city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതിയകോട്ടയില്‍ നിര്‍മിക്കുന്ന എല്‍.ഐ.സി കെട്ടിത്തില്‍ എയര്‍കണ്ടീഷന്‍ വിവാദം

പുതിയകോട്ടയില്‍ നിര്‍മിക്കുന്ന എല്‍.ഐ.സി കെട്ടിത്തില്‍ എയര്‍കണ്ടീഷന്‍ വിവാദം
കാഞ്ഞങ്ങാട്: പ്രമുഖ പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി കാഞ്ഞങ്ങാട് ശാഖക്കുവേണ്ടി പുതിയകോട്ട വിനായക ബസ്‌സ്റ്റോപ്പിനടുത്ത് പണിയുന്ന ഇരുനില കെട്ടിടത്തില്‍ ശീതീകരണ വിവാദം. ഉപഭോക്താക്കള്‍ക്കും ഏജന്റുമാര്‍ക്കും മറ്റും മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഓഫീസ് സംവിധാനം കാര്യക്ഷമമാക്കാന്‍ എല്‍.ഐ.സി മാനേജ്‌മെന്റ്പുതുതായി നിര്‍മിക്കുന്ന ശാഖാ കെട്ടിടങ്ങളില്‍ എയര്‍കണ്ടീഷന്‍ സംവിധാനം നിര്‍ബന്ധമാക്കിയിരുന്നെങ്കിലും കാഞ്ഞങ്ങാട്ട് പുതുതായി പണിയുന്ന കെട്ടിടത്തില്‍ എയര്‍കണ്ടീഷന്‍ സംവിധാനം വേണ്ടെന്ന് മാനേജ്‌മെന്റ് തീരുമാനിച്ചു.

എല്‍.ഐ.സി ഏജന്റുമാരും ഡവലപ്പ്‌മെന്റ് ഓഫീസര്‍മാരുമുള്‍പ്പെടെയുള്ള എല്‍.ഐ.സിയുമായി നിരന്തരം ബന്ധപ്പെടുന്നവര്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പി. കരുണാകരന്‍ എംപി ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യത്തില്‍ ഇടപെടുവിക്കാന്‍ ഏജന്റുമാരുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണം മറയാക്കി പല വഴികളിലൂടെയും വന്‍ തുക കീശയിലാക്കുന്ന എല്‍.ഐ.സിയിലെ താപ്പാനകളായ ചില ഉദേ്യാഗസ്ഥരുടെ നീക്കങ്ങളാണ് കാഞ്ഞങ്ങാട്ടെ എല്‍.ഐ.സി ഓഫീസില്‍ എയര്‍കണ്ടീഷന്‍ സംവിധാനവും സൗകര്യങ്ങളും ഒരുക്കുന്നതിന് തടസമായി ചൂണ്ടിക്കാട്ടുന്നത്.

എയര്‍കണ്ടീഷന്‍ ഒഴിവാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ മാനേജ്‌മെന്റിന് വ്യാജ കത്തുകള്‍ അയച്ചതായി പറയപ്പെടുന്നു. തണുപ്പേറ്റാല്‍ ത്വക്‌രോഗം ബാധിക്കുമെന്ന് വിശദീകരിച്ച് ഒരു ഉദേ്യാഗസ്ഥന്‍ മാനേജ്‌മെന്റിന് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട്ടെ എല്‍.ഐ.സിയുടെ പുതിയ കെട്ടിടത്തില്‍ എയര്‍കണ്ടീഷന്‍ സംവിധാനം വേണ്ടെന്ന് വെച്ചതെന്നും വിവരമുണ്ട്. എല്‍.ഐ.സിയുടെ കെട്ടിട നിര്‍മാണം ഏറ്റെടുക്കാറുള്ള കരാറുകാരില്‍ ചിലരും സാങ്കേതിക രംഗത്തുള്ളവരും ചില ഉദേ്യാഗസ്ഥരും അടങ്ങുന്ന ലോബിയാണ് ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എയര്‍കണ്ടീഷന്‍ സൗകര്യം വേണ്ടെന്ന് വെക്കാന്‍ മാനേജ്‌മെന്റിനെ നിര്‍ബന്ധിപ്പിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എയര്‍കണ്ടീഷനില്ലാതെ പുതിയ കെട്ടിടം പണിയുകയും ഓഫീസ് പ്രവര്‍ത്തനസജ്ജമായാല്‍ മാസങ്ങള്‍ക്കു ശേഷം ഈ ഓഫീസില്‍ എയര്‍കണ്ടീഷന്‍ സംവിധാനമേര്‍പ്പെടുത്തുന്നതിന് പ്രോജക്റ്റ് തയ്യാറാക്കി മാനേജ്‌മെന്റിന്റെ അനുമതി സമ്പാദിക്കുകയും കെട്ടിടം പലയിടങ്ങളിലായി പൊട്ടിപ്പൊളിച്ച് ഈ സംവിധാനം ഘടിപ്പിക്കുകയും ചെയ്യാമെന്നും അറ്റകുറ്റപ്പണിയുടെ പേരില്‍ ലക്ഷങ്ങള്‍ കീശയിലാക്കാമെന്നുമാണ് ഈ ലോബിയുടെ കണക്കുകൂട്ടല്‍. എല്‍ഐസിയിലെ ഉന്നതരുടെ ഒത്താശയും ഈ സംഘത്തിനുണ്ട്.

പുതിയകോട്ടയില്‍ വിലക്കെടുത്ത അമ്പത് സെന്റ് സ്ഥലത്താണ് എല്‍.ഐ.സി കാഞ്ഞങ്ങാട് ശാഖക്കു വേണ്ടി പുതിയ ഇരുനില കെട്ടിടം പണിയുന്നത്. എറണാകുളം സ്വദേശി വിന്‍സെന്റ് ജോര്‍ജാണ് കരാറുകാരന്‍. എല്‍.ഐ.സി ഉദ്യോഗസ്ഥനായ അസി. എഞ്ചിനീയര്‍ വി. എസ്. സുജിത്താണ് കെട്ടിട നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഏതായാലും എയര്‍കണ്ടീഷന്‍ വിവാദം ഇപ്പോഴേ എല്‍.ഐ.സി കാഞ്ഞങ്ങാട് ശാഖയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയിട്ടുണ്ട്.

Keywords: LIC, New building, Air condition, Controversy, Management, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia