അഡ്വ. പി രാഘവന്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക്
Jan 2, 2012, 14:45 IST
കാഞ്ഞങ്ങാട്: മുന്‍ എം എല്‍ എയും സി പി എമ്മിന്റെ കാസര്‍കോട് ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അഡ്വ. പി രാഘവന്‍ സി പി എം സംസ്ഥാന കമ്മിറ്റിയിലേക്ക്. അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിലുള്‍പ്പെടുത്താന്‍ നേതൃതലത്തില്‍ ഏതാണ്ട് ധാരണയായതായി സൂചന പുറത്ത് വന്നു. നിലവില്‍ ജില്ലയില്‍ നിന്ന് രണ്ടുപേര്‍ സി പി എം സംസ്ഥാന കമ്മിറ്റിയിലുണ്ട്. കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാനും സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എ കെ നാരായണന്‍, തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ എന്നിവരാണ് സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍. ജില്ലയില്‍ നിന്ന് ഒരാളെ കൂടി സംസ്ഥാന കമ്മിറ്റിയിലുള്‍പ്പെടുത്താന്‍ നേരത്തെ ചര്‍ച്ചയുണ്ടായതാണ്.
പലപ്പോഴും സി പി എം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും അവസാനഘട്ടത്തില്‍ കപ്പിനും ചുണ്ടിനുമിടയിലെന്ന പോലെ പദവി എത്തിപ്പിടിക്കാന്‍ കഴിയാതെ പോകുകയും ചെയ്ത പ്രധാന ജില്ലാ നേതാക്കളില്‍ ഒരാളാണ് പി രാഘവന്‍. ഇത്തവണ അദ്ദേഹം ജില്ലാ സെക്രട്ടറിയാവുമെന്നാണ് അവസാന നിമിഷം വരെ പറഞ്ഞ് കേട്ടത്. എന്നാല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് തീരുമാനിച്ചതോടെ രാഘവന്റെ അവസരം നഷ്ടപ്പെടുകയായിരുന്നു. രാഘവന്റെ പിന്മാറ്റം കെ പി സതീഷ് ചന്ദ്രന് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഈസി വാക്കോവര്‍ നല്‍കുകയായിരുന്നു.
അതിനിടെ തിരുവനന്തപുരത്ത് നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തിലേക്കുള്ള ജില്ലയില്‍ നിന്നുള്ള പ്രതിനിധികളില്‍ 15 ജില്ലാ കമ്മിറ്റിയംഗങ്ങള്‍ക്ക് അവസരം ലഭിച്ചില്ല. അഡ്വ. പി അപ്പുക്കുട്ടന്‍ കഴിഞ്ഞ തവണ സംസ്ഥാന സമ്മേളന പ്രതിനിധികളായിരുന്നു. ഇത്തവണ മാനദണ്ഡങ്ങളില്‍ മാറ്റം വന്നപ്പോള്‍ അദ്ദേഹത്തിന് സംസ്ഥാന സമ്മേളന പ്രതിനിധിയാകാന്‍ കഴിഞ്ഞില്ല. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോവിന്ദന്‍, നീലേശ്വരത്തെ പി അമ്പാടി, കെ പി നാരായണന്‍, പി ആര്‍ ചാക്കോ, ജില്ല രൂപീകരിച്ചതിന് ശേഷം ഇതുവരെ തുടര്‍ച്ചയായി ജില്ലാ കമ്മിറ്റി അംഗത്വം വഹിക്കുന്ന അഡ്വ. കെ പുരുഷോത്തമന്‍, 22 വര്‍ഷത്തോളം പാര്‍ട്ടി ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ടി കോരന്‍, ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, ടി അപ്പ, എ ചന്ദ്രശേഖരന്‍, പി ദിവാകരന്‍, വി നാരായണന്‍, അഡ്വ. പാവല്‍ കുഞ്ഞിക്കണ്ണന്‍, കെ കുഞ്ഞിക്കണ്ണന്‍ നായര്‍, സി പ്രഭാകരന്‍, എന്നീ ജില്ലാ കമ്മിറ്റിയംഗങ്ങള്‍ സംസ്ഥാന സമ്മേളന പ്രതിനിധികളല്ല.
Keywords: Adv. P Raghavan, CPM, State- Committee, Kanhangad, Kasaragod