Awareness | ലോക എയ്ഡ്സ് ദിനം: ആരോഗ്യ പ്രവർത്തകർ ഒത്തുചേർന്നു; ശ്രദ്ധേയമായി കാസർകോട് ബോധവത്കരണ പരിപാടികൾ
● ക്ലാസുകൾ, ചിത്രരചന മത്സരങ്ങൾ തുടങ്ങിയവ നടന്നു
● 'അവകാശങ്ങളുടെ പാത തിരഞ്ഞെടുക്കൂ' എന്നതായിരുന്നു പ്രമേയം
● വിദ്യാർത്ഥികൾക്കായി ഫ്ളാഷ് മോബും സംഘടിപ്പിച്ചു
കാസർകോട്: (KasargodVartha) ജനറൽ ആശുപത്രിയിൽ 'അവകാശങ്ങളുടെ പാത തിരഞ്ഞെടുക്കൂ' എന്ന പ്രമേയത്തിൽ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്‌തു. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് മുഖ്യാതിഥിയായി. ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ ആരതി രഞ്ജിത്ത് എയ്ഡ്സ് ദിന സന്ദേശം നൽകി.
എ.ആർ.ടി സെൻറർ നോഡൽ ഓഫീസർ ഡോ. ജനാർധന നായിക് മുഖ്യപ്രഭാഷണം നടത്തി. എയ്ഡ്സ് ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് ഉപഹാരങ്ങൾ കൈമാറി. എ ആർ ടി സെൻറർ മെഡിക്കൽ ഓഫീസർ ഡോ ഫാത്തിമ മുബീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റോട്ടറി ക്ലബ് കാസർകോട് പ്രസിഡൻ്റ് ഡോ ബി നാരായണ നായിക്, ഐ എം എ കാസർകോട് പ്രസിഡന്റ് ഡോ. ഹരികിരൺ ബങ്കേര , ഐ എം എ സെക്രട്ടറി ഡോ. അണ്ണപ്പ കാമത്ത്, സ്റ്റാഫ് കൗൺസിൽ ചെയർപേഴ്സൺ ഡോ. ഷറീന, നഴ്സിംഗ് സൂപ്രണ്ട് ലത എ, കെ ഡി എൻ പി പ്ലസ് പ്രോജക്ട് ഡയറക്ടർ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫാർമസിസ്റ്റ് സിഎ യൂസുഫ് സ്വാഗതവും നഴ്സിംഗ് ഓഫീസർ പ്രബിത ബാലൻ നന്ദിയും പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി കൊമേഴ്സ്യൽ ആർട്ടിസ്റ്റ് അസോസിയേഷൻ കലാകാരന്മാർ എച്ച്ഐവി ബോധവൽക്കരണ ചിത്രരചന നടത്തി. നഴ്സിംഗ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരങ്ങൾ, പോസ്റ്റർ എക്സിബിഷൻ, ലഘുലേഖ വിതരണം തുടങ്ങി വിവിധ ബോധത്ക്കരണ പരിപാടികൾ നടന്നു. ജെ പി എച്ച് എൻ സ്കൂളിലെ വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബും ഉണ്ടായിരുന്നു. എ ആർ ടി സെൻ്റർ കൗൺസിലർമാരായ അനിൽകുമാർ, പ്രമീള കുമാരി, കെയർ കോഡിനേറ്റർ കെ നിഷ, ഡാറ്റാ മാനേജർ സിന്ധു പി കെ, ലാബ് ടെക്നീഷ്യൻ ഫിദ ഹസ്സൻ തുടങ്ങിയവർ നേതൃത്വം നൽകി.
കെ എൻ പി ബോധവൽക്കരണം നടത്തി
കാസർകോട്: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കെ എൻ പി സുരക്ഷ പ്രോജക്റ്റ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
എച്ച്ഐവി ബോധവൽക്കരണ ക്ലാസുകൾ, എച്ച്ഐവി ടെസ്റ്റുകൾ, ടിബി ബോധവൽക്കരണം എന്നിവയായിരുന്നു നടത്തിയത്. എംഎൽഎ എൻ എ നെല്ലിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, ജില്ലാ ടിബി ആൻഡ് എയ്ഡ്‌സ് ഓഫീസർ ഡോ. ആരതി, ഐസിടിസി കൗൺസിലർ യോഗിഷ്, ഷെരീഫ്, കെ എൻ പി കൗൺസിലർ അബീന എന്നിവർ സംസാരിച്ചു. കെ എൻ പി പ്രോജക്ട് മാനേജർ ഷൈജ സ്വാഗതവും എ നവ്യ നന്ദിയും പറഞ്ഞു.
എച്ച്ഐവി ബോധവത്കരണ മാജിക് ഷോയും സംഘടിപ്പിച്ചു. ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ ബൂത്ത് സ്ഥാപിച്ച് എച്ച്ഐവി ബോധവൽക്കരണവും ടെസ്റ്റിങ്ങും നടത്തി.
കെഎൻപി സുരക്ഷാ പദ്ധതിയിൽ എയ്ഡ്സ് ദിനാചരണം
കാസർകോട്: കെഎൻപി സുരക്ഷാ പദ്ധതിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകളിൽ ഐഇസി പോസ്റ്ററുകൾ പതിപ്പിച്ചുകൊണ്ട് ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് ഉദ്ഘാടനം ചെയ്തു. എസ് ടി യു സംസ്ഥാന പ്രസിഡന്റ് ഷെരീഫ് കൊടവഞ്ചി, മറ്റു ഓട്ടോ വ്യാപാരി യൂണിയൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. കെഎൻപി കൗൺസിലർ അബീന എച്ച്ഐവി, ടിബി എന്നീ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു. കെഎൻപി അക്കൗണ്ടന്റ് നവ്യ സ്വാഗതവും സവാദ് നന്ദിയും പറഞ്ഞു.
#WorldAIDSDay #HIVawareness #Kasargod #Kerala #India #health #community