ബിജെപി ജില്ലാ കമ്മിറ്റി രൂപീകരിക്കാന്‍ നീക്കം തുടങ്ങി
Dec 2, 2011, 15:51 IST
കാഞ്ഞങ്ങാട്: മൂന്നുമാസമായി ജില്ലയില്‍ അനാഥമായി കിടക്കുന്ന ബിജെപി ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നീക്കം ശക്തമായി. പുതിയ ജില്ലാ കമ്മിറ്റിയെ രണ്ടുദിവസത്തിനകം സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന സംഘടനാ കാര്യദര്‍ശി കെ ആര്‍ ഉമാകാന്തന്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തി. ജില്ലയിലെ അഞ്ച് മണ്ഡലം പ്രസിഡണ്ടുമാരെയും മണ്ഡലം ജനറല്‍ സെക്രട്ടറിമാരെയും നേരത്തെ ജില്ലാ ഭാരവാഹികളായി പ്രവര്‍ത്തിച്ചവരെയും അദ്ദേഹം കാസര്‍കോട്ട് വിളിപ്പിച്ചിരുന്നു. ഇവര്‍ക്ക് പുറമെ ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരനുമായി കെ ആര്‍ ഉമാകാന്ത് ചര്‍ച്ച നടത്തി.
പുതിയ ജില്ലാ പ്രസിഡണ്ട് ആരായിരിക്കണമെന്ന് കണ്ടെത്താനാണ് ഉമാകാന്തന്‍ വ്യാഴാഴ്ച കാസര്‍കോട്ടെത്തിയത്. മണ്ഡലം പ്രസിഡണ്ടുമാരോടും ജനറല്‍ സെക്രട്ടറിമാരോടും മുന്‍ ജില്ലാ ഭാരവാഹികളോടും അദ്ദേഹം അഭിപ്രായമാരാഞ്ഞു. ഒറ്റക്കും തെറ്റിക്കും നീണ്ട ചര്‍ച്ചകള്‍ നടന്നു.
മടിക്കൈ കമ്മാരന്‍, അഡ്വ.കെ.ശ്രീകാന്ത്, സജീവഷെട്ടി, സുരേഷ്‌കുമാര്‍ഷെട്ടി എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. എന്നാല്‍ സ്ഥാനമേറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ശ്രീകാന്ത് നേതൃത്വത്തെ അറിയിച്ചു. ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്.അതിനിടെ സുരേഷ്‌കുമാര്‍ ഷെട്ടി ബിജെപി ജില്ലാ പ്രസിഡണ്ടാകുമെന്നാണ് വൈകി കിട്ടിയ വിവരം. പാര്‍ട്ടി മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ടായ സുരേഷ്‌കുമാര്‍ ഷെട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ വിശ്വസ്തനാണ്. മഞ്ചേശ്വരത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ച സുരേഷ്‌കുമാര്‍ ഷെട്ടിയെ ബിജെപി ജില്ലാ പ്രസിഡണ്ടാക്കുന്നതിന് സുരേന്ദ്രന്‍ പക്ഷം ചരടുവലി നടത്തിയിരുന്നു.
അതിനിടെ ജില്ലയില്‍ നിന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയിലുള്ള അംഗങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. മടിക്കൈ കമ്മാരന്‍, സജീവഷെട്ടി, കൃഷ്ണാനന്ദപൈ എന്നിവരാണ് ഇപ്പോള്‍ സംസ്ഥാന സമിതിയിലുള്ളത്. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് മുദ്രകുത്തി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ജഗദീശന്‍, അശോക് കുമാര്‍ ഹൊള്ള, വി.ബാലകൃഷ്ണഷെട്ടി എന്നിവരെ നേതൃത്വം മാറ്റിനിര്‍ത്തിയിട്ടുണ്ട്.
Keywords: BJP, Committee, Kanhangad, Kasaragod