അഭിഭാഷകനും പണമില്ലാത്തവനും രണ്ടു നീതിയോ..? സി.പി.എമ്മില്‍ പുകയുന്നു
Oct 6, 2012, 23:57 IST
കാഞ്ഞങ്ങാട്: തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച ഹര്‍ത്താല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ ഓഫീസ്, സബ് ട്രഷറി, പോലീസ് എയ്ഡ് പോസ്റ്റ്, പോലീസ് ജീപ്പ് എന്നിവ തകര്‍ക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ സി.പി.എം നേതാക്കള്‍ ഉള്‍പെടെയുള്ള 13 പേരില്‍ എട്ട് പേര്‍ക്ക് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ച സംഭവം സി.പി.എമ്മില്‍ പുകയുന്നു.
എട്ട് പേര്‍ ജാമ്യത്തിലിറങ്ങുകയും മറ്റ് അഞ്ച് പേരെ ജയിലിലേക്ക് അയക്കുകയും ചെയ്ത രീതിയെ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കകത്തും പുറത്തും ഒരു പോലെ ചോദ്യം ചെയ്തു തുടങ്ങി. സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ പി അപ്പുക്കുട്ടന്‍, എം പൊക്ലന്‍, സിഐടിയു നേതാക്കളായ ഡി വി അമ്പാടി, കാറ്റാടി കുമാരന്‍, നെല്ലിക്കാട്ട് കുഞ്ഞമ്പു, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, അജാനൂര്‍ ലോക്കല്‍ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍, ഡിവൈഎഫ്‌ഐ നേതാക്കളായ അഡ്വ. രാജ് മോഹനന്‍, എ വി സഞ്ജയന്‍, ശിവജി വെള്ളിക്കോത്ത്, അനില്‍കുമാര്‍ ഗാര്‍ഡര്‍ വളപ്പ്, സുഭാഷ് കാറ്റാടി, രതീഷ് നെല്ലിക്കാട്ട് എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇവരില്‍ അഡ്വ. പി അപ്പുക്കുട്ടന്‍, എം പൊക്ലന്‍, ഡി വി അമ്പാടി, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, കാറ്റാടി കുമാരന്‍, നെല്ലിക്കാട്ട് കുഞ്ഞമ്പു എന്നിവരെ പ്രായപരിധി പരിഗണിച്ചും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായ അഡ്വ. രാജ് മോഹനനെ അഭിഭാഷകനെന്ന പരിഗണനയിലും കോട്ടച്ചേരി കുന്നുമ്മല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായി ഈയിടെ നിയമിതനായ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം ശിവജി വെള്ളിക്കോത്തിനെ ബാങ്കില്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയായിട്ടില്ലെന്ന പരിഗണനയിലും കോടതി ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍ ഡി.വൈ.എഫ് ഐ നേതാക്കളായ എ വി സഞ്ജയന്‍, അനില്‍ കുമാര്‍ ഗാര്‍ഡര്‍ വളപ്പ്, സുഭാഷ് കാറ്റാടി, രതീഷ് നെല്ലിക്കാട്ട്, സി.പി.എം ലോക്കല്‍ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍ എന്നിവര്‍ക്ക് കോടതി ഇതേസമയം ജാമ്യം നിഷേധിക്കുകയും ചെയ്തു.
അറസ്റ്റിലായ 13 പേരില്‍ എട്ട് പേര്‍ ജാമ്യം സ്വീകരിച്ചതാണ് പാര്‍ട്ടിയില്‍ പുകയാന്‍ തുടങ്ങിയത്. ഒന്നിച്ച് അറസ്റ്റിലായവര്‍ ഒന്നിച്ച് ജയിലിലേക്ക് പോകുകയോ ഒന്നിച്ച് ജാമ്യം നേടുകയോ ചെയ്യാതെ അഞ്ച് പേരെ ജയിലില്‍ അയച്ച് കുരുതി കൊടുക്കുകയായിരുന്നുവെന്ന പരാതി ശക്തമാണ്. അക്രമക്കേസുമായി ബന്ധപ്പെട്ട് ഒരുപാട് പ്രവര്‍ത്തകര്‍ മാസങ്ങളോളം ജയിലില്‍ കിടന്ന അവസ്ഥയില്‍ മുതിര്‍ന്ന പൗരന്മാരുടെ ജാമ്യം പാര്‍ട്ടിയില്‍ വിമര്‍ശന വിധേയമായി കഴിഞ്ഞു.
കാഞ്ഞങ്ങാട് മേഖലയില്‍ പാര്‍ട്ടിയിലെ എല്ലാ തലങ്ങളിലും ഈ പ്രശ്‌നം ചൂടേറിയ ചര്‍ചകള്‍ക്കാണ് വഴി ഒരുക്കിയിട്ടുള്ളത്. അഡ്വ. രാജ്‌മോഹനന് ജാമ്യം അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. രാജ് മോഹനനെതിരെ 'സേവ് ഡി.വൈ.എഫ്.ഐ. സേവ് ജുഡീഷ്യറി' എന്ന ആഹ്വാനത്തോടെ കാഞ്ഞങ്ങാട് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
അഭിഭാഷകനും പണമില്ലാത്തവനും രണ്ടു നീതിയോ.....? പോലീസിനെ അക്രമിച്ച് പൊതു മുതല്‍ നശിപ്പിച്ച കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാവ് അഡ്വ രാജ്‌മോഹനന് ജാമ്യം നല്‍കിയത് ഏത് നിയമത്തിന്റെ പിന്‍ബലത്തില്‍, പാവപ്പെട്ട അഞ്ച് ചെറുപ്പക്കാരെ ജയിലിലയച്ച കോടതിയുടെ മുന്നില്‍ ക്രിമിനലായ അഭിഭാഷകന് പ്രത്യേക പരിഗണന. രാജ് മോഹന്‍ ആരുടെ 'നേതാവ് ' എന്നതാണ് പോസ്റ്ററിലെ പ്രധാന തല വാചകം. അതേസമയം ജാമ്യം നേടിയ മറ്റ് നേതാക്കളെ പോസ്റ്ററില്‍ എവിടെയും പരാമര്‍ശിക്കുന്നില്ല.
അതിനിടെ അറസ്റ്റിലായ 13 പേരില്‍ എട്ട് പേര്‍ കോടതി ഉത്തരവ് അനുസരിച്ച് ജാമ്യം സ്വീകരിച്ചതും അഞ്ച് പേര്‍ ജയിലിലേക്ക് പോയതും പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തമായി. കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്ത ഉടന്‍ 13 പേരും കോടതി പരിസരത്ത് വെച്ച് ഈ വിഷയം ചര്‍ച ചെയ്യുകയും ജാമ്യം സ്വീകരിക്കണമോ കൂട്ടത്തോടെ എല്ലാവരും ജയിലിലേക്ക് പോകണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അവര്‍ അപ്പോള്‍ തന്നെ നേതാക്കളുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ജാമ്യം കിട്ടിയവര്‍ അത് നിരാകരിക്കരുതെന്നും മറ്റുള്ളവര്‍ക്ക് ജാമ്യം കിട്ടാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നുമാണ് നേതാക്കള്‍ നല്‍കിയ നിര്‍ദ്ദേശം.
ജാമ്യം നിരാകരിച്ചാല്‍ അത് കോടതിയോടുള്ള അവഹേളനമായി മാറുമെന്നും മേല്‍ക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടാന്‍ അത് തടസ്സമുണ്ടാക്കുമെന്നും നേതാക്കള്‍ വിലയിരുത്തി. കമ്മ്യൂണിസ്റ്റുകാരന് ജയിലില്‍ കിടക്കുന്നത് അഭിമാനമാണെന്ന് കരുതിയ ഒരു കാലഘട്ടം അകന്നുപോകുന്നുവെന്ന് ഈ സംഭവത്തിലൂടെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: Bail, CPM, Leaders, Abdul Shukkur murder case, P. Jayarajan, Arrest, Protest, Harthal, Kanhangad, Kasaragod, Kerala, Malayalam news