Yoga | ഇന്‍ഡ്യ ലോകത്തിന് നല്‍കിയ ആരോഗ്യപരിപാലന സമ്പ്രദായങ്ങളിലെ മഹത്തായ സംഭാവന; പ്രകൃതിചികിത്സയുടെ അവിഭാജ്യ ഘടകമായ യോഗയെക്കുറിച്ച് അറിയാം!
*തലച്ചോറിന്റെ പ്രവര്‍ത്തനം ഉന്നതിയിലെത്തുന്നു
*വികാരനിയന്ത്രണം സാധ്യമാക്കുന്നു
*ഉയര്‍ന്ന ചിന്തകള്‍ ഉണ്ടാകുന്നു
*ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ ചെയ്യരുത്
കൊച്ചി: (KasargodVartha) ഇന്‍ഡ്യ ലോകത്തിന് നല്‍കിയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിലെ മഹത്തായ സംഭാവനയാണ് യോഗ. 'ചേര്‍ച്ച' എന്നാണ് യോഗ എന്ന വാക്കിന്റെ അര്‍ഥം. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോട് കൂടി അഭ്യസിക്കുന്ന ശരീരത്തിന്റെയും മനസിന്റെയും സംഗീതമാണ് യോഗ എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം.
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ വര്‍ധിച്ച് വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജിച്ചതുമായ പ്രകൃതി ചികിത്സാമാര്‍ഗമാണിത്. ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു.
ശരീരത്തിന്റെ വളവുകള്‍ യോഗയിലൂടെ നിവര്‍ത്തി ശ്യാസകോശത്തിന്റെ പൂര്‍ണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു. ഇതുവഴി തലച്ചോറിന്റെ പ്രവര്‍ത്തനം ഉന്നതിയിലെത്തുകയും ഉയര്‍ന്ന ചിന്തകള്‍ ഉണ്ടാകുകയും ചെയ്യുന്നു. വികാരനിയന്ത്രണം സാധ്യമാക്കുകയും ഇതിലൂടെ ആത്മീയ ഉന്നതി ലഭിക്കുകയും ചെയ്യുന്നതിനാല്‍ 12 വയസ് കഴിഞ്ഞ ആര്‍ക്കും യോഗ അഭ്യസിക്കാം.
യോഗയ്ക്ക് എട്ട് വിഭാഗങ്ങളുണ്ട്. അതുകൊണ്ട് അഷ്ടാംഗയോഗമെന്നും യോഗയെ പറഞ്ഞുവരുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അവ. അതില്‍ ആദ്യത്തെ നാലെണ്ണത്തെ ഹഠയോഗമെന്ന് പറയുന്നു. ഹഠയോഗം ശരീരവും മനസും പുഷ്ടിപ്പെടുത്തുന്നതിന് വേണ്ടിയാണ്. രണ്ടാമത്തെ നാലെണ്ണത്തെ രാജയോഗമെന്ന് പറയുന്നു. രാജയോഗം ആധ്യാത്മിക ഉന്നതി പ്രാപിക്കുന്നതിന് സഹായിക്കുന്നു.
യോഗ ചെയ്യുന്നവര്‍ പാലിക്കേണ്ട നിയമങ്ങള്‍
കഠിനമായ മാനസിക സംഘര്‍ഷങ്ങള്‍ ഉള്ളപ്പോഴും രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലും യോഗ ചെയ്യരുത്.
കഠിനമായ രോഗത്തിനടിമയായവര്‍ ഡോക്ടറുടെ ഉപദേശം തേടിയശേഷം ഒരു ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവൂ.
യോഗ ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ ചെയ്യരുത്.
സംസാരിച്ചുകൊണ്ടോ മറ്റു കര്‍മങ്ങളിലേര്‍പ്പെട്ടുകൊണ്ടോ യോഗ ഒരിക്കലും ചെയ്യരുത്.
യോഗ ചെയ്യുമ്പോള്‍ കിതപ്പ് തോന്നിയാല്‍ വിശ്രമത്തിനുശേഷമേ അടുത്ത യോഗയിലേക്ക് കടക്കാവൂ.
യോഗ ചെയ്യുന്ന അവസരത്തില്‍ തറയില്‍ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ.
വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യുന്നവര്‍ തിരഞ്ഞെടുക്കേണ്ടത്.
യോഗ ചെയ്യാന്‍ തുടങ്ങതിന് മുന്‍പായി പ്രാര്‍ഥനയോടുകൂടി തുടങ്ങുന്നതായിരിക്കും ഉത്തമം.
കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം.
പ്രഭാതകര്‍മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ച് ശരീരം ശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ ആരംഭിക്കുവാന്‍.
പുരുഷന്മാര്‍ അടിയില്‍ മുറുകിയ വസ്ത്രവും (ലങ്കോട്ടി) സ്ത്രീകള്‍ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം.
രാവിലെ നാലു മുതല്‍ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. ഇതു പറ്റാത്തവര്‍ക്കു വൈകിട്ടു നാലര മുതല്‍ ഏഴുമണിവരെയും ചെയ്യാം. സ്ത്രീകള്‍ ആര്‍ത്തവ കാലഘട്ടങ്ങളില്‍ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കില്‍ ചെയ്യാം.
യോഗ ചെയ്യുന്ന അവസരത്തില്‍ എയര്‍കണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നത് ശരിയല്ല.
വയറു നിറഞ്ഞിരിക്കുമ്പോഴും യോഗ ചെയ്യാന്‍ പാടില്ല. ഭക്ഷണം കഴിച്ചതിനുശേഷം നാലുമണിക്കൂര്‍ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേ പോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിനുശേഷമേ ഭക്ഷണം കഴിക്കാവൂ.
യോഗ ചെയ്യുന്ന ആള്‍ മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.
ഗര്‍ഭിണികള്‍ മൂന്നു മാസം കഴിഞ്ഞാല്‍ കമഴ്ന്നു കിടന്നുള്ള ആസനങ്ങളും കുംഭകത്തോട് (വയര്‍) കൂടിയുള്ള പ്രാണായാമങ്ങളും ചെയ്യാന്‍ പാടില്ല.
പ്രാണായാമം: യോഗാഭ്യാസത്തിന്റെ പ്രധാനമായ വിഷയമാണ് പ്രാണായാമം. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസത്തിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിക്കുന്ന ശ്വാസോച്ഛ്വാസപ്രക്രിയയില്‍ ശ്വാസകോശങ്ങളെ വികാസ-സങ്കോചങ്ങള്‍ക്ക് വിധേയമാക്കാന്‍ മാത്രമുള്ള പ്രക്രിയ നടക്കുന്നില്ലെന്ന കാരണത്താല്‍ ഈ കുറവ് പരിഹരിക്കാനാണ് യോഗയില്‍ പ്രാണായാമം എന്ന അഭ്യാസം ഉള്‍പെടുത്തിയിരിക്കുന്നത്. ബോധപൂര്‍വം ചില നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്‌സിജനും ഊര്‍ജവും ആഗിരണം ചെയ്യപ്പെടുന്നു. യോഗശാസ്ത്രപ്രകാരം മനസിന് നിയന്ത്രണമില്ലാത്തവരില്‍ രോഗങ്ങള്‍ ഉണ്ടാവുന്നു. മനസും ശ്വാസവും പരസ്പര പൂരകങ്ങളാണ്. അന്യോന്യം രഥസാരഥി എന്നാണ് പറയുന്നത്. വികാരതീവ്രത മനസ്സിനെ വികലമാക്കുക വഴി ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നുണ്ട്. ഇത് നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം (പ്രാണായാമം) കൊണ്ട് നിയന്ത്രിക്കാന്‍ സാധ്യമാക്കുന്നു.