Health | ലോക വൃക്കദിനം: നിങ്ങളുടെ വൃക്കകൾ അപകടത്തിലാണോ? അവഗണിക്കരുതാത്ത ലക്ഷണങ്ങൾ; വൃക്കരോഗത്തിൻ്റെ ഭീകരമുഖം അറിയാം

● 80% വൃക്കരോഗികളും രോഗം അറിയുന്നില്ല.
● പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകില്ല.
● രോഗം മൂർച്ഛിച്ച് അവസാനഘട്ടത്തിൽ എത്തുമ്പോളാണ് പലരും അറിയുന്നത്.
ന്യൂഡൽഹി: (KasargodVartha) വൃക്കരോഗം ഇന്ന് ലോകമെമ്പാടും ഒരു നിശ്ശബ്ദ മഹാമാരിയായി പടർന്നുപിടിക്കുകയാണ്. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കാതെ, രോഗം മൂർച്ഛിച്ച് അവസാനഘട്ടത്തിൽ എത്തുമ്പോളാണ് പലരും ഇതിനെക്കുറിച്ച് അറിയുന്നത് പോലും. അവസാനഘട്ട വൃക്കരോഗം ബാധിച്ച വ്യക്തികളെ സംബന്ധിച്ചിടത്തോളം, കൃത്യ സമയത്തുള്ള ഡയാലിസിസോ അല്ലെങ്കിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയോ ജീവനും മരണത്തിനുമിടയിലെ നേരിയ നൂൽപ്പാലം പോലെ നിർണായകമായി മാറിയേക്കാം.
വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്, ഡയാലിസ് ചികിത്സ വൈകുന്നത് ശരീരത്തിൽ വിഷാംശം വർദ്ധിപ്പിക്കുകയും ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള മാരകമായ സങ്കീർണതകളിലേക്ക് വരെ കൊണ്ടെത്തിക്കുമെന്നുമാണ്. അതുകൊണ്ട് തന്നെ വൃക്കരോഗത്തെ 'നിശ്ശബ്ദനായ കൊലയാളി' എന്ന് വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല.
കാരണം രോഗലക്ഷണങ്ങൾ പലപ്പോഴും വളരെ വൈകി, കേടുപാടുകൾ മാറ്റാനാവാത്ത സ്ഥിതിയിൽ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ. ഇത് രോഗനിർണയം വൈകാനും, ചികിത്സ വൈകാനും അതുവഴി ജീവൻ അപകടത്തിലാകാനും കാരണമാകുന്നു. എന്നിട്ടും, പല രോഗികളും ഈ അപകട സൂചനകളെ വളരെ വൈകുന്നതുവരെ തിരിച്ചറിയാതെ പോകുന്നു എന്നത് ദുഃഖകരമായ യാഥാർഥ്യമാണ്.
ഡയാലിസും വൃക്ക മാറ്റിവെക്കലും:
അവസാനഘട്ട വൃക്കരോഗം ബാധിച്ചവർക്ക് മുന്നിലുള്ള ഏക ആശ്രയം ഡയാലിസിസും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും മാത്രമാണ്. പലപ്പോഴും തെറ്റിദ്ധാരണകളും വിവരമില്ലായ്മയും ചികിത്സ വൈകാൻ കാരണമാകുകയും ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു. ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവരുമ്പോൾ, ഏകദേശം 80% വൃക്കരോഗികളും തങ്ങൾക്ക് രോഗമുണ്ടെന്ന് പോലും അറിയാതെ ജീവിക്കുന്നു.
രക്താതിമർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ അപകടങ്ങളെക്കുറിച്ചും, മദ്യപാനം, അമിതവണ്ണം പോലുള്ള ജീവിതശൈലീ മാറ്റങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്നും വിദഗ്ധർ ആവർത്തിച്ച് സംസാരിക്കുന്നു. ഈ സാഹചര്യത്തിൽ, രോഗം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ഗുഡ്ഗാവിലെ പ്രശസ്തമായ സി കെ ബിർള ഹോസ്പിറ്റലിലെ നെഫ്രോളജി കൺസൾട്ടൻ്റ് ഡോ. മോഹിത് ഖിർബട്ട് പറയുന്നത് ശ്രദ്ധേയമാണ്, 'സ്ഥിരമായ വൃക്കരോഗം (CKD) ഇന്ന് ലോകമെമ്പാടും വർധിച്ചു വരുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. അവസാനഘട്ട വൃക്കരോഗം (ESRD) ബാധിച്ച രോഗികൾക്ക് ഡയാലിസിസും വൃക്ക മാറ്റിവെക്കലും എന്നിങ്ങനെ പ്രധാനമായി രണ്ട് ചികിത്സാ രീതികളാണ് നിലവിലുള്ളത്. ഈ രണ്ട് ചികിത്സാരീതികളിൽ ഏതാണ് ഒരു രോഗിക്ക് തിരഞ്ഞെടുക്കേണ്ടത് എന്നത് അവരുടെ ആരോഗ്യസ്ഥിതി, വ്യക്തിപരമായ താല്പര്യങ്ങൾ, ചികിത്സയുടെ ലഭ്യത എന്നിങ്ങനെ കുറച്ച് അധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഡയാലിസിസും ട്രാൻസ്പ്ലാൻ്റും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ മനസ്സിലാക്കുന്നത് വൃക്കരോഗികൾക്ക് ശരിയായ വിവരങ്ങൾ അറിഞ്ഞ്, ഉചിതമായ ഒരു തീരുമാനമെടുക്കാൻ അത്യാവശ്യമാണ്'.
ഡയാലിസ്: രോഗികൾക്കുള്ള ജീവൻ രക്ഷാമരുന്ന്
വൃക്കകൾക്ക് അവയുടെ പ്രധാന ധർമ്മമായ രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയ ശരിയായി നിർവഹിക്കാൻ കഴിയാതെ വരുമ്പോൾ, രക്തത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും, അധിക ദ്രാവകങ്ങളും, വിഷാംശങ്ങളും നീക്കം ചെയ്യാൻ വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു വൈദ്യശാസ്ത്രപരമായ ചികിത്സാരീതിയാണ് ഡയാലിസിസ്. പ്രധാനമായി ഡയാലിസിസ് രണ്ട് തരത്തിലുണ്ട്: ഹീമോഡയാലിസിസും പെരിറ്റോണിയൽ ഡയാലിസിസും.
ഹീമോഡയാലിസിസിൽ, രോഗിയുടെ രക്തം ശരീരത്തിന് പുറത്തുള്ള ഒരു മെഷീൻ ഉപയോഗിച്ച് ഫിൽട്ടർ ചെയ്ത് ശുദ്ധീകരിക്കുന്നു. ഈ പ്രക്രിയ സാധാരണയായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആശുപത്രിയിലോ അല്ലെങ്കിൽ ഡയാലിസിസ് സെൻ്ററിലോ വെച്ച് ചെയ്യുന്നു. എന്നാൽ പെരിറ്റോണിയൽ ഡയാലിസിസ് അല്പം വ്യത്യസ്തമാണ്, ഇതിൽ അടിവയറ്റിലെ പെരിറ്റോണിയം മെംബ്രൻ ഉപയോഗിച്ച് കത്തീറ്റർ വഴി രക്തം ഫിൽട്ടർ ചെയ്യാൻ അനുവദിക്കുന്നു. ഈ രീതിയിലുള്ള ഡയാലിസിസ് രോഗികൾക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാനാകും.
ഡയാലിസിസിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് ഇത് മിക്ക രോഗികൾക്കും ഒരുപോലെ അനുയോജ്യമാണ്, കൂടാതെ ഇതിന് ശസ്ത്രക്രിയയുടെ ആവശ്യമില്ല എന്നതും എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. പെരിറ്റോണിയൽ ഡയാലിസിസ് പോലെയുള്ള രീതികൾ വീട്ടിലിരുന്ന് തന്നെ ചെയ്യാൻ സാധിക്കുന്നു എന്നത് രോഗികൾക്ക് വളരെ സൗകര്യപ്രദമാണ്. എന്നിരുന്നാലും, ഡയാലിസിന് ചില പോരായ്മകളും ഉണ്ട്. ഇത് സമയമെടുക്കുന്നതും, ജീവിതശൈലിയിൽ ധാരാളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായ ഒരു ചികിത്സാരീതിയാണ്. അണുബാധകളും, മറ്റ് സങ്കീർണതകളും ഉണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്. കൂടാതെ ഡയാലിസ് ചികിത്സ ഒരിക്കലും വൃക്കയുടെ തകരാറിലായ പ്രവർത്തനത്തെ പൂർണ്ണമായി പുനഃസ്ഥാപിക്കുന്നില്ല എന്നതും ഒരു പോരായ്മയായി കണക്കാക്കാം.
വൃക്ക മാറ്റിവെക്കൽ: ദീർഘകാലത്തേക്കുള്ള ഒരു നല്ല പരിഹാരം
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ, രോഗിയുടെ തകരാറിലായ വൃക്കയെ, ജീവനുള്ളതോ മരിച്ചതോ ആയ ഒരു ദാതാവിൽ നിന്ന് ലഭിച്ച ആരോഗ്യമുള്ള വൃക്ക ഉപയോഗിച്ച് മാറ്റിവെക്കുന്നു. ദീർഘകാലത്തേക്കുള്ള മെച്ചങ്ങൾ പരിഗണിക്കുമ്പോൾ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ യോഗ്യരായ രോഗികൾക്കുള്ള ഏറ്റവും മികച്ച ചികിത്സാരീതിയായി കണക്കാക്കപ്പെടുന്നു.
വൃക്ക മാറ്റിവെക്കലിന്റെ പ്രധാന പ്രയോജനങ്ങൾ എന്നത്, രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു, ഭക്ഷണ കാര്യത്തിലുള്ള നിയന്ത്രണങ്ങൾ കുറയ്ക്കുന്നു, ഡയാലിസിസ് ചികിത്സയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ കൂടുതൽ കാലം നിലനിൽക്കുന്നു, കൂടാതെ രോഗിയുടെ അതിജീവന നിരക്ക് വളരെയധികം കൂടുന്നു എന്നിവയൊക്കെയാണ്.
എന്നിരുന്നാലും, അനുയോജ്യമായ ഒരു വൃക്ക ദാതാവിനെ കണ്ടെത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്, കിഡ്നി ലഭിച്ചില്ലെങ്കിൽ കാത്തിരിക്കേണ്ടി വരുന്നു, തുടർന്ന് ജീവിതകാലം മുഴുവൻ ഇമ്മ്യൂണോസപ്രസീവ് മരുന്നുകൾ കഴിക്കേണ്ടതായും വരുന്നു, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മറ്റ് പല അപകടസാധ്യതകളും ഉണ്ട്, അതുപോലെ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കൂടുതൽ സമയം എടുക്കുന്നു എന്നതും ഇതിന്റെ പോരായ്മകളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഏതാണ് നിങ്ങൾക്ക് ശരിയായ തിരഞ്ഞെടുപ്പ്?
ഡയാലിസിസോ അതോ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയോ തിരഞ്ഞെടുക്കേണ്ടത് ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രായം, മറ്റ് വൈദ്യപരമായ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഡയാലിസിസ് ഉടനടി നൽകാനും വേഗത്തിൽ ആരംഭിക്കാനും കഴിയുന്ന ഒരു ചികിത്സാരീതിയാണ്, എന്നാൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ദീർഘകാലത്തേക്ക് കൂടുതൽ മികച്ച ഫലങ്ങൾ നൽകുന്നു. അതിനാൽ വൃക്കരോഗികൾ അവരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഏറ്റവും ഉചിതമായ ചികിത്സാരീതി ഏതാണെന്ന് തിരഞ്ഞെടുക്കാൻ ഒരു നെഫ്രോളജിസ്റ്റിനെ സമീപിക്കുന്നത് വളരെ നല്ലതാണ്.
സമയബന്ധിതമായ ഡയാലിസിസിന്റെ പ്രാധാന്യം:
ഫോർട്ടിസ് ഹോസ്പിറ്റൽ (ശാലിമാർ ബാഗ്) നെഫ്രോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാൻ്റ് മെഡിസിൻ ഡയറക്ടർ ഡോ. യോഗേഷ് കെ. ഛബ്ര സമയബന്ധിതമായ ഡയാലിസിസിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നത് ഇപ്രകാരമാണ്, 'ഒരു വ്യക്തിയുടെ വൃക്കയുടെ പ്രവർത്തനം വളരെയധികം കുറഞ്ഞ് ഗുരുതരമായ നിലയിലേക്ക് എത്തുമ്പോൾ, ശരീരത്തിലെ വിഷാംശം കൃത്യമായി നീക്കം ചെയ്യാനും ശരീരത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ നിലനിർത്താനും ഡയാലിസിസ് അത്യന്താപേക്ഷിതമാണ്. ഹീമോഡയാലിസിസ് രീതിയിൽ ആഴ്ചയിൽ മൂന്ന് തവണ പുറത്ത് നിന്ന് രക്തം ഫിൽട്ടർ ചെയ്ത് മാലിന്യം നീക്കം ചെയ്യുന്നു. എന്നാൽ പെരിറ്റോണിയൽ ഡയാലിസിസ് വീട്ടിലിരുന്ന് തന്നെ ദ്രാവകം കൈമാറ്റം ചെയ്യാൻ അനുവദിക്കുന്നു.
ഡയാലിസ് ചികിത്സ വൈകുന്നത് ശരീരത്തിൽ വിഷാംശം ക്രമാതീതമായി വർദ്ധിപ്പിക്കുകയും ഓക്കാനം, ആശയക്കുഴപ്പം, ബോധമില്ലായ്മ, മരണം വരെ സംഭവിക്കാനും കാരണമായേക്കാം. അതുപോലെ രക്തത്തിലെ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ പെട്ടന്നുള്ള മരണത്തിലേക്ക് വരെ കൊണ്ടെത്തിക്കാൻ സാധ്യതയുണ്ട്. സമയബന്ധിതമായ ഡയാലിസിസ് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ മാരകമായ സങ്കീർണതകൾ ഒരു പരിധി വരെ തടയുകയും മികച്ച ആരോഗ്യം, നല്ല ജീവിത നിലവാരം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ ഇത് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഒരു പാലമായി വർത്തിക്കുകയും അതുവരെ ശരീരത്തിന്റെ ആന്തരികമായ പ്രവർത്തനങ്ങളെ ശരിയായ രീതിയിൽ നിലനിർത്തുകയും ചെയ്യുന്നു'.
അവസാന ഘട്ട (Stage 5): രോഗികൾക്ക് ട്രാൻസ്പ്ലാൻ്റ് കൂടുതൽ ഉചിതം:
ഫോർട്ടിസ് ഹോസ്പിറ്റൽ വസന്ത് കുഞ്ചിലെ പ്രിൻസിപ്പൽ ഡയറക്ടർ നെഫ്രോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാൻ്റ് ഡോ. സഞ്ജീവ് ഗുലാത്തി അവസാനഘട്ട വൃക്കരോഗത്തിൽ വൃക്ക മാറ്റിവെക്കലിന്റെ പ്രാധാന്യം എടുത്തുപറയുന്നത് ഇങ്ങനെയാണ്, 'അവസാന ഘട്ടത്തിലുള്ള സികെഡി രോഗികൾക്ക് ഡയാലിസിസും വൃക്ക മാറ്റിവെക്കലും മാത്രമാണ് മുന്നോട്ടുള്ള അതിജീവനത്തിനുള്ള പ്രധാന വഴികൾ. ഇതിന് മറ്റ് ചികിത്സകളുണ്ടെന്നുള്ള സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളെല്ലാം തികച്ചും ശാസ്ത്രീയ വിരുദ്ധമാണ്. ഡയാലിസിസ് ചികിത്സയുമായി താരതമ്യം ചെയ്യുമ്പോൾ ചിലവ് കുറഞ്ഞതും കൂടുതൽ കാലം നല്ല ഫലങ്ങൾ നൽകുന്നതും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയാണ്.
വൃക്ക ദാനം ചെയ്യുന്നത് അടുത്ത കുടുംബാംഗങ്ങളോ അല്ലെങ്കിൽ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികളോ ആകാം. ഡയാലിസിസിന് വിധേയമാകുന്ന ഒരു രോഗിയുടെ ഒരു വർഷത്തെ അതിജീവന നിരക്ക് ഏകദേശം 75% ആണ്, ഇത് അഞ്ച് വർഷം കഴിയുമ്പോൾ 20% ആയി കുറയുന്നു. കൂടാതെ ഇങ്ങനെയുള്ള രോഗികൾക്ക് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. എന്നാൽ നേരെമറിച്ച്, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായ രോഗികളുടെ ഒരു വർഷത്തെ അതിജീവന നിരക്ക് 99%വും, അഞ്ച് വർഷം കഴിയുമ്പോൾ വൃക്കയുടെ അതിജീവന നിരക്ക് 95%വും, രോഗിയുടെ അതിജീവന നിരക്ക് 95%വുമാണ്.
ഇത് രോഗിയുടെ സാധാരണ ജീവിതം വീണ്ടെടുക്കാനും, ജോലി ചെയ്യാനും, പഠിക്കാനും, സമൂഹത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനും ഒരുപാട് സഹായിക്കുന്നു. ഡയാലിസിസിന് മുൻപ് നടത്തുന്ന പ്രീ-എംപ്റ്റീവ് ട്രാൻസ്പ്ലാൻ്റ് കൂടുതൽ മികച്ച ഫലങ്ങളും കുറഞ്ഞ ചിലവും നൽകുന്നു. അതിനാൽ ഇങ്ങനെയുള്ള രോഗികൾക്ക് ഏറ്റവും ഉചിതമായ തിരഞ്ഞെടുപ്പ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെയാണ്'.
മദ്യപാനവും വൃക്കയിലെ കാൻസറും:
സി കെ ബിർള ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഡോ. മോഹിത് ഖിർബട്ട് മദ്യപാനം വൃക്കരോഗത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധേയമാണ്, 'അമിതമായ മദ്യപാനം ശരീരത്തിൽ നിർജ്ജലീകരണം, ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ ഉണ്ടാക്കുകയും ഇത് വൃക്കയുടെ സ്വാഭാവിക പ്രവർത്തനത്തെ തകരാറിലാക്കുകയും അതുവഴി വൃക്കയിലെ കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മദ്യം ശരീരത്തിലെ ദ്രാവക, ഇലക്ട്രോലൈറ്റ് സന്തുലനത്തെ തടസ്സപ്പെടുത്തുകയും ഇത് പിന്നീട് രക്താതിമർദ്ദത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു, ഇത് വൃക്കരോഗത്തിൻ്റെ ഒരു പ്രധാന കാരണമായി മാറുന്നു.
അതുപോലെ അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, വിട്ടുമാറാത്ത വീക്കം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും കാൻസർ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മദ്യപാനം പൂർണ്ണമായി ഒഴിവാക്കുകയും, ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുകയും, സമീകൃതമായ ആഹാരക്രമവും, പതിവായ വ്യായാമവും പിന്തുടരുന്നത് വഴി വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാനും സങ്കീർണതകൾ ഒരുപാട് കുറയ്ക്കാനും സഹായിക്കും. മദ്യപാനം മൂലം ഉണ്ടാകുന്ന വൃക്ക തകരാറുകൾ തടയുന്നതിൽ മുൻകരുതൽ നിറഞ്ഞ ജീവിതശൈലി തിരഞ്ഞെടുപ്പുകൾക്ക് വളരെ വലിയ സ്ഥാനമുണ്ട്'.
രക്താതിമർദ്ദവും പ്രമേഹവും:
ഗുഡ്ഗാവിലെ സി കെ ബിർള ഹോസ്പിറ്റലിലെ നെഫ്രോളജി കൺസൾട്ടൻ്റ് ഡോ. മോഹിത് ഖിർബട്ട് രക്താതിമർദ്ദവും പ്രമേഹവും വൃക്കകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് ഇങ്ങനെയാണ്, 'രക്താതിമർദ്ദവും പ്രമേഹവും പലപ്പോഴും ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാതെ വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം വൃക്കയിലെ രക്തക്കുഴലുകളെ സമ്മർദ്ദത്തിലാക്കുകയും മാലിന്യം ഫിൽട്ടർ ചെയ്യുന്ന പ്രക്രിയയെ തകരാറിലാക്കുകയും ചെയ്യുന്നു. പ്രമേഹത്തിൽ നിന്നുള്ള അധിക ഗ്ലൂക്കോസ് വൃക്കയുടെ ആന്തരിക പ്രവർത്തനത്തെ ക്ഷയിപ്പിക്കുന്നു. ഈ രണ്ട് രോഗങ്ങളും ഒരുമിച്ച് വരുമ്പോൾ, സ്ഥിരമായ വൃക്കരോഗം (CKD), വൃക്കസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു.
രോഗം നേരത്തെ കണ്ടെത്തുകയും, രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും നിയന്ത്രിക്കുകയും, വൃക്കയ്ക്ക് അനുയോജ്യമായ ഭക്ഷണക്രമം പിന്തുടരുകയും, പതിവായ വ്യായാമം ചെയ്യുകയും ചെയ്യുന്നതാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ. അതുപോലെ പതിവായുള്ള ആരോഗ്യ പരിശോധനകൾ കൃത്യ സമയത്തുള്ള രോഗ നിർണയത്തിനും, ചികിത്സകൾ ആരംഭിക്കാനും സഹായിക്കുന്നു. അതുകൊണ്ട് ചെറിയ ജീവിതശൈലി ക്രമീകരണങ്ങളും മുൻകരുതൽ നിറഞ്ഞ ആരോഗ്യ പരിപാലനവും വൃക്കരോഗ സാധ്യത ഒരുപാട് കുറയ്ക്കുകയും ദീർഘകാല ആരോഗ്യം ഉറപ്പാക്കുകയും ചെയ്യും'.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും പതിവ് പരിശോധനകളുടെ പ്രാധാന്യവും:
ജൂപ്പിറ്റർ ഹോസ്പിറ്റൽ, പൂനെയിലെ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ് ഡോ. ശൈലേഷ് കകഡെ വൃക്കരോഗത്തിൻ്റെ ലക്ഷണങ്ങളെക്കുറിച്ചും പതിവ് പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നത് ഇപ്രകാരമാണ്, 'വൃക്കകൾ പ്രധാനമായി രക്തത്തിൽ നിന്ന് മാലിന്യം ഫിൽട്ടർ ചെയ്ത് പുറന്തള്ളുന്നു. എന്നാൽ വൃക്കകൾക്ക് എന്തെങ്കിലും തകരാറ് സംഭവിക്കുമ്പോൾ, ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടുകയും ഇത് പിന്നീട് ക്ഷീണം, അകാരണമായ ബലഹീനത, ഏകാഗ്രതയില്ലാത്ത അവസ്ഥ എന്നിവയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
ഇത് പ്രധാനമായും ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുന്നതിനാലാണ് സംഭവിക്കുന്നത്. ഇത് ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാത്തതിലേക്ക് നയിക്കുന്നു. ഞെട്ടിക്കുന്ന ഒരു യാഥാർഥ്യം എന്തെന്നാൽ ഏകദേശം 80% വൃക്കരോഗികളും രോഗനിർണയം നടത്താത്തവരായി ഇന്നും ജീവിക്കുന്നു എന്നതാണ്. എന്നാൽ ലളിതമായ ചില പരിശോധനകളിലൂടെ രോഗം നേരത്തെ കണ്ടെത്താനാകും:
● യൂറിൻ ആൽബുമിൻ-ക്രിയാറ്റിനിൻ അനുപാതം (uACR): ഈ പരിശോധന മൂത്രത്തിലെ അസാധാരണമായ പ്രോട്ടീൻ്റെ അളവ് കണ്ടെത്താൻ സഹായിക്കുന്നു. ഇത് വൃക്കയിലുള്ള പ്രശ്നങ്ങളുടെ ഒരു പ്രധാന സൂചനയാണ്.
● എസ്റ്റിമേറ്റഡ് ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ് (eGFR): രക്തത്തിലെ ക്രിയാറ്റിനിൻ അളവ് കൃത്യമായി പരിശോധിച്ച് വൃക്കയുടെ പ്രവർത്തനം എത്രത്തോളമുണ്ടെന്ന് ഈ ടെസ്റ്റിലൂടെ വിലയിരുത്താനാകും."
അമിതവണ്ണവും വൃക്കരോഗവും:
അമിതവണ്ണം ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്, ഇത് പ്രമേഹത്തിനും, രക്താതിമർദ്ദത്തിനും ഉള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു. ഈ രണ്ട് രോഗങ്ങളും സ്ഥിരമായ വൃക്കരോഗത്തിന് (CKD) പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഈ പറയുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ പോലും, അമിതഭാരം വൃക്കരോഗം വളരെ പെട്ടെന്ന് വഷളാകാൻ കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും, പതിവായി വ്യായാമം ചെയ്യുകയും, അതുപോലെ ജീവിതശൈലിയിൽ നല്ല മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കുന്നത് വഴി വൃക്ക തകരാറുകൾ ഒരു പരിധി വരെ തടയാനോ അല്ലെങ്കിൽ രോഗം വരുന്നത് മന്ദഗതിയിലാക്കാനോ സാധിക്കും.
പ്രമേഹരോഗികളിലെ വൃക്ക ആരോഗ്യം:
നിയന്ത്രണമില്ലാത്ത ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വൃക്കയിലെ പ്രധാന രക്തക്കുഴലുകളെ തകരാറിലാക്കുകയും വൃക്കയുടെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹരോഗികളിൽ പലർക്കും രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വൃക്കരോഗം വരാനുള്ള സാധ്യത വീണ്ടും വർദ്ധിപ്പിക്കുന്നു. ഏകദേശം മൂന്നിലൊന്ന് പ്രമേഹരോഗികളായ മുതിർന്ന വ്യക്തികൾക്കും വൃക്കരോഗം വരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
വൃക്ക തകരാറുകൾ വളരെ പതുക്കെ ആയിട്ടാണ് സംഭവിക്കുന്നത്, അതുകൊണ്ട് പ്രമേഹ രോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴും നിയന്ത്രിച്ച് നിർത്തുകയും, രക്തസമ്മർദ്ദം കൂടാതെ നോക്കുകയും, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്യുന്നത് രോഗം വരുന്നത് ഒരുപാട് കാലം വൈകിപ്പിക്കാനും ഒരുപക്ഷേ വരാതെ തന്നെ ഇരിക്കാനും സഹായിക്കും.
ആരോഗ്യകരമായ വൃക്കകൾക്ക് ഇനി ശീലിക്കാം ഈ കാര്യങ്ങൾ
മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (പട്പർഗഞ്ച്) നെഫ്രോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. വരുൺ വർമ്മ ആരോഗ്യകരമായ വൃക്കകൾക്ക് നമ്മൾ ശ്രദ്ധിക്കേണ്ട ജീവിതശൈലികളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്, 'വൃക്കയുടെ ആരോഗ്യം പൂർണ്ണമായും നമ്മുടെ ജീവിതശൈലി തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കുന്നു. അമിതവണ്ണം, രക്താതിമർദ്ദം, പ്രമേഹം, വൃക്കരോഗം എന്നിവയ്ക്കുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ശരീരഭാരം എപ്പോഴും നിയന്ത്രിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ അമിതമായ ഉപ്പ്, മധുരം എന്നിവയുടെ ഉപയോഗം രക്താതിമർദ്ദത്തിനും പ്രമേഹത്തിനും പ്രധാന കാരണമാകുകയും ഇത് പിന്നീട് വൃക്കയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
പുകവലിയും മദ്യപാനവും വൃക്കകളെ പെട്ടെന്ന് തകരാറിലാക്കുകയും രോഗസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിൽ ആവശ്യത്തിന് വെള്ളമില്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കുകയും ഇത് വൃക്കയിലെ കല്ലുകൾക്കും അണുബാധകൾക്കും കാരണമാകുന്നു. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ അമിതമായി വേദന സംഹാരികൾ ഉപയോഗിക്കുന്നത് വൃക്കസ്തംഭനത്തിന് വരെ കാരണമായേക്കാം.
സമീകൃതാഹാരം ശീലമാക്കുകയും, പതിവായ വ്യായാമം ചെയ്യുകയും, ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുകയും, അതുപോലെ പുകവലി, മദ്യപാനം പോലെയുള്ള ദോഷകരമായ ശീലങ്ങൾ പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യുന്നതുൾപ്പെടെ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നത് വഴി വൃക്കയുടെ ആരോഗ്യം നമുക്ക് ഉറപ്പാക്കാൻ സാധിക്കും. ലളിതമായ ഈ ജീവിതശൈലി മാറ്റങ്ങളിലൂടെ വൃക്ക സംബന്ധമായ തകരാറുകൾ ഒരു പരിധി വരെ തടയാനും അതുവഴി മൊത്തത്തിലുള്ള നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും."
ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ പൊതുവായ അറിവിനായി മാത്രമാണ്, വൈദ്യോപദേശമായി കണക്കാക്കരുത്. നിങ്ങളുടെ ആരോഗ്യപരമായ സംശയങ്ങൾക്കും പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾക്കും ഒരു ഡോക്ടറെ സമീപിച്ച് ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
World Kidney Day highlights the silent dangers of kidney disease, its symptoms, and the importance of timely treatment like dialysis or transplant.
#KidneyHealth #SilentKiller #WorldKidneyDay #Dialysis #KidneyTransplant #HealthAwareness