ഗേറ്റ് അടയ്ക്കുന്നതിനു മുമ്പ് ഓട്ടോറിക്ഷ പാളത്തില്‍ കയറി; വന്‍ ദുരന്തം ഒഴിവായി
Jul 20, 2012, 16:22 IST
കാഞ്ഞങ്ങാട്: ഗേറ്റ്മാന്‍ റെയില്‍വേ ഗേറ്റ് അടക്കുന്നതിനു മുമ്പ് തന്നെ ഓട്ടോറിക്ഷ പാളത്തിലേക്ക് കയറിയത് യാത്രക്കാരെ നടുക്കി. വ്യാഴാഴ്ച വൈകുന്നേരം കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റിലാണ് സംഭവം. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത തീവണ്ടി കുതിച്ചു വരുമ്പോള്‍ വാഹനങ്ങള്‍ പാളത്തിലേക്ക് കടക്കാതിരിക്കാന്‍ ഗേറ്റ്മാന്‍ റെയില്‍വേ ഗേറ്റ് അടക്കുമ്പോള്‍ മൂന്ന് യാത്രക്കാരെയും കയറ്റി വന്ന ഓട്ടോറിക്ഷ ഗേറ്റിനിടയിലൂടെ നുഴഞ്ഞു കയറി പാളത്തെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഈ സമയത്താണ് തീവണ്ടി കുതിച്ചെത്തിയത്. ഇതോടെ തങ്ങളുടെ ജീവന്‍ അപകടത്തിലായെന്ന് ഭയന്ന് മൂന്ന് യാത്രക്കാരും നിലവിളിച്ചു. ഭയചകിതനായ ഡ്രൈവര്‍ ഉടന്‍തന്നെ ഓട്ടോറിക്ഷ പിറകോട്ടെടുത്തതിനാല്‍ തീവണ്ടി തട്ടിയില്ല. തീവണ്ടി ഓട്ടോറിക്ഷയില്‍ ഇടിച്ചിരുന്നുവെങ്കില്‍ ഡ്രൈവറടക്കം മൂന്ന് പേരുടെ ജീവന്‍ പൊലിയുമായിരുന്നു.
ഗേറ്റ്മാനെ വകവെക്കാതെ തീവണ്ടികള്‍ വരുന്ന സമയത്ത് പോലും പാളം കടക്കാന്‍ ചില വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തിടുക്കം കാണിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നത് ഗേറ്റ്മാനായിരിക്കും. യാത്രക്കാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി റെയില്‍വേ ഗേറ്റടക്കുന്ന ഗേറ്റ്മാന്‍മാരോട് ഇതിന്റെ പേരില്‍ തട്ടിക്കയറുന്ന ചില ഡ്രൈവര്‍മാരുടെ നടപടികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Keywords: Railway-gate, Auto-rickshaw, Kanhangad, Kasaragod