Co-Wife | 'തിരക്കേറിയ ജീവിതത്തിനിടയില്‍ ഭര്‍ത്താവിനെ പരിപാലിക്കാനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാനും കഴിയുന്നില്ല'; പുതിയ പങ്കാളിയെ കണ്ടെത്തി കല്യാണം കഴിപ്പിച്ചുകൊടുത്ത് ഭാര്യ
*സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് വിവിധ നഗരങ്ങളിലും രാജ്യങ്ങളിലുമായാണ് അസ്ലിന്‍ അരിഫിന്‍ ഓരോ ദിവസവും ചെലവഴിക്കുന്നത്.
*47 കാരന് 26കാരിയായ ഡോക്ടറാണ് വധു.
*ഏകാന്തതയെ അകറ്റാനാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രതികരണം.
ക്വാലലംപുര്‍: (KasargodVartha) തിരക്ക് കാരണം ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാനാകാത്തതിനെ തുടര്‍ന്ന് പുതിയ പങ്കാളിയെ കണ്ടെത്തി കല്യാണം കഴിപ്പിച്ചുകൊടുത്ത് ഭാര്യ. രസകരമായ സംഭവം നടന്നിരിക്കുന്നത് മലേഷ്യയിലാണ്. പ്രശസ്ത മലേഷ്യന്‍ ഗായിക അസ്ലിന്‍ അരിഫിന്‍ ആണ് ഭര്‍ത്താവിന്റെ പുനര്‍വിവാഹം നടത്തി മാതൃകാപത്‌നിയായത്.
47 കാരനായ ഭര്‍ത്താവ് വാന്‍ മുഹമ്മദ് ഹാഫിസാമിന് 26കാരിയായ ഡോക്ടറെയാണ് അസ്ലിന്‍ വധുവായി കണ്ടെത്തിയത്. മാര്‍ച് രണ്ടാം വാരമായിരുന്നു പുനര്‍വിവാഹമെന്നാണ് റിപോര്‍ട്. തന്റെ ജോലി തിരക്കുകള്‍ കാരണം തനിക്ക് ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്നും അതുകൊണ്ടാണ് ഭര്‍ത്താവിന് പുതിയ പങ്കാളിയെ കണ്ടെത്തി നല്‍കിയതെന്നും 42കാരിയായ ഗായിക വെളിപ്പെടുത്തി.
സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് വിവിധ നഗരങ്ങളിലും രാജ്യങ്ങളിലുമായാണ് ഗായിക ഓരോ ദിവസവും ചെലവഴിക്കുന്നത്. അപ്പോഴെല്ലാം ഭര്‍ത്താവ് തനിച്ചാണെന്നും അദ്ദേഹം അനുഭവിക്കുന്ന വലിയ ഏകാന്തതയെ അകറ്റാനാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും അസ്ലിന്‍ പ്രതികരിച്ചു.
'ഈ പുനര്‍വിവാഹത്തിനുശേഷവും ഞാന്‍ അദ്ദേഹത്തോടൊപ്പം സന്തോഷവതിയാണ്. ഞങ്ങള്‍ മൂന്നുപേരും ഒരേ വീട്ടില്‍ താമസിക്കുന്നു. ഒഴിവുസമയങ്ങള്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാറുണ്ട്', - അസ്ലിന്‍ അരിഫിന്‍ പറഞ്ഞു.
2011ല്‍ തന്റെ പേഴ്‌സനല്‍ മാനേജര്‍ ആദം ഫാമിയുമായിട്ടായിരുന്നു അസ്ലിന്റെ ആദ്യ വിവാഹം നടന്നത്. പിന്നീട് ഇരുവരും ആറ് വര്‍ഷങ്ങള്‍ക്കുശേഷം വേര്‍പിരിഞ്ഞു. പതിയെ ആത്മീയതയുടെ വഴിയിലേക്ക് തിരിഞ്ഞ അസ്ലിന്‍, നാല് വര്‍ഷത്തോളം ഏകാന്തജീവിതം നയിക്കുകയായിരുന്നു. 2021ലായിരുന്നു വാന്‍ മുഹമ്മദ് ഹാഫിസാമുമായിട്ടുള്ള രണ്ടാം വിവാഹം നടന്നത്.