പെട്ട് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നീലേശ്വരം മേഖലയില്‍ ചില കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ബ്ലേഡ് ഇടപാടുമായി ബന്ധമുണ്ടെന്നാണ് വിവരം. നീലേശ്വരം. തെരുവത്ത്, ചായ്യോത്ത് തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബ്ലേഡ്മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ഇവിടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. കാഞ്ഞങ്ങാട,് കാസര്‍കോട് നഗര പ്രദേശങ്ങളിലും ജില്ലയിലെ തീര പ്രദേശങ്ങളിലും ബ്ലേഡ് സംഘങ്ങള്‍ പിടി മുറുക്കിയിട്ടുണ്ട്. ഇതിനിടെ ഉന്നതതല ബന്ധങ്ങളുള്ള ബ്ലേഡ് പ്രമുഖരെ രക്ഷപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനുമുള്ള നീക്കങ്ങളും നടന്ന് വരുന്നുണ്ട്.

Keywords:  Blade mafia, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia