കാഞ്ഞങ്ങാട്ടെ ഉള്‍പ്രദേശങ്ങളില്‍ മദ്യ-ബ്ലേഡ് മാഫിയാ സംഘങ്ങള്‍ പിടിമുറുക്കി
Jan 7, 2012, 15:00 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിന്റെ ഉള്‍പ്രദേശങ്ങളായ അരയിയിലും പാലക്കാലിലും മദ്യ- ബ്ലേഡ് മാഫിയാസംഘങ്ങള്‍ പിടിമുറുക്കി. കാഞ്ഞങ്ങാട് നഗരസഭയില്‍പ്പെട്ട രണ്ട് പ്രദേശങ്ങളിലും ഇത് കാരണം ജനജീവിതം ദുഃസ്സഹമാകുകയാണ്. പുതിയകോട്ടയിലെ ബിവറേജ് മദ്യ ശാലയില്‍ നിന്ന് ദിനം പ്രതി വിദേശമദ്യം കൊണ്ട് വന്ന് അരയിയിലെ അഞ്ചോളം വീടുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുകയാണ്. ആവശ്യക്കാര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ ഉടന്‍ തന്നെ മദ്യം വിതരണത്തിനെത്തുന്നു.
5ഓളം യുവാക്കളാണ് ഈ ഭാഗത്ത് മദ്യ വില്‍പ്പനയില്‍ ഏര്‍പ്പെടുന്നത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരും കുടുംബശ്രീ പ്രവര്‍ത്തകരും മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അരയിയിലും പാലക്കാലിലും വ്യാജ മദ്യ നിര്‍മ്മാണത്തിനായി വന്‍തോതില്‍ കറുത്ത വെല്ലവും ഉപ്പും വില്‍പ്പന നടത്തിവരുന്നുണ്ട്. ഇതിനുപുറമെയാണ് കൊള്ള പലിശക്ക് പണം കടം നല്‍കുന്ന ബ്ലേഡു കാരും പ്രദേശങ്ങളില്‍ സൈ്വര്യ വിഹാരം നടത്തുന്നത്. അന്യ സംസ്ഥാനക്കാരായ പലരും അരയിയില്‍ അനധികൃതമായി താമസിക്കുന്നുണ്ട്. മദ്യ ലഹരിയില്‍ നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വല്ലപ്പോഴും മാത്രമാണ് മദ്യ വേട്ട നടത്താന്‍ എക്‌സൈസ് ഇവിടെ എത്താറുള്ളത്. കുടുംബശ്രീ പ്രവര്‍ത്തകരില്‍പ്പെട്ട ചില സ്ത്രീകളും മദ്യ വില്‍പ്പനയിലേര്‍പ്പെടുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
Keywords: Blade mafia, Kanhangad, kasaragod