ADHD | തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് ഫഹദ് ഫാസിൽ; എന്താണ് ഈ രോഗാവസ്ഥ? അറിയേണ്ടതെല്ലാം
* കുട്ടികളിലെ അമിത വികൃതിയും ശ്രദ്ധക്കുറവും അറിഞ്ഞിരിക്കണം
തിരുവനന്തപുരം: (KasaragodVartha) തനിക്ക് എഡിഎച്ച്ഡി രോഗാവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) എന്നത് കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇതിനെ മുൻപ് ഹൈപ്പർ കൈനറ്റിക് ഡിസോർഡർ എന്നും വിളിച്ചിരുന്നു. കുട്ടിയായിക്കുമ്പോൾ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാമെന്നും തനിക്ക് ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറഞ്ഞിട്ടുണ്ട്. അത്രയ്ക്ക് ഗുരുതരമാണോ ഈ രോഗം?
എഡിഎച്ച്ഡിയുടെ പ്രശ്‌നങ്ങൾ
കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് അമിത വികൃതിയും ശ്രദ്ധക്കുറവും. പലപ്പോഴും ഇത് കുട്ടികളുടെ പ്രകൃതം എന്ന രീതിയിലാണ് കാണാറുള്ളത്. എന്നാൽ, ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ വിടുന്നത് കുട്ടികളുടെ പഠനത്തെയും വികാസത്തെയും പ്രതികൂലമായി ബാധിക്കാൻ ഇടയാക്കും. ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നത് എഡിഎച്ച്ഡി പ്രശ്നത്തിന്റെ സൂചന ആകാം.
എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ
* ശ്രദ്ധക്കുറവ്: നിർദേശങ്ങൾ പാലിക്കാൻ ബുദ്ധിമുട്ട്, കളിപ്പാട്ടങ്ങൾ പോലുള്ള സാധനങ്ങൾ എളുപ്പം നഷ്ടപ്പെടുത്തുക, പാഠങ്ങൾ ശ്രദ്ധിക്കുന്നതിൽ ബുദ്ധിമുട്ട്, വായിച്ചത് മനസ്സിലാക്കാൻ ബുദ്ധിമുട്ട് എന്നിവ.
* അമിത വികൃതിയും എടുത്തുചാട്ടവും: സ്ഥിരമായി നിശബ്ദമായി ഇരിക്കാൻ പറ്റാത്ത അവസ്ഥ, അമിതമായി സംസാരിക്കുക, ക്ലാസിൽ അടങ്ങി ഇരിക്കാൻ ബുദ്ധിമുട്ട്, കസേരയിൽ ശാന്തമായി ഇരിക്കാൻ പറ്റാത്ത അവസ്ഥ എന്നിവ.
* പ്രവർത്തന നിയന്ത്രണ പ്രശ്നങ്ങൾ: ക്ഷമ ഇല്ലായ്മ, തട്ടിക്കയറുക, ഊഴം കാത്തു നിൽക്കാൻ ബുദ്ധിമുട്ട്, വസ്തുക്കൾ എടുത്തു കളിക്കുക എന്നിവ.
* മറവി: എഡിഎച്ച്ഡി ബാധിച്ചവർക്ക് വിവരങ്ങൾ ശ്രദ്ധിക്കാനും ഓർമിക്കാനും ബുദ്ധിമുട്ടാണ്. കാരണം അവരുടെ ശ്രദ്ധ എളുപ്പത്തിൽ മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് തിരിഞ്ഞു പോകും. വസ്തുക്കൾ എവിടെ വെച്ചു എന്ന് ഓർക്കാനും കാര്യങ്ങൾ ചെയ്യാൻ മറക്കാനും കാരണമാകും.
രോഗനിർണയവും ചികിത്സയും
ഒരു മാനസികാരോഗ്യ വിദഗ്ധനാണ് എഡിഎച്ച്ഡി രോഗനിർണയം നടത്തുകയും ചികിത്സ നിർദേശിക്കുകയും ചെയ്യുന്നത്. രോഗലക്ഷണങ്ങളെക്കുറിച്ചും കുട്ടികളുടെ പെരുമാറ്റത്തെക്കുറിച്ചും വിശദമായ വിവരം എടുക്കുകയും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ചിലപ്പോൾ മനഃശാസ്ത്ര പരിശോധനകളും നടത്താറുണ്ട്. ചികിത്സയിൽ പ്രധാനമായും പെരുമാറ്റ ചികിത്സയും മരുന്നുകളും ഉൾപ്പെടുന്നു. രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികളെ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകുന്നതും ചികിത്സയുടെ ഭാഗമാണ്.
കുട്ടികളെ പിന്തുണയ്ക്കുക
എഡിഎച്ച്ഡി ബാധിച്ച കുട്ടികൾക്ക് പഠനം, സാമൂഹിക ഇടപെടൽ, ദൈനംദിന ജീവിതം എന്നിവയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഈ കുട്ടികളെ പിന്തുണയ്ക്കുന്നതിനും അവരുടെ ജീവിതം എളുപ്പമാക്കുന്നതിനും രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർക്ക് ചെയ്യാൻ കഴിയുന്നപല കാര്യങ്ങളുണ്ട്.
* കുട്ടിയുടെ ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും അവരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
* സ്ഥിരമായ ദിനചര്യ നിലനിർത്തുക, ഇത് കുട്ടിക്ക് അവരുടെ ജോലികളും ഉത്തരവാദിത്തങ്ങളും ഓർമ്മിക്കാനും കൈകാര്യം ചെയ്യാനും സഹായിക്കും.
* ടിവി കാണുന്നത്, വീഡിയോ ഗെയിമുകൾ കളിക്കുന്നത് തുടങ്ങിയ അമിതമായ ഉത്തേജനം ഉള്ള പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുക.
* പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ധാരാളം ഉറങ്ങുക, പതിവായി വ്യായാമം ചെയ്യുക എന്നിവയ്ക്ക് പ്രാധാന്യം നൽകുക.
* കുട്ടിയുടെ ലക്ഷണങ്ങളെക്കുറിച്ച് അധ്യാപകരെ അറിയിക്കുകയും പഠനത്തിനും പെരുമാറ്റത്തിനും സഹായകരമായ തന്ത്രങ്ങൾ വികസിപ്പിക്കാൻ സഹകരിക്കുകയും ചെയ്യുക.
* കുട്ടിയുടെ നല്ല പെരുമാറ്റം പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
എഡിഎച്ച്ഡി ഉള്ള കുട്ടികൾക്ക് വിജയകരവും സന്തോഷകരവുമായ ജീവിതം നയിക്കാൻ കഴിയും. ശരിയായ പിന്തുണയും ഇടപെടലുകളും കൊണ്ട് കഴിവുകൾ വികസിപ്പിക്കാനും ജീവിതത്തിൽ വിജയിക്കാനും അവർക്ക് സാധിക്കും. ഫഹദ് ഫാസിൽ തന്നെ ഇപ്പോൾ അതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ്.