city-gold-ad-for-blogger

മഹാകവി പി.യുടെ പേരില്‍ കാഞ്ഞങ്ങാട്ട് മ്യൂസിയം

മഹാകവി പി.യുടെ പേരില്‍ കാഞ്ഞങ്ങാട്ട് മ്യൂസിയം
കാഞ്ഞങ്ങാട്: മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ പേരില്‍ കാഞ്ഞങ്ങാട്ട് മ്യൂസിയം തയ്യാറാവുന്നു. നഗരത്തിലെ പി.സ്മാരക മന്ദിരത്തിലാണ് മ്യൂസിയം ഒരുക്കുന്നത്. 'കവിയെ അടുത്തറിയുക' എന്ന ലക്ഷ്യത്തോടെയാണ്് മ്യൂസിയം തയ്യാറാകുന്നത്. സര്‍ക്കാറില്‍ ഗ്രാന്റായി ലഭിച്ച 15 ലക്ഷം രൂപ ചെലവഴിച്ച് മ്യൂസിയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. പി.സ്മാരക സമിതിയാണ് മ്യൂസിയം സ്ഥാപിക്കാന്‍ നേതൃത്വം നല്കുന്നത്. മൂന്നുനില കെട്ടിടമാണ് ഇപ്പോള്‍ 'പി'യുടെ പേരില്‍ കാഞ്ഞങ്ങാട് ടൗണില്‍ ഉള്ളത്. ഇതില്‍ മൂന്നാമത്തെ നിലയാണ് മ്യൂസിയമാക്കുക.

മഹാകവിയുടെ കവിതാശേഖരങ്ങള്‍, അദ്ദേഹം ഉപയോഗിച്ച സാധനസാമഗ്രികള്‍, ജിവിതസായന്തനത്തില്‍ കവി സ്ഥിരമായി എഴുതാന്‍ ഇരുന്ന കസേര, വസ്ത്രങ്ങള്‍ എന്നിവ മ്യൂസിയത്തില്‍ ഉണ്ടാകും. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമെ കവിയുടെ കൈയെഴുത്ത് പ്രതികളും മ്യൂസിയത്തില്‍ വയ്ക്കും. കുഞ്ഞിരാമന്‍ നായരെ, അദ്ദേഹത്തിന്റെ ഷഷ്ടിപൂര്‍ത്തിക്ക് ഗുരുവായൂര്‍ ദേവസ്വം ആദരിച്ചപ്പോള്‍ കഴുത്തിലണിയിച്ച സ്വര്‍ണമാലയും മ്യൂസിയത്തിലുണ്ടാകും. ഇതില്‍പലതും സുകുമാര്‍ അഴീക്കോട് പ്രസിഡന്റും കവിയുടെ മകന്‍ പി.രവീന്ദ്രന്‍ സെക്രട്ടറിയുമായ പി.സ്മാരക ട്രസ്റ്റ്, സമിതിക്ക് കൈമാറി.

മ്യൂസിയത്തില്‍ പി.ഗ്യാലറി എന്ന പേരില്‍ പ്രത്യേക വിഭാഗം ഒരുക്കും. അനുബന്ധമായി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇതര ഗ്യാലറികളും സ്ഥാപിക്കും. അതില്‍ ഉത്തര കേരളത്തിന്റെ സ്വന്തം കലാരൂപമായ തെയ്യങ്ങളെക്കുറിച്ചുള്ള പഠനശേഖരവും ഉണ്ടാകും. കാസര്‍കോടന്‍ ഗ്രാമങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുന്ന വിവരശേഖരവും മ്യൂസിയത്തില്‍ ഉണ്ടാകും. അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നും കര്‍ണാടകയില്‍ നിന്നും ശേഖരിച്ച ശിലകളും താളിയോലഗ്രന്ഥങ്ങളും മ്യൂസിയത്തില്‍ വയ്ക്കും.ആറുമാസത്തിനകം മ്യൂസിയം യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.

Keywords: Kasaragod, Kanhangad, മ്യൂസിയം  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia